യു.പിയിലെ 40 ശതമാനം സീറ്റുകള്‍​ വനിതകള്‍ക്ക്​ നല്‍കും -പ്രിയങ്ക ഗാന്ധി

ലഖ്​നൗ: ഉത്തർപ്രദേശ്​ നിയമസഭ​ തെരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റുകൾ വനിതകൾക്ക്​ നൽകുമെന്ന്​ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നിയസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കായി ലഖ്​നൗവിലെത്തി മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു പ്രിയങ്ക .

” സ്​ത്രീകൾ ഉത്തർപ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പിൽ സജീവമായുണ്ടാകും. രാഷ്​ട്രീയ പാർട്ടികൾ ചിന്തിക്കുന്നത്​ എൽ.പി.ജി സിലിണ്ടർ നൽകി സ്​ത്രീകളെ സംതൃപ്​തരാക്കാമെന്നാണ്​. സ്​ത്രീകൾക്ക്​ ഇത്രയും പ്രാതിനിധ്യം നൽകാൻ തീരുമാനിക്കുന്നത്​ ഉന്നാവോ ബലാംത്സംഗ ഇരക്കും, ഹഥ്രസിൽ നീതി ലഭിക്കാത്ത പെൺകുട്ടിക്കും, ലഖിംപൂർ ഖേരിയിൽ വെച്ച്‌​ കണ്ടപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രിയാക​ണമെന്ന്​ ആഗ്രഹം ​പ്രകടിപ്പിച്ച പെൺകുട്ടിക്കും വേണ്ടിയാണ്​. ഉത്തർ പ്രദേശ്​ പുരോഗമിക്കണമെന്ന്​ ആഗ്രഹിക്കുന്ന ഓരോ പെൺകുട്ടിക്കും വേണ്ടിയാണ്​ ഈ തീരുമാനം. വിദ്വേഷ രാഷ്​ട്രീയത്തെ അവസാനിപ്പിക്കാൻ സ്​ത്രീകൾക്കേ കഴിയൂ” -പ്രിയങ്ക പറഞ്ഞു. ​ സ്​ത്രീകളോട്​ തന്റെ തോളോട്​ തോൾ​ ചേർന്ന്​ തെരഞ്ഞെടുപ്പ്​ പോരാട്ടത്തിന്​ ഇറങ്ങാനും പ്രിയങ്ക ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ്​ അടുക്കുന്നതോടെ ലഖ്​നൗവിൽ സ്ഥിരതാമസമാക്കി തെരഞ്ഞെടുപ്പ്​ പ്രചാരണത്തിൽ സജീവമാക്കാനാണ്​ പ്രിയങ്കയുടെ പദ്ധതി. ഉത്തർപ്രദേശിൽ കോൺഗ്രസ്​ ഇപ്പോൾ നടത്തുന്ന കാമ്പയിൻ മുമ്പത്തെ രണ്ടെണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ​ ഏറെ വ്യത്യസ്​തമാണ്​.
കർഷകരെ കാറിടിച്ചുകൊന്ന സംഭവത്തിൽ വീട്ടുതടങ്കലിലായതും ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിച്ചതും പിന്നാലെ നരേന്ദ്ര മോദിയുടെ തട്ടകമായ വാരണാസിയിലെ ഉജ്ജ്വല റാലിയും പ്രിയങ്കയെ കൂടുതൽ പ്രിയങ്കരിയാക്കിയിട്ടുണ്ട്​. യു.പിയിൽ പ്രിയങ്കയെക്കുറിച്ചും കോൺഗ്രസിനെക്കുറിച്ചും ആളുകൾ കൂടുതൽ സംസാരിച്ചു തുടങ്ങിയതായി​ ‘ദ ക്വിൻറ്​’ റിപ്പോർട്ട്​ ചെയ്യുന്നു. പ്രിയങ്ക വന്നതോടെ വർഷങ്ങൾക്കുശേഷം അടിത്തട്ടിലടക്കം പാർട്ടി കൂടുതൽ ചലനാത്​മകമായിട്ടുണ്ട്​.

Related posts

Leave a Comment