500 രൂപയുണ്ടെങ്കിൽ നിങ്ങൾക്കും ജയിലിൽ കിടക്കാം

ബാം​ഗ്ലൂർ: ടൂറിസ്റ്റ് ആയി ജയിലിൽ കിടക്കാൻ അവസരം. ജയിൽ പുള്ളികൾക്കൊപ്പം അവരിലൊരാളായി ഒരു ദിവസം മുഴുവൻ ചിലവിടാം. ഇതിനായി അവസരം നൽകുകയാണ് കർണാടക ബെലാഗവിയിലെ ഹിൻഡൽഗ സെൻട്രൽ ജയിൽ. ജയിൽ ടൂറിസം വഴി ജനങ്ങളെ ജയിൽ ജീവിതം എന്തെന്ന് അറിയിക്കുകയാണ് ലക്ഷ്യം. ഇതിനായുള്ള നിർദേശം സമർപിച്ച്‌ അനുമതിക്കായി കാത്തിരിക്കുകയാണ് ജയിൽ അധികൃതർ.

ജയിലിനുള്ളിലെ തടവുകാരുടേതിന് സമാനമായായിരിക്കും ഒരു ദിവസം മുഴുവൻ അധികൃതർ പെരുമാറുക. ജയിൽ ജീവിതരീതികൾ പൂർണമായും അനുസരിക്കേണ്ടി വരും. ജയിൽ യൂനിഫോം നിർബന്ധം. പുലർചെ ജയിൽ പുള്ളികൾക്കൊപ്പം തന്നെ എഴുന്നേൽക്കണം. ജയിലിലെ ജോലികൾ ചെയ്യണം. സെലിൽ മറ്റ് ജയിൽ പുള്ളികൾക്കൊപ്പം താമസിക്കണം.

അഞ്ച് മണിക്കാണ് ജയിലിലെ ഒരു ദിവസം ആരംഭിക്കുന്നത്. സെൽ വൃത്തിയാക്കി എത്തിയാൽ ചായ. ഒരു മണിക്കൂറിന് ശേഷം പ്രാതൽ. 11.30യ്ക്ക് ഊണ്. പിന്നെ രാത്രി ഏഴ് മണിക്ക് മാത്രം ആഹാരം. എത്തുന്നത് ശനി, ഞായർ ദിവസങ്ങളിലാണെങ്കിൽ മാംസാഹാരം ലഭിക്കും.

വധശിക്ഷ കാത്തിരിക്കുന്ന 29 കുറ്റവാളികളുള്ള ജയിലാണ് ഹിൻഡൽഗ സെൻട്രൽ ജയിൽ. ഇതിനിടയിലാകും ഒരു ദിവസത്തെ താമസം. യഥാർഥ ജയിൽ ജീവിതം എന്താണെന്ന് അറിഞ്ഞാൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ നിന്ന് ആളുകൾ പിന്തിരിയുമെന്നാണ് ജയിൽ ടൂറിസം എന്ന ആശയത്തന്റെ ലക്ഷ്യം.

Related posts

Leave a Comment