- പി. ജയരാജൻ പരാജിതനെന്ന് കോമത്ത് മുരളീധരൻ
- പി.കെ ശ്യാമള രക്തം കുടിക്കുന്ന പരാദം
കണ്ണൂർ: സ്വന്തം നാട്ടിൽ വ്യവസായം തുടങ്ങാനെത്തിയ പ്രവാസി വ്യവസായിയെ ആത്മഹത്യയിലേക്കു തള്ളിവിട്ടത് ആന്തൂർ നഗരസഭയുടെ അന്നത്തെ അധ്യക്ഷയും സിപിഎം നേതാവുമായ പി.കെ. ശ്യാമളയുടെ ധാർഷ്ട്യവും ധിക്കാരവുമാണെന്ന് സിപിഎം തളിപ്പറമ്പ് മേഖലയിലെ ഒരു വിഭാഗം സിപിഎം നേതാക്കൾ ആവർത്തിച്ചു. പാർട്ടി അണികളുടെയും അനുഭാവികളുടെയും രക്തം കുടിക്കുന്ന പരാദമാണ് ശ്യാമളയെന്നും അവർക്കു കീഴടങ്ങിയാണ് തളിപ്പറമ്പിലെ പാർട്ടി പ്രവർത്തനമെന്നും ആരോപിച്ച് നിരവധി സിപിഎം പ്രാദേശിക നേതാക്കൾ പാർട്ടി വിട്ടു. തളിപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗം കോമത്തു മുരളീധരന്റെ നേതൃത്വത്തിൽ 18 പേർ രാജിവച്ച് സിപിഐയിൽ ചേരാൻ തീരുമാനിച്ചു. അപമാനിതനായ മുൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ എല്ലാം സഹിച്ച് പാർട്ടിയിൽ കടിച്ചുതൂങ്ങുകയാണെന്നും പാർട്ടി വിട്ടു പോയവർ ആരോപിച്ചു.

പ്രതിരോധത്തിലായ സിപിഎം നാളെ തളിപ്പറമ്പിൽ രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചിട്ടുണ്ട്. കൂടുതൽ പേർ പാർട്ടി വിട്ടു പോകുമെന്ന അഭ്യൂഹത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ നേതൃത്വം ഇടപെട്ട് വിശദീകരണ യോഗം വിളിച്ചിരിക്കുന്നത്. മുതിർന്ന നേതാവ് എം.വി. ജയരാജനടക്കമുള്ളവർ പങ്കെടുക്കും. അതേ സമയം, അംഗങ്ങളും അനുഭാവികളുമായ കൂടുതൽ പേർ പാർട്ടി വിട്ടുപോകുമെന്ന് മുരളീധരൻ പറഞ്ഞു.

2019 ജൂലൈയിൽ ജീവനൊടുക്കിയ സാജൻ പാറായിൽ എന്ന പ്രവാസി വ്യവസായിയുടെ പേരിൽ തുടങ്ങിയ തർക്കങ്ങളാണ് ആന്തൂർ, തളിപ്പറമ്പ് മേഖലകളിൽ സിപിഎമ്മിനു വലിയ തിരിച്ചടിയായത്. പാർട്ടി അനുഭാവിയും സാമ്പത്തിക സഹായിയുമായിരുന്ന സാജൻ, ആന്തൂർ നഗരസഭയുടെ പരിധിയിൽ പാർഥാ എന്ന പേരിൽ ഒരു കൺവെൻഷൻ സെന്റർ പണിതപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം. അന്നു പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനടക്കമുള്ളവർ ആവശ്യപ്പെട്ടിട്ടും ആന്തൂർ നഗരസഭാധ്യക്ഷയായിരുന്ന ശ്യാമള കൺവെൻഷൻ സെന്ററിന് അനുമതി നല്കിയില്ല. താൻ അധികാരത്തിലുള്ള കാലത്തോളം ഏതു സെക്രട്ടറി പറഞ്ഞാലും അനുമതി നൽകാൻ പോകുന്നില്ലെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. കോടികൾ മുടക്കി നിർമിച്ച കൺവൻഷൻ സെന്റർ തുറക്കാൻ കഴിയില്ലെന്നു വന്നപ്പോളാണ് സാജൻ ജീവനൊടുക്കിയത്. അത് സിപിഎമ്മിൽ വലിയ തോതിലുള്ള പടലപ്പിണക്കങ്ങൾക്കും വിഭാഗീയതകൾക്കും കാരണമായി.

പി. ജയരാജനെ അനുകൂലിക്കുന്നവരും കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്റെ പേരിൽ അദ്ദേഹത്തിന്റെ ഭാര്യ ശ്യാമളയെ അനുകൂലിക്കുന്നവരുമായി ചേരിതിരിഞ്ഞു തർക്കം തുടങ്ങി. സാജൻ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ വീട് സന്ദർശിച്ച ജയരാജൻ എല്ലാ സഹായവും വാഗ്ദാനം നൽകിയെങ്കിലും ഒന്നും ഫലിച്ചില്ല. സാജയന്റെ മരണത്തെക്കുറിച്ച് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഭാര്യ ബീന മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ട് ആവശ്യപ്പെട്ടെങ്കിലും അതും നടന്നില്ല. സിപിഎമ്മിലെ ഒരു വിഭാഗത്തെ ഉപയോഗിച്ചു പി. ജയരാജൻ ശ്യാമളയ്ക്കെതിരായ സമ്മർദം ശക്തമാക്കിയപ്പോൾ അദ്ദേഹത്തെ തന്ത്രപൂർവം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റുകയും ചെയ്തു.
പി.ജെ. വാർഗ്രൂപ്പ് എന്നൊരു സൈബർ കൂട്ടായ്മ സൃഷ്ടിച്ച് ഒളിയമ്പുകൾ തുടർന്ന ജയരാജന്റെ പക്ഷത്തിനെതിരേ പിണറായി- എം.വി. ഗോവിന്ദൻ ടീം നയിച്ച പോര് ജയരാജനു പാർട്ടിക്കു പുറത്തേക്കുള്ള വഴി വരെ തുറന്നതാണ്. പക്ഷേ, ജയരാജൻ എല്ലാം സഹിച്ചു. അതാണിപ്പോൾ കോമത്ത് മുരളീധരനെപ്പോലുള്ളവർ തുറന്നുപറയുന്നത്. ഇന്നല്ലെങ്കിൽ നാളെ ജയരാജന്റെ വഴി പാർട്ടിക്കു പുറത്തേക്കാണെന്നാണ് ഈ വിഭാഗം ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നത്.