30 വര്‍ഷത്തെ സേവനമികവ്; ഡോക്ടര്‍ പ്രേംകുമാറിന് യുഎഇ ഗോള്‍ഡന്‍ വിസ

ദുബായ്: യുഎഇയിലെ ആരോഗ്യ പരിചരണ മേഖലയില്‍ 30 വര്‍ഷം നീണ്ട സേവനമികവുള്ള ഡോ. പ്രേംകുമാറിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായ് ദേര, നൈഫ് റോഡിലെ അലി മെഡിക്കല്‍ സെന്ററിലെ മെഡില്‍ ഡയറക്ടറായ ഡോക്ടര്‍ പ്രേം കുമാര്‍ തിരുവനന്തപുരം വര്‍ക്കല സ്വദേശിയാണ്. സാധാരണക്കാരുടെ പ്രിയപ്പെട്ട ഡോക്ടറായി അറിയപ്പെടുന്ന അദ്ദേഹത്തിന്റെ ആരോഗ്യ രംഗത്തെ മതൃകാപരമായ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് യുഎഇ അധികൃതര്‍ പത്തു വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചിരിക്കുന്നത്. ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, രക്ത സമ്മര്‍ദ്ദം, ആസ്ത്മ, സന്ധിവാതം എന്നിവയ്ക്ക് കഴിഞ്ഞ 31 വര്‍ഷക്കാലമായി വിദഗ്ധ ചികിത്സ നല്‍കിവരികയാണ് ഡോ. പ്രേം കുമാര്‍.

നൈഫിലെയും, ദേരയിലേയുമടക്കമുള്ള സാധാരണക്കാരായ പ്രവാസി മലയാളികള്‍ക്കും, മറ്റ് ദേശക്കാര്‍ക്കുമെല്ലാം കുറഞ്ഞ നിരക്കില്‍ വര്‍ഷങ്ങളായി ചികിത്സ നല്‍കുന്ന ഡോക്ടര്‍ അവര്‍ക്കിടയിലെ ജനകീയനായ ഡോക്ടറായും അറിയപ്പെടുന്നു. കോവിഡ് 19ന്റെ ആരംഭ ഘട്ടത്തില്‍ നൈഫ് ഭാഗത്ത് രൂക്ഷമായ വൈറസ് വ്യാപനമുണ്ടായപ്പോള്‍ ക്ലിനിക്ക് തുറന്നുവെച്ച് ജനങ്ങള്‍ക്ക് സേവനമെത്തിക്കാനും, ആശ്വാസം പകരാനും മുന്നണിയിലുണ്ടായിരുന്നു ഡോ. പ്രേം കുമാര്‍. ആവശ്യക്കാര്‍ക്ക് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സൗജന്യമായി മാസ്‌കുകളും പിപിഇ കിറ്റുകളും വിതരണം ചെയ്യുകയും ചെയ്തു.

വര്‍ക്കല ശ്രീനാരായണ കോളേജില്‍ നിന്നും 1978 ല്‍ സുവോളജിയില്‍ ഒന്നാം റാങ്കോടെയാണ് ഡോക്ടര്‍ പ്രേം കുമാര്‍ പാസായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസും മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ഡി.യും പൂര്‍ത്തിയാക്കി. 1990ല്‍ യുഎഇയില്‍ എത്തിയ ഡോക്ടര്‍ പ്രേംകുമാര്‍ 31 വര്‍ഷത്തെ സ്‌നേഹ പൂര്‍ണമായ പരിചരണവും ചികിത്സയും കൊണ്ടാണ് സാധരണക്കാരുടെ സ്വന്തം ഡോക്ടര്‍ എന്ന വിളിപ്പേര് സ്വന്തമാക്കിയത്. വാസവന്റെയും സാവിത്രിയുടെയും മകനാണ്. ഭാര്യ ഷക്കീല പ്രേംകുമാര്‍. മകള്‍ ഡോക്ടര്‍ സാന്ദ്ര പ്രേം കുമാര്‍ അബുദാബി എന്‍എംസി. ആശുപത്രിയില്‍ സ്‌പെഷ്യലിസ്റ്റ് ഡെര്‍മറ്റോളജിസ്റ്റായി ജോലി ചെയ്യുന്നു. മകന്‍ സായക് പ്രേംകുമാര്‍ എം.എം.ബി.സ് പഠനം പൂര്‍ത്തിയാക്കി ഇന്റേണ്‍ഷിപ് ചെയ്യുന്നു. കാര്‍ഡിയോളോജിസ്റ്റായ മരുമകന്‍ ഡോക്ടര്‍ അരുണ്‍ ഹരി ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിയില്‍ ബാംഗ്ലൂര്‍ ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജിയില്‍ ഫെല്ലോഷിപ് ചെയ്യുന്നു. 
യു.എ.ഇ ഗോൾഡൺ വിസ ലഭിച്ച ഡോക്ടര്‍ പ്രേംകുമാറിനെ ചിരന്തന സാംസ്കാരിക വേദി പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലിയുടെ നേതൃത്വത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചു.

Related posts

Leave a Comment