മൊത്തം രോഗികളില്‍ 42.24% കേരളത്തില്‍, സുപ്രീം കോടതി ഇടപെടും

ന്യൂഡല്‍ഹിഃ ദേശീയ തലത്തില്‍ രോഗികളുടെ എണ്ണം വളരെ വേഗം കുറയുമ്പോള്‍ കേരളത്തില്‍ മാത്രം പുതിയ രോഗികളുടെ എണ്ണത്തില്‍ വലിയ കുതിപ്പ്. നിലവിലെ സ്ഥിതിയില്‍ ആകെയുള്ള രോഗികളുടെ 42.24 ശതമാനവും കേരളത്തിലാണ്. ദേശീയതലത്തില്‍ ടിപിആര്‍ രണ്ടു ശതമാനത്തിലേക്കു താഴുമ്പോള്‍ കേരളത്തില്‍ 11.97 ശതമാനമാണ്. രാജ്യത്ത് മൊത്തം 41384 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ മാത്രം 17,481 പേര്‍ക്കും.

കേരളത്തിലെ കോവിഡ് പ്രതിരോധം ശരിയായ രീതിയിലല്ലെന്ന് ഐസിഎംആര്‍ വിദഗ്ധര്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. കോവിഡിന്‍റെ അശാസ്ത്രീയ പ്രതിരോധത്തില്‍ സുപ്രീം കോടതിയും സംസ്ഥാന സര്‍ക്കാരിനെതിരേ വിമര്‍ശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ഇളവു മൂലം രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും സുപ്രീം കോടതി ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇളവുകള്‍ക്ക് ശേഷം വലിയ തോതിലാണ് രോഗികളുടെ എണ്ണം ഉയരുന്നത്. കഴിഞ്ഞ ദിവസം റെക്കോഡ് വളര്‍ച്ചയും.

ഇന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ഃ

ഇന്നലെ പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ഃ 41,383

രോഗമുക്തി നേടിയവര്‍ഃ 38652

ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ഃ 3,12,57,720

രോഗമുക്തി നേടിയവര്‍ഃ 3,04,29,339

ആകെ മരണ സംഖ്യഃ 4,09,394

ഒരു ഡോസ് വാക്സിന്‍ എങ്കിലും സ്വീകരിച്ചവര്‍. 41,78,51,151

ഈ മാസം 21 വരെ 45,019,11,712 പേരേയാണു പരിശോധിച്ചത്. ഇന്നലെ മാത്രം 17,18,439 പേരുടെ സാമ്പിള്‍ പരിശോധിച്ചു. ഇപ്പോഴത്തെ നിലയില്‍ രാജ്യത്തെ മുഴുവന്‍ പൗരന്മാരെയും പരിശോധിക്കുന്നതിനു മാത്രം മൂന്നു മുതല്‍ നാലു വരെ മാസങ്ങളെടുത്തേക്കും. ഇവര്‍ക്കെല്ലാം വാക്സിന്‍ ലഭ്യമാക്കാനും അതിനെക്കാള്‍ കൂടുതല്‍ സമയമെടുക്കും. അതിനിടയിലാണ് മൂന്നാം തരംഗത്തിന്‍റെ ആശങ്ക. ഏതായാലും അടുത്ത ആറുമാസം കൂടിയെങ്കിലും കോവിഡ് നമുക്കിടയില്‍ സജീവമായുണ്ടാകുമെന്നാണ് ഐസിഎംആര്‍ വിദഗ്ധരുടെ മുന്നറിയിപ്പ്.

Related posts

Leave a Comment