സംസ്ഥാനത്ത് വാക്‌സിൻ സ്വീകരിക്കാതെ 21 ലക്ഷം പേർ; വിശ്വാസങ്ങൾ മൂലമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോഴും വാക്‌സിന്‍സ്വീകരിക്കാതെ ലക്ഷങ്ങൾ എന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് മുഴുവന്‍ രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുമ്പോഴും കേരളത്തില്‍ ഇപ്പോഴും രോഗവ്യാപനം രൂക്ഷമാണ്. എന്നിട്ടും വാക്‌സിന്‍ എടുക്കുന്നവരുടെ എണ്ണം കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മതപരമായ വിശ്വാസങ്ങളും, അലര്‍ജി ഉള്‍പ്പെടെയുള്ള രോഗങ്ങളും, കുത്തിവയ്പ് എടുക്കില്ലെന്ന കടുംപിടുത്തവും മൂലമാണ് ഇത്രയും പേര്‍ വാക്‌സിന്‍ എടുക്കാത്തതെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. 18 വയസ്സ് കഴിഞ്ഞവരില്‍ 92.5 ശതമാനം പേരാണ് ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്തിട്ടുള്ളത്. 41 ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സിനും എടുത്തു. 18 വയസ്സിന് മുകളിലുള്ള രണ്ട് കോടി അറുപത്തിയെട്ട് ലക്ഷം പേര്‍ക്ക് വാക്‌സിന്‍ എടുക്കാനാണ് ലക്ഷ്യമിട്ടത്. എന്നാല്‍ രണ്ട് കോടി നാല്‍പ്പത്തിയേഴ് ലക്ഷം പേരാണ് വാക്‌സിന്‍ എടുത്തത്. എറണാകുളം ജില്ല ലക്ഷ്യം പൂര്‍ത്തീകരിച്ചിട്ടുണ്ട്. പത്തനംതിട്ട 99 ശതമാനവും വയനാട് 98 ശതമാനവും ഇടുക്കിയില്‍ 94 ശതമാനം പേര്‍ക്കും വാക്‌സിന്‍ ലഭിച്ചു.

ജനസാന്ദ്രത കൂടുതലുള്ള മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകള്‍ 93 ശതമാനം ലക്ഷ്യം കൈവരിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളാണ് ഏറ്റവും പിന്നില്‍. വാക്‌സിന് പകരം ഇതര ചികിത്സ മാര്‍ഗങ്ങള്‍ ഫലപ്രദമാകുമെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. മറ്റ് ഗുരുതര അസുഖങ്ങളുള്ളവര്‍, അലര്‍ജിയുള്ളവര്‍ എന്നിവരാണ് അടുത്ത വിഭാഗം. തീവ്രമത വിശ്വാസങ്ങള്‍ വാക്‌സിന്‍ എടുക്കുന്നതില്‍ നിന്ന് ചിലരെ പിന്തിരിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കു്ന്നു . ഇത് കൂടാതെ കോവിഡ് പോസിറ്റീവായി 90 ദിവസം കഴിയാത്തതിനാല്‍ കുത്തിവയ്പ്പ് എടുക്കാന്‍ സാധിക്കാത്തവരുമുണ്ട്. അതേസമയം സംസ്ഥാനത്ത് തുടര്‍ച്ചയായി പതിനായിരവും, ഇരുപതിനായിരത്തിലധികവുമാണ് പ്രതിദിനരോഗികള്‍. ഇപ്പോഴും രോഗികളുടെ എണ്ണം കുറയാത്തത് ആരോഗ്യ വകുപ്പിനും കനത്ത ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്.

Related posts

Leave a Comment