ഒമിക്രോൺ കേസുകൾ 213, കേരളം ആറാമത്, മൂന്നാംതരം​ഗ മുന്നറിയിപ്പ്

ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ 213 പേർക്ക് ഒമിക്രോൺ വൈറസ് ബാധിച്ചു. കൂടാതെ 90 പേർ രോ​ഗമുക്തി നേടി. രാജ്യത്തൊരിടത്തും ഒമിക്രോൺ ബാധിച്ച് ആരും മരിച്ചില്ലെന്ന് ആശ്വാസം. എന്നാൽ അടുത്ത ഫെബ്രുവരിയോടെ കോവിഡ് മൂന്നാം തരം​ഗത്തിനു സാധ്യത തള്ളാനാവില്ലെന്നു മുന്നറിയിപ്പ്.
ന്യൂഡൽഹിയിൽ 24 പേർക്ക് കൂടി കൊവിഡ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ ആകെ രോ​ഗികളുടെ എണ്ണം57 ആയി. ഡൽഹിയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ. മഹാരാഷ്‌ട്ര 54, തെലുങ്കാന 24, കർണാടക 19, രാജസ്ഥാൻ 18, കേരളം 15 എന്നിങ്ങനെയാണ് രാജ്യത്തെ ഒമിക്രോൺ കണക്ക്. 15 സംസ്ഥാനങ്ങളിൽ ഇതുവരെ വൈറസ് വകഭേദം റിപ്പോർട്ട് ചെയ്തു.
ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതർ ഡൽഹിയിലും മുംബൈയിലും ആണ്. ഒമിക്രോണിന് ഡെൽറ്റ വകഭേദത്തെക്കാൾ മൂന്നിരട്ടി വ്യാപന ശേഷിയുള്ളതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജില്ലാ പ്രാദേശിക അടിസ്ഥാനത്തിൽ കർശന നിരീക്ഷണവും , പരിശോധനയും ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
രാജ്യത്താകെ 137 കോടിപേർക്ക് കൊവിഡ് വാക്സിൻ എത്തിക്കാനായി എന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോ​ഗ്യമന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യ പാർലമെന്റിൽ അറിയിച്ചിരുന്നു. രണ്ട് തദ്ദേശീയ വാക്സിനുകൾക്ക് കൂടി അടിയന്തിര ഉപയോഗത്തിന് ഉടൻ അനുമതി നൽകും. പ്രതിമാസം 45 കോടി വാക്സിൻ ഉല്പാദിപ്പിക്കാനുള്ള ശേഷിയിലേക്കാണ് രാജ്യം എത്തുന്നത്. കൊവിഡ് പ്രതിരോധത്തിനായി അടിസ്ഥാന സൗകര്യം ഒരുക്കാൻ 23,000 കോടി രൂപ സംസ്ഥാനങ്ങൾക്കായി അനുവദിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രികളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരിക്കാനും കുട്ടികൾക്കായി പ്രത്യേക വാർഡുകൾ തയ്യാറാക്കാനുമാണ് ഈ തുക ചിലവിടുകയെന്നും ആരോഗ്യ മന്ത്രി രാജ്യസഭയെ അറിയിച്ചിരുന്നു.
അതിനിടെ, കേരളത്തിലെ കൊവിഡ് വാക്‌സിനേഷൻ 75 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 97.38 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്‌സിനും 75 ശതമാനം പേർക്ക് രണ്ടു ഡോസ് വാക്‌സിനും നൽകി. ഒമിക്രോൺ സാഹചര്യത്തിൽ പ്രത്യേക കൊവിഡ് വാക്‌സിനേഷൻ യജ്ഞങ്ങൾ നടക്കുകയാണ്. പത്തു ലക്ഷം ഡോസ് വാക്സീൻ കേരളത്തിൽ സ്റ്റോക്കുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽരാജ്യത്ത് 6,317 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 318 പേർക്കു ജീവഹാനി സംഭവിച്ചു. 6,906 പേർക്കു രോ​ഗമുക്തി കിട്ടി. ആക്റ്റിവ് കേസുകളുടെ എണ്ണം 575 ദിവസത്തെ കുറഞ്ഞ നിരക്കിൽ 76,190ലെത്തി.

Related posts

Leave a Comment