ഈ വര്‍ഷം ജയിലിലടയ്ക്കപ്പെട്ടത് 488 മാധ്യമപ്രവര്‍ത്തകര്‍ ; അപകടകരമായ രാജ്യങ്ങളില്‍ ഇന്ത്യയും


പാരീസ്: ലോകത്ത് മാധ്യമ പ്രവർത്തനം അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. ലോകത്ത് 2021ൽ ഏറ്റവും കൂടുതൽ മാധ്യമ പ്രവർത്തകർ കൊലചെയ്യപ്പെട്ട രാജ്യങ്ങളിൽ നാലാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. മാധ്യമസ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എഫ് എന്ന എന്‍.ജി.ഒ പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ വര്‍ഷം ലോകത്താകെ  488 മാധ്യമപ്രവര്‍ത്തകരാണ് ജയിലലടയ്ക്കപ്പെട്ടത്. 25 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 2021ല്‍ വിവിധ രാജ്യങ്ങളിലായി  46 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം പ്രകാരം മെക്‌സിക്കോയും അഫ്ഗാനിസ്ഥാനുമാണ് മാധ്യമപ്രവര്‍ത്തനത്തിന് ഏറ്റവും അപകടരമായ രാജ്യങ്ങളായി ആര്‍.എസ്.എഫ് കണക്കാക്കുന്നത്. ആറ് മാധ്യമപ്രവര്‍ത്തകരാണ് ഇരു രാജ്യങ്ങളിലും കൊല്ലപ്പെട്ടത്. യമനും ഇന്ത്യയുമാണ് തൊട്ട് പിറകിലുള്ള രാജ്യങ്ങൾ. നാല് മാധ്യമപ്രവര്‍ത്തകരാണ് ഈ രാജ്യങ്ങളില്‍ കൊല്ലപ്പെട്ടത്.
പതിവ് പോലെ ഈ വര്‍ഷവും ചൈനയാണ് ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകരെ ജയിലിലടച്ചിരിക്കുന്നത്. 127 മാധ്യമപ്രവര്‍ത്തകരെയാണ് ചൈന ഈ വര്‍ഷം അഴിക്കുള്ളിലാക്കിയത്. ആര്‍.എസ്.എഫ് ഈ കണക്കുകള്‍ ശേഖരിക്കാന്‍ തുടങ്ങിയ 1995 മുതല്‍ ജയലയ്ക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം ഇത്രത്തോളം ഉയര്‍ന്നിട്ടില്ലെന്ന് ആര്‍.എസ്.എഫ് പ്രസ്താവനയില്‍ പറഞ്ഞു. മ്യാന്‍മര്‍, ബെലാറസ്, ഹോങ്‌കോങ് എന്നിവിടങ്ങളിലെ മാധ്യമങ്ങള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ മൂലം തടവിലാക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണത്തില്‍ 20 ശതമാനം ഉയര്‍ച്ചയാണ് ഈ വര്‍ഷമുണ്ടായത്. 46 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ ഭൂരിപക്ഷവും ആസൂത്രിത കൊലപാതകങ്ങളായിരുന്നുവെന്നും ആര്‍.എസ്.എഫ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

Related posts

Leave a Comment