ന്യൂഡൽഹി: പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുതിപ്പ് തുടരുന്നു. രാജ്യതലസ്ഥാനത്ത് രണ്ടാം തരംഗത്തിൽ രേഖപ്പെടുത്തിയ ആകെ രോഗികളുടെ എണ്ണം ഇന്നലെ മറികടന്നതായി ആരോഗ്യ മന്ത്രാലയം. രണ്ടാം തരംഗത്തിൽ 28,400 പേർക്കാണ് ഒരു ദിവസം പരമാവധി രോഗം വ്യാപിച്ചത്. എന്നാൽ ഇന്നലെ മാത്രം ഇത് 28,800 കടന്നു. രോഗികളുടെ എണ്ണം ഇനിയും കൂടുമെന്നാണ് സൂചന. മൂന്നാം തംരഗത്തിൽ രോഗവ്യാപനം അതി തീവ്രമാകുമെന്ന മുന്നറിയിപ്പാണ് വിദഗ്ധർ നൽകുന്നത്.
രാജ്യത്തൊട്ടാകെ 2,64,202 പേർക്കു പുതുതായി രോഗം സ്ഥിരീകരിച്ചു. ഇന്നലെ ഇത് 2,59,291 ആയിരുന്നു. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ
1.09,345 പേർ രോഗമുക്തി നേടി. 12,72,073 ആക്റ്റിവ് കേസുകളാണുള്ളത്. അതിനിടെ ഒമിക്രോൺ കേസുകളുടെ എണ്ണം 5,753 ആയി ഉയർന്നു. ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. ഒരു ദിവസത്തിനിടെ നാൽപത്തി ആറായിരത്തിൽ അധികം പേർക്ക് ആണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. മുംബൈയിൽ 17 ശതമാനം വർധനയാണ് രേഖപ്പെടുത്തുന്നത്. ഡൽഹിയിലെ കേസുകളിൽ റെക്കോഡ് പ്രതിദിന വർധനയാണ് ഉണ്ടായി. പോസിറ്റിവിറ്റി നിരക്ക് 28 ശതമാനത്തിൽ എത്തി. പശ്ചിമ ബംഗാളിൽ പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഉയർന്ന് 32.13 ശതമാനമായി. 14.78 ശതമാനമാണ് ദേശീയ ശരാശരി.
കേസുകൾ ഉയരുമ്പോഴും ദേശീയ ലോക്ക്ഡൗൺ ഉണ്ടാവില്ലെന്ന സന്ദേശമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ നൽകിയത്. കൊവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ ജനജീവിതത്തെ ബാധിക്കില്ലെന്ന് ഉറപ്പു വരുത്തണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിർദ്ദേശം. വാക്സീനാണ് വൈറസിനെതിരെയുള്ള പ്രധാന ആയുധമെന്നും മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ ലോക് ഡൗൺ ഉണ്ടാവില്ല. കസ്റ്ററുകളുടെ സ്ഥിതി കണക്കാക്കി ഇക്കാര്യത്തിൽ പ്രാദേശികമായി തീരുമാനമെടുക്കാം. കേരളത്തിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച് ഇന്നത്തെ വാരാന്ത്യ അവലോകന യോഗത്തിൽ തീരുമാനമുണ്ടാകും.
അതിനിടെ, രാജ്യത്ത് ഗ്രാമീണ മേഖലയിൽ രോഗവ്യാപനം വളരെ ഉയരുന്നത് ആശങ്കയുണ്ടാക്കുന്നു. നഗരങ്ങളിലും സെമി അർബൻ മേഖലകളിലും രോഗവ്യാപനം ഗണ്യമായി കുറഞ്ഞപ്പോൾ ഗ്രാമീണ മേഖലയിൽ വല്ലാതെ ഉയരുകയാണ്. ജനുവരി മൂന്നിന് നഗരങ്ങളിൽ 50 ശതമാനമായിരുന്നു വ്യാപന നിരക്ക്. 13 ആയപ്പോഴേക്കും അത് 35 ശതമാനമായി കുറഞ്ഞു. സെമി അർബൻ മേഖലയിൽ ഇത് ശരാശരി 30 ശതമാനമായി നിലനിന്നു. ചില ദിവസങ്ങളിൽ ഒന്നോ രണ്ടോ ശതമാനത്തിന്റെ വർധനയും കുറവും രേഖപ്പെടുത്തി. എന്നാൽ ജനുവരി മൂന്നിന് ആറ് ശതമാനമായിരുന്നു ഗ്രാമീണ മേഖലയിലെ വ്യാപന നിരക്ക്. 13ന് ഇത് 12 ശതമാനമായി ഉയർന്നു. പുതിയ കണക്കുകൾ നൽകുന്ന സൂചന പ്രകാരം ഗ്രാമങ്ങളിൽ നിരക്ക് ഇനിയും ഉയരും.