രാജ്യത്തിന്ന് 30,941 പേര്‍ക്ക് കോവിഡ്, കേരളത്തിന് എട്ട് ലക്ഷം ഡോസ് വാക്സിന്‍ കൂടി

ന്യൂഡല്‍ഹി രാജ്യത്തു പുതുതായി 30,941 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടയില്‍ 36,275 പേര്‍ രോഗമുക്തി നേടിയെന്നും ആരോഗ്യമന്ത്രാലയം. 350 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ആക്റ്റിവ് കേസുകളുടെ എണ്ണം 3,70,640. ഇതുവരെ 3,19,59,680 പേര്‍ക്കാണ് രോഗം വന്നുപോയത്. ആകെ മരണ സംഖ്യ 4,38,560. 64.05 കോടി പേര്‍ക്ക് ഇതിനകം വാക്സിന്‍ നല്‍കി.

കേരളത്തിലേക്ക് എട്ട് ലക്ഷം ഡോസ് വാക്സിന്‍ കൂടി ഉടനെത്തും.

വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി നടന്നുവരുന്ന അധ്യാപകരുടെ വാക്‌സിനേഷന്‍ അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്‌സിനെടുക്കാന്‍ ശേഷിക്കുന്ന അധ്യാപകര്‍, മറ്റ് സ്‌കൂള്‍ ജീവനക്കാര്‍ എന്നിവര്‍ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 4,78,635 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 1,459 സര്‍ക്കാര്‍ കേന്ദ്രങ്ങളും 373 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1832 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 2,86,31,227 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 2,09,75,647 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 76,55,580 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. 2021ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷന്‍ അനുസരിച്ച് 59.20 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 21.61 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 73.02 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 26.66 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തിന് 8,00,860 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി. ഇതില്‍ 5,09,640 ഡോസ് വാക്‌സിന്‍ ഞായറാഴ്ചയും 2,91,220 ഡോസ് വാക്‌സിന്‍ തിങ്കളാഴ്ചയുമാണ് എത്തിയത്. തിരുവനന്തപുരം 2,72,000, എറണാകുളം 3,14,360, കോഴിക്കോട് 2,14,500 എന്നിങ്ങനെ ഡോസ് വാക്‌സിനാണെത്തിയത്. ഇതുകൂടാതെ 15 ലക്ഷം എ.ഡി. സിറിഞ്ചും ലഭ്യമായിട്ടുണ്ട്.

Related posts

Leave a Comment