മൂന്നു കോടിയും വാക്സിനേഷനു പുറത്ത്, നാളെ മുതല്‍ മുടങ്ങും

കൊച്ചിഃ സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി അതിരൂക്ഷം. രാജ്യത്തെ മൊത്തം കോവിഡ് രോഗികളില്‍ പകുതിയോളം പേര്‍ കേരളത്തിലാണ്. രോഗവ്യാപനത്തിലും സംസ്ഥാനമാണു മുന്നില്‍ എന്നിട്ടും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം വലിയ അലംഭാവമാണു കാണിക്കുന്നതെന്നു വിദഗ്ധര്‍. കോവിഡ് പ്രതിരോധത്തില്‍‌ സര്‍ക്കാരിന്‍റെ പിടിപ്പുകേടാണ് കോവിഡ് നിയന്ത്രണത്തിലെ പരാജയമെന്ന് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നു. സംസ്ഥാനത്ത് മൂന്നു കോടി ആളുകളും വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ല.

അതിനിടെ സംസ്ഥാനത്ത് കോവിഡ് പ്രതിരോധ വാക്സിന്‍ സ്റ്റോക്ക് തീര്‍ന്നു. ചൊവ്വാഴ്ച മുതല്‍ പ്രതിരോധ കുത്തി വയ്പ് മുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പുതുതായി ഒന്നര ലക്ഷം ഡോസ് വാക്സിന്‍ വ്യാഴാഴ്ച എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. എണ്‍പത് ലക്ഷം ഡോസിനു വേണ്ടി കേരളം കാത്തിരിക്കുകയാണെന്നും മന്ത്രി.

അശാസ്ത്രീയനിയന്ത്രണ രീതികള്‍ ആള്‍ക്കൂട്ടമുണ്ടാക്കാനേ ഉപകരിക്കൂ എന്നാണ് ഒരു വാദം. ഒരു വശത്ത് കര്‍ശന നിയന്ത്രണങ്ങളോടെ കടകമ്പോളങ്ങള്‍ അടച്ചിടുകയും മറുവശത്ത് ആള്‍‌ക്കൂട്ടം രൂപപ്പെടാന്‍ സഹായിക്കുന്ന തരത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കുന്നതുമാണ് കേരളത്തില്‍ കോവിഡ് കുറയാതെ നില്‍ക്കാന്‍ കാരണമെന്നാണു വിലയിരുത്തപ്പെടുന്നത്. സംസ്ഥാനമത്ത് ഇതുവരെ 56,21,752 പേര്‍ക്കു മാത്രമാണ് രണ്ടു ഡോസ് വാക്സിന്‍ നല്‍കിയത്. ഇതു 2021ലെ കല്പിത ജനസംഖ്യയുടെ 7.21 ശതമാനം മാത്രമാണ്. ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 39.01 ശതമാനവും.

ഈ വര്‍ഷം പുറത്തുവരേണ്ടിയിരുന്ന കനേഷുമാരിപ്രകാരം കേരളത്തിലെ ജനസംഖ്യ 3.51 കോടിയാണ്. 1,29,69,475 പേര്‍ക്ക് ഒരു ഡോസും 56,21,752 പേര്‍ക്ക് രണ്ടു ഡോസും ലഭിച്ചു. ഇതു ദേശീയ ശരാശരിയെക്കാള്‍ മുകളിലാണെങ്കിലും വികസിത സംസ്ഥാനങ്ങളില്‍ അന്‍പതു ശതമാനത്തോളം പേര്‍ക്ക് രണ്ടു ഡോസ് വാക്സിന്‍ പൂര്‍ത്തിയാക്കി. അവിടങ്ങളില്‍ഡ കോവിഡ് വ്യാപനവും കുറഞ്ഞു. ഡല്‍ഹി അടക്കമുള്ള പല സംസ്ഥാനങ്ങളിലും രോഗവ്യാപനം നൂറു പേരില്‍ താഴെയായിട്ടുണ്ട്.

ആവശ്യത്തിന് വാക്‌സിന്‍ ലഭ്യമാക്കാത്തത് മൂലം സംസ്ഥാനത്ത് കടുത്ത വാക്‌സിന്‍ ക്ഷാമമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ വാക്‌സിന്‍ സ്‌റ്റോക്ക് ഏകദേശം അവസാനിച്ചത് പോലെയാണ്. ചൊവ്വാഴ്ച വിതരണം ചെയ്യാനുള്ളത് വളരെ ചെറിയ എണ്ണം ഡോസ് മാത്രമാണ്. പല ജില്ലകളിലും വാക്‌സിന്‍ തീര്‍ന്നു കഴിഞ്ഞു. വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിരന്തരം അഭ്യര്‍ത്ഥിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയത് 1.66 കോടി ഡോസാണ്. 1.87 കോടിയോളം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ നമുക്ക് സാധിച്ചു. 45 വയസിന് മുകളിലുള്ളവര്‍ക്ക് 76 ശതമാനം ആളുകള്‍ക്ക് ആദ്യഡോസ് വാക്‌സിനും 35 ശതമാനം ആളുകള്‍ക്ക് രണ്ടാം ഡോസും നില്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചു. ശേഷിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് കൂടി വാക്‌സിന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.

വാക്‌സിന്‍ സംബന്ധിച്ച് കേന്ദ്രമന്ത്രിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടു. കേരളത്തിന് വാക്‌സിന്‍ ലഭ്യമാക്കേണ്ടവര്‍ തന്നെ ഇങ്ങനെ പറയുന്നതില്‍ നിര്‍ഭാഗ്യകരമാണ്. കേരളത്തില്‍ വളരെ സുതാര്യമായാണ് വാക്‌സിന്‍ വിതരണം നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കോവിന്‍ പോര്‍ട്ടലില്‍ നിന്നും ആര്‍ക്കും മനസിലാക്കാവുന്നതാണ്. അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കാനുള്ളത് ആവശ്യത്തിനനുസരിച്ച് കേരളത്തിന് വാക്‌സിന്‍ നല്‍കണമെന്നാണ്. അടുത്തമാസം 60 ലക്ഷം ഡോസ് വാക്‌സിന്‍ ആവശ്യമാണ്. കേന്ദ്രത്തിന്റെ ഏറ്റവും പുതിയ സിറൊ സര്‍വൈലന്‍സ് റിപ്പോര്‍ട്ട് പ്രകാരം 42 ശതമാനം പേരില്‍ മാത്രമാണ് ആന്റിബോഡിയുള്ളത്. 50 ശതമാനത്തിലധികം പേര്‍ക്ക് ഇനിയും രോഗം വരാന്‍ സാധ്യതയുള്ളവരാണ്. അതിനാല്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുക പ്രധാനമാണ്.

ഒരു ദിവസം നാലരലക്ഷത്തിലധികം ഡോസുകള്‍ വിതരണം ചെയ്ത് ചരിത്രം സൃഷ്ടിച്ച സംസ്ഥാന സര്‍ക്കാരിന് വലിയ വെല്ലുവിളിയാണ് നിലവിലെ വാക്‌സിന്‍ ക്ഷാമം. പതിവിന് വിപരീതമായി 18ന് ശേഷം കൂടുതല്‍ വാക്‌സിന്‍ ലഭിച്ചതിനാല്‍ കൂടുതല്‍ പേര്‍ക്ക് നല്‍കാനും കഴിഞ്ഞിട്ടുണ്ട്. വാക്‌സിന്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. കേന്ദ്രം വാക്‌സിന്‍ നല്‍കുന്ന മുറയ്ക്ക് എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related posts

Leave a Comment