കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്ഃ നാലു പേര്‍ അറസ്റ്റില്‍

തൃശൂര്‍ഃ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന സാമ്പത്തികത്തട്ടിപ്പില്‍ ജീവനക്കാരും സിപിഎം നേതാക്കളുമായ നാലുപേരെ അറസ്റ്റ് ചെയ്തു. സിപിഎം പൊറത്തിശേരി ല ലോക്കല്‍ കമ്മിറ്റി അംഗം ബിജു കരീം, കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം സുനില്‍ കുമാര്‍,കരുവന്നൂര്‍‌ ബ്രാഞ്ച് കമ്മിറ്റി അംഗം ജില്‍സ്, മറ്റൊരു പാര്‍ട്ടി അംഗം ബിജോയി എന്നിവരാണ് അറസ്റ്റിലായത്. ഗൂഢാലോചന, വഞ്ചന, പണാപഹരണം, വ്യാജ രേഖ ചമയ്ക്കല്‍ എന്നിവയാണ് ഇവര്‍ക്കെതിരേ ഉന്നയിച്ചിട്ടുള്ള കുറ്റങ്ങള്‍. നാലു പേരും ബാങ്കിലെ ജീവനക്കാരാണ്.

ബിജു കരീം ബ്രാഞ്ച് മാനേജരാണ്. സുനില്‍ കുമാറാണ് ബാങ്കിന്‍റെ മാനെജിംഗ് ഡയറക്റ്റര്‍. ജില്‍സ് ചീഫ് അക്കൗണ്ടന്‍റാണ്. 125 കോടിയുടെ സാമ്പത്തിക തട്ടിപ്പാണ് ഇവര്‍ നടത്തിയതെന്നാണു സഹകരണ രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം നടന്ന തിരിമറിയാണ്. എന്നാല്‍ ആറു വര്‍ഷമായി ഇവിടെ സമാന രീതിയില്‍ തട്ടിപ്പുകള്‍ നടന്നു വരികയാണ്. ഒട്ടാകെ മുന്നൂറു കോടി രൂപയെങ്കിലും പ്രതികള്‍ അപഹരിച്ചിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. ഇവര്‍ തേക്കടിക്കടുത്ത് കൂറ്റന്‍ റിസോര്‍ട്ട് നിര്‍മിച്ചു വരികയായിരുന്നു. ബാങ്കില്‍ നിന്നു തട്ടിയെടുത്ത പണം സ്വകാര്യ നിക്ഷേപമാക്കി, ലാഭം നേടുകയായിരുന്നു ലക്ഷ്യം.

തെരഞ്ഞെടുപ്പികളിലടക്കം സിപിഎം-സിപിഐ നേതാക്കള്‍ക്കു വലിയ തോതില്‍ സാമ്പത്തിക സഹായം നല്‍കിയതിനാല്‍ രാഷ്‌ട്രീയ സംരക്ഷണം ലഭിച്ചതാണ് തട്ടിപ്പ് അനുസ്യൂതം തുടരാന്‍ സഹായകരമായത്. ബാങ്കിന്‍റെ ഡയറക്റ്റര്‍ ബോര്‍ഡിലേക്ക് ഇഷ്ടക്കാരെ അവരോധിക്കാനും ഇവര്‍ക്കു കഴിഞ്ഞു. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനു വരെ അറിവുണ്ടായിരുന്നിട്ടും അഴിമതി മൂടിവച്ചത് വേണ്ടപ്പെട്ടവര്‍ക്ക് വലിയ സാമ്പത്തിക നേട്ടം ലഭിച്ചതിനാലാണെന്നാണ് അംഗങ്ങളുടെ സംശയം.

തട്ടിപ്പിനെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് എന്തു തെളിവു വേണമെങ്കിലും നല്‍കാന്‍ തയാറാണെന്ന് ഇടപാടുകാര്‍ പറയുന്നു. ജപ്തിഭീഷണി മൂലം ഒരാള്‍ ആത്മഹത്യ ചെയ്തതു വലിയ തോതില്‍ ജനരോഷമുണ്ടാക്കി. അപേക്ഷിക്കാത്തവര്‍ക്കു വായ്പ അനുവദിച്ചും വ്യാജ പ്രമാണങ്ങള്‍ ചമച്ചു കമ്മിഷന്‍ വ്യവസ്ഥയില്‍ വായ്പ ക്രമപ്പെടുത്തിയുമായിരുന്നു തട്ടിപ്പ്. മൂന്നു ജീവനക്കാരും ഒരു കമ്മിഷന്‍ ഏജന്‍റും മാത്രം നടത്തിയത് 75 കോടിയുടെ തട്ടിപ്പെന്നും കണ്ടെത്തിയിട്ടുണ്ട്.

Related posts

Leave a Comment