മഹാമാരി ദുരന്തം ഇന്ത്യയിലെത്തിയിട്ട് രണ്ട് വർഷം, ഇതുവരെ 4.09 കോടി ഇരകൾ, 4.93 ലക്ഷം മരണം

ന്യൂഡൽഹി: കോവിഡ് മഹാമാരി ദുരന്തം ഇന്ത്യയിൽ തിരിച്ചറിയപ്പെട്ടിട്ട് ഇന്ന് രണ്ട് വർഷം. വുഹാൻ മെഡിക്കൽ കോളെജിലെ ബിരുദ വിദ്യാർഥിനിയും മലയാളിയും കൊടുങ്ങല്ലൂർ മതിലകം സ്വദേശിനിയുമായ യുവതിയിലാണ് ഇന്ത്യയിലാദ്യമായി രോ​ഗം സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനിൽ നിന്നെത്തിയ കുട്ടിയിൽ 2020 ജനുവരി 30നാണ് രോ​ഗം സ്ഥിരീകരിച്ചത്. തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ ഫെബ്രുവരി 20നു ഡിസ്ച്ചാർജ് ചെയ്തു.
തുടക്കത്തിൽ സാർസ് 19 എന്ന രോ​ഗത്തിന്റെ തീവ്രതയോ കോവിഡ് വൈറസിന്റെ പ്രഹര ശേഷിയോ തിരിച്ചറിയാനായില്ല. എന്നാൽ മൂന്നു മാസം കൊണ്ട് രോ​ഗം ലോകമെങ്ങും വ്യാപിക്കാൻ തുടങ്ങി. വിദേശത്ത് നിന്നെത്തിയവരിലോ അവരുമായി സമ്പർക്കം പുലർത്തിയവരിലൊ മാത്രം ഒതുങ്ങി നിന്ന കൊവിഡ് പതിയെ യാത്രാ പശ്ചാത്തലം ഇല്ലാത്തവരിലും റിപ്പോർട്ട് ചെയ്യപ്പെട്ടു. 519 കേസുകളും 9 മരണവും റിപ്പോർട്ട് ചെയ്ത മാർച്ച് 24 ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. പിന്നീടിങ്ങോട്ട് ലോകത്തിന്റെ ചരിത്രം തന്നെ മാറ്റി കോവിഡ് താണ്ഡവം തുടങ്ങി.
37 കോടി ആളുകൾക്കാണ് ഇതു വരെ ലോകമെങ്ങും കോവിഡ് 19 ബാധിച്ചത്. 56.5 ലക്ഷം പേർ ഇതിനകം ഈ വൈറസ് ബാധിച്ചു മരിച്ചു. എല്ലാ ഭൂഖണ്ഡങ്ങളിലം ഒരേ സമയം പ്രത്യക്ഷപ്പെട്ട മാരക വൈറസ് എന്ന പേരും കോവിഡ് നേടി. കുറഞ്ഞ കാലത്തിനുള്ളിൽ ഏറ്റവും കൂടുതൽ ആളുകളെ ബാ‌ധിച്ച പകർച്ച വൈറസാണ് കോവിഡ് 19. ഇന്ത്യയിൽ ഇതുവരെ 4.09 കോടി ആളുകളെയാണ് വൈറസ് ബാധിച്ചത്. 4.93 ലക്ഷം ആളുകൾ മരിച്ചു. ഏറ്റവും കുടുതൽ രോ​ഗികളും മരണവും മഹാരാഷ്‌ട്രയിൽ- യഥാക്രമം 76.6 ലക്ഷം, 1.14 ലക്ഷം. രണ്ടാം സ്ഥാനത്തു കേരളമാണ്. രോ​ഗികളുടെ എണ്ണം 58.8 ലക്ഷം, മരണം 52,786. മൂന്നാംസ്ഥാനത്തുള്ള കർണാടകത്തിൽ 37 ലക്ഷം പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 38000 പേർ ഇവിടെ മരിച്ചു.
കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 2,34,281 പേർക്കു പുതുതായി രോ​ഗം സ്ഥിരീകരിച്ചു. 893 പേർക്കു ജീവഹാനി നേരിട്ടതായി ആരോ​ഗ്യ മന്ത്രാലയം. 3,52,784 പേർ ​രോ​ഗമുക്തി നേടി. 18,84,937 ആക്റ്റിവ് കേസുകളാണ് നിലവിലുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 14.50%. ഇതുവരെ 165,70,692 ഡോസ് വാക്സിൻ വിതരണം ചെയ്തു.

Related posts

Leave a Comment