2018ലേത് മനുഷ്യ നിർമിത പ്രളയം തന്നെ; ഔദ്യോഗികമായി സ്ഥിരീകരിച്ച് സിഎജി

*പരോക്ഷമായി സമ്മതിച്ച് സർക്കാർ

നിസാർ മുഹമ്മദ്

തിരുവനന്തപുരം: 2018ലെ പ്രളയം മനുഷ്യ നിർമിതമായിരുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചും പ്രളയം തടയുന്നതിൽ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ എണ്ണിയെണ്ണിപ്പറഞ്ഞുമുള്ള ഔദ്യോഗിക റിപ്പോർട്ട് കംപ്ട്രോളർ ആന്റ് ഓഡിറ്റ് ജനറൽ (സിഎജി) ഇന്നലെ നിയമസഭയുടെ മേശപ്പുറത്തുവെച്ചു. ഡാമുകളിൽ നിന്ന് വെള്ളം ഒഴുക്കിവിട്ടതിലെ അശാസ്ത്രീയത ഉൾപ്പെടെയുള്ള കാര്യങ്ങൾ കേരളത്തിലെ പ്രളയങ്ങൾ- മുന്നൊരുക്കവും പ്രതിരോധവും എന്ന തലക്കെട്ടിൽ 118 പേജുള്ള റിപ്പോർട്ടിൽ സിഎജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദേശീയ ജലനയത്തിന് അനുസരിച്ച് കേരള സംസ്ഥാന ജലനയം- 2008 പുതുക്കിയില്ലെന്നും പ്രളയ നിയന്ത്രണത്തിനും പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകൾ സംസ്ഥാന ജലനയത്തിൽ ഇല്ലായിരുന്നുവെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. അതേസമയം, ഡാമുകളിൽ നിന്ന് വെള്ളമൊഴുക്കി വിട്ടത് പ്രളയത്തിന്റെ ആഘാതം വർധിപ്പിച്ചുവെന്ന് സർക്കാർ തന്നെ സമ്മതിച്ച കാര്യം റിപ്പോർട്ടിലെ 48-ാം പേജിൽ സിഎജി ഉൾപ്പെടുത്തിയിട്ടുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. കനത്ത പ്രളയ ദിവസങ്ങളിൽ മുല്ലപ്പെരിയാർ ഡാമിൽ നിന്നും 169.97 എം.സി.എം വെള്ളം പെട്ടെന്ന് തുറന്നുവിട്ടില്ലായിരുന്നുവെങ്കിൽ ഡൗൺസ്ട്രീമിലെ പ്രളയത്തിന്റെ ശക്തി കുറയ്ക്കുന്നതിന് കുറേക്കൂടി സാധ്യമായേനെയെന്ന സർക്കാരിന്റെ വാദവും റിപ്പോർട്ടിലുണ്ട്.
വലിയ സ്‌കെയിലിലുള്ള ഫ്ളഡ്‌ ഹസാര്‍ഡ്‌ മാപ്പ്‌ സംസ്ഥാനത്ത്‌ ലഭ്യമല്ല. സംസ്ഥാനത്തെ ദുരന്ത നിവാരണ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രളയ സാധ്യതാ ഭൂപടം ജല കമ്മീഷന്റെ മാനദണ്ഡങ്ങൾക്ക് അനുസൃതമായിരുന്നില്ല. നിലവിലുള്ള ബി.ഐ.എസ്‌ മാനദണ്ഡങ്ങള്‍ അനുസരിച്ച് 32 റെയിന്‍ ഗേജുകള്‍ ആവശ്യമായ പെരിയാര്‍ നദീതടത്തില്‍ ഐ.എം.ഡി സ്ഥാപിച്ച ആറു റെയിന്‍ ഗേജുകള്‍ മാത്രമേ മഴ അളക്കുന്നതിന്‌ ഉണ്ടായിരുന്നുള്ളൂ. മഴ, നദിയുടെ ഒഴുക്ക്‌ എന്നിവയുടെ തല്‍സമയ ഡേറ്റ ലഭ്യമാക്കാനുള്ള പദ്ധതി വൻ പരാജയമായിരുന്നു. അഞ്ചുവർഷം കഴിഞ്ഞിട്ടും വിശ്വാസ യോഗ്യമായ തൽസമയ ഡേറ്റ നൽകുന്നതിൽ അവർ പരാജയപ്പെട്ടുവെന്നും റിപ്പോർട്ടിൽ വിമർശിക്കുന്നു.
അണക്കെട്ട്‌ സൈറ്റുകളും, സര്‍ക്കാര്‍ ഓഫീസുകളും ഉള്‍പ്പെടെ ചില മേഖലകളിലെ ആശയ വിനിമയത്തിനുള്ള അടിസ്ഥാന സാകര്യങ്ങള്‍ 2018-ലെ പ്രളയ സമയത്ത് മാത്രമല്ല, അതിന് ശേഷവും പ്രവർത്തന ക്ഷമമായില്ലെന്ന ഗുരുതരമായ വീഴ്ചയും സിഎജി ചൂണ്ടിക്കാട്ടി. നീലേശ്വരം ഗേജ്‌ സ്റ്റേഷനിലെ പ്രവാഹങ്ങളിലേക്ക്‌ ഇടമലയാര്‍, ഇടുക്കി അണക്കെട്ടുകളില്‍ നിന്നുള്ള സ്പില്ലുകളുടെ പങ്ക്  ഓഗസ്റ്റ്‌ 14 മുതല്‍ 18 വരെ യഥാക്രമം 46.43 ശതമാനം, 36.12 ശതമാനം, 29.54 ശതമാനം, 23.34 ശതമാനം, 16.99 ശതമാനം എന്നിങ്ങനെയായിരുന്നു. ഓഗസ്റ്റ്‌ 15 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ ഇടുക്കിയിലെ ഇൻഫ്ളോയിലേക്കുള്ള മുല്ലപ്പെരിയാർ സ്പില്ലുകളുടെ പങ്ക് 27.93
ശതമാനത്തിനും 36.62 ശതമാനത്തിനും ഇടയിലായിരുന്നു.
പ്രളയ സമയത്ത്‌ ഇടമലയാര്‍ റിസര്‍വോയറിന്‌ അണക്കെട്ട്‌ ഓപ്പറേറ്റര്‍മാരുടെ സഹായത്തിനായി റൂള്‍ കര്‍വ്‌ ഉണ്ടായിരുന്നില്ല. പ്രളയങ്ങള്‍ കഴിയുന്നതു വരെ 1983-ല്‍ രൂപീകരിച്ച ഇടുക്കി റിസര്‍വോയറിന്റെ റൂള്‍
കര്‍വ്‌ പുനരവലോകനം ചെയ്തിട്ടില്ല. റൂള്‍ കര്‍വ്‌ കര്‍ശനമായി പാലിച്ചിരുന്നെങ്കില്‍ ഉണ്ടാകാവുന്ന 558.19 എം.സി.എമ്മിനെ അപേക്ഷിച്ച്‌ ഓഗസ്റ്റ്‌ 14 മുതല്‍ 18 വരെ ഇടുക്കിയിലെ റിസര്‍വോയര്‍ പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ ഉണ്ടായ സ്പില്ലുകള്‍ 467.51 എം.സി.എം ആയി കുറഞ്ഞെങ്കിലും, ഇടുക്കി റിസര്‍വോയറില്‍ നിന്ന് 17നും ഇടമലയാർ റിസർവോയറിൽ നിന്ന് 16, 17 തീയതികളിലും കൂടുതൽ വെള്ളം പുറത്തേക്ക് പോയി.
റിസര്‍വോയര്‍ പ്രവര്‍ത്തന മാര്‍ഗ്ഗരേഖകളനുസരിച്ച്‌ അഞ്ചു വര്‍ഷത്തിലൊരിക്കലെങ്കിലും റിസര്‍വോയറുകളുടെ സംഭരണശേഷി സര്‍വ്വേ നടത്തേണ്ടതുണ്ട്. എന്നാൽ, കെ.എസ്‌.ഇ.ബി റിസര്‍വോയറുകളിലൊന്നിലും സംഭരണശേഷി സര്‍വ്വേകളോ സെഡിമെന്റേഷന്‍ പഠനങ്ങളോ നടത്തിയില്ല. പ്രളയത്തിന് പിന്നാലെ 2020ൽ ഏഴ്‌ സെഡിമെന്റേഷന്‍ പഠനങ്ങള്‍ നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള റിസര്‍വോയറുകളിലെ സില്‍റ്റേഷന്‍ പഠനങ്ങള്‍ വെളിപ്പെടുത്തിയത്‌ ഗണൃമായ തോതിലുള്ള എക്കല്‍ മണ്ണ്‌  അടിഞ്ഞിരുന്നുവെന്നാണ്. അരുവിക്കര റിസര്‍വോയര്‍ (43 ശതമാനം), മംഗലം റിസര്‍വോയര്‍ (21.98 ശതമാനം) പേപ്പാറ റിസര്‍വോയര്‍ (21.70 ശതമാനം) എന്നിങ്ങനെയാണത്. എക്കല്‍ മണ്ണ്‌ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ മംഗലം റിസര്‍വോയറില്‍ 2020 ഡിസംബറില്‍ തുടങ്ങി. മറ്റുള്ളവയില്‍ ഇനിയും തുടങ്ങിയിട്ടില്ല. പരിശോധന നടത്തിയ ഇടുക്കി ജില്ലയിലും എറണാകുളം ജില്ലയിലും ഉള്‍പ്പെടെ
പെരിയാര്‍ തടത്തില്‍ മുഴുവന്‍ ഭൂവിനിയോഗ ഭൂആവരണ വിശകലനം ചെയ്തപ്പോള്‍ ജലാശയങ്ങളുടെ വിസ്തൃതി 17 ശതമാനം കുറഞ്ഞതായി കണ്ടെത്തി. ചെറുതോണി നദീതീരത്ത്‌ കയ്യേറ്റങ്ങള്‍ തുടരുന്നത്‌ നദിയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുകയും 2018-ലെ പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ക്ക്‌ കാരണമാവുകയും
ചെയ്തിട്ടുണ്ടെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കമ്മീഷന്‍ ചെയ്ത്‌ 20 വര്‍ഷം കഴിയുകയും ആ പ്രദേശത്ത്‌ ഗുരുതരമായ പ്രളയം ഉണ്ടാകുകയും ചെയ്തിട്ടും ജലസേചന, റവന്യു, ദുരന്തനിവാരണ വിഭാഗങ്ങളോ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ലിമിറ്റഡോ പ്രളയ ഭീഷണി നിവാരണത്തിനായി ഒന്നും ചെയ്തില്ല. പ്രദേശത്തെ മൊത്തത്തിലുള്ള ഹൈഡ്രോളജി നിലനിര്‍ത്തുവാനും തദ്ദേശവാസികള്‍ക്ക്‌ പ്രളയ ഭീഷണിയുണ്ടാകാതിരിക്കാനും ചെങ്കല്‍ത്തോടിലെ വെള്ളം പെരിയാര്‍ നദിയിലേക്ക്‌ വഴിതിരിച്ചുവിടാന്‍ പര്യാപ്തമായ ഡൈവര്‍ഷന്‍ കനാല്‍ ഉറപ്പാക്കിയില്ല. തോട്ടപ്പള്ളി സ്പില്‍വേയുടെ ലീഡിങ്ങ്‌ ചാനല്‍ കുടുതല്‍ ആഴത്തിലാക്കാനും വീതി കൂട്ടാനും നടത്തിയ ഡ്രഡ്ജിംഗ്‌ ജോലികള്‍ മന്ദീഭവിച്ചു. സ്പില്‍വേ കവാടത്തിനുള്ളില്‍ അഞ്ഞുറിലധികം മരങ്ങള്‍ നട്ടുപിടിപ്പിച്ചിരുന്നത്‌ സ്പില്‍വേയുടെ ശേഷി കുറയ്ക്കുകയും ആലപ്പുഴയിലെ പ്രളയത്തിന് കാരണമാവുകയും ചെയ്തു. പ്രളയ ഫലമായുണ്ടായ അടിയന്തിര അറ്റകുറ്റപ്പണികളും നാശനഷ്ടങ്ങളുടെ പുനര്‍നിര്‍മ്മാണവും നടത്തുന്നതിനായി സ്റ്റേറ്റ്‌ ഡിസാസ്റ്റര്‍ റെസ്പോന്‍സ്‌ ഫണ്ടിന്‌ കീഴില്‍ അനുമതി ലഭിച്ച 7,124 പ്രവൃത്തികളില്‍ 18 ശതമാനവും രണ്ട്‌ വര്‍ഷവും എട്ട്‌ മാസങ്ങളും കഴിഞ്ഞതിനു ശേഷവും പൂര്‍ത്തിയാക്കിയിട്ടില്ലെന്നും സിഎജി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

Related posts

Leave a Comment