2018 ആവർത്തിക്കുന്നു, ദുരിതമഴയിൽ വിറങ്ങലിച്ചു കേരളം, മരണ സംഖ്യ ഉയരുന്നു

2018ലെ പേമാരിക്കു സമാനമായ മേഘാതപമാണ് കോരിച്ചൊരിയുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനമൊട്ടാകെ ഹൈ അലർട്ട് പ്രഖ്യാപിച്ചു. മുഴുവൻ ബീച്ചുകളും അടച്ചു. അവധിയിൽ പോയവരടക്കം മുഴുവൻ സുരക്ഷാ ഉദ്യോ​ഗസ്ഥരും തിരിച്ചെത്താൻ കർശന നിർദേശം.

കോഴിക്കോട്ട് ഒരു ബാലനെ ഒഴുക്കിൽപ്പെട്ടു കാണാതായി. തൊടുപുഴയിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കൾ ഒഴുക്കിൽപ്പെട്ടു. യുവതിയുടെ മൃതദേഹം കാറിൽ നിന്നു പുറത്തെടുത്തു. യുവാവിനു വേണ്ടി തെരച്ചിൽ തുടരുന്നു. കൂട്ടിക്കൽ, കാഞ്ഞിരപ്പള്ളി ഭാ​ഗത്തുൻണ്ടായ ഉരുൾ പൊട്ടലിൽ കാണാതായവരുടെ‌ എണ്ണം 14 ആയെന്നു സംശയിക്കുന്നു. മൂന്നു പേരുടെ മൃതദേഹങ്ങൾ ലഭിച്ചു. പ്രദേശമാകെ ഒറ്റപ്പെട്ട നിലയിലാണ്. ജില്ലാ കലകറ്റർമാരുടെ യോ​ഗം വിളിച്ച മുഖ്യമന്ത്രി സ്ഥിതി​ഗതികൾ വിലയിരുത്തുന്നു.


കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് എല്ലാ പോലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നിർദ്ദേശം നൽകി. രക്ഷാപ്രവർത്തനങ്ങൾക്കായി പോലീസ് സേനയെ മുഴുവനും മൊബിലൈസ് ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി താലൂക്കിൽ 9 ദുരിതാശ്വാസ ക്യാംപുകൾ ആരംഭിച്ചു .കൂട്ടിക്കൽ , കൂവപ്പള്ളി ഒഴികെ ഉള്ള പ്രദേശങ്ങളിൽ നിന്നും ഏകദേശം 60 ഓളം കുടുംബങ്ങളെ ക്യാംപുകളിൽ എത്തിച്ചു. കൂട്ടിക്കൽ പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിൽ. പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വെള്ളം കയറിയ അവസ്ഥയിൽ.


അതിശക്തമായ മഴക്കെടുതിയെ തുടർന്നുള്ള അടിയന്തിര സാഹചര്യം മുൻനിർത്തി പത്തനംതിട്ട നഗരസഭയിൽ കൺട്രോൾ റൂം ഏർപ്പെടുത്തി. നഗരസഭാ നിവാസികൾക്ക് 24 മണിക്കൂറും കൺട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണ്. നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തിര അവലോകന യോഗത്തിലാണ് തീരുമാനം. അഴൂർ എസ്.ഡി.എ സ്‌കൂൾ, കുമ്പഴ മൗണ്ട് ബഥനി സ്‌കൂൾ, ആനപ്പാറ ഗവ.എൽ.പി.സ്‌കൂൾ, ചുട്ടിപ്പാറ നഴ്‌സിംഗ് കോളജ് എന്നിവ ക്യാമ്പുകളാക്കും. കാലവർഷക്കെടുതിയിൽ കേടുപാടുകളുണ്ടാകുന്ന വീടുകളുടെ ലിസ്റ്റ് അടിയന്തിര പ്രാധാന്യം നൽകി റവന്യൂ വകുപ്പിന് കൈമാറും, കൗൺസിലർമാരുടെ നേതൃത്വത്തിൽ വാർഡുകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നഗരസഭാ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. യോഗത്തിൽ പ്രതിപക്ഷനേതാവ് കെ. ജാസിംകുട്ടി, കൗൺസിലർമാരായ പി.കെ.അനീഷ്, എസ്.ഷെമീർ, സെക്രട്ടറി ഷെർള ബീഗം, സൂപ്രണ്ടുമാരായ അഹമ്മദ് ഹുസൈൻ, കെ.ആർ. മനോജ് കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനീസ് പി. മുഹമ്മദ്, ബിനു ജോർജ് എന്നിവർ പങ്കെടുത്തു. കൺട്രോൾ റൂം ഫോൺ നമ്പരുകൾ : 9946200596, 9447354346, 9447593033, 9656487682.

Related posts

Leave a Comment