1707 അധ്യാപക-അനധ്യാപകർ വാക്സിൻ എടുത്തിട്ടില്ല, ഏറ്റവും കൂടുതൽ മലപ്പുറത്ത്, കുറവ് വയനാട്

തിരുവനന്തപുരം: സംസ്ഥാനത്ത് എൽപി. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ‌വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാ​ഗങ്ങളിലായി അധ്യാപകരും അനധ്യാപകരുമായി 1,707 പേർ ഇതുവരെ ഒരു ഡോസ് വാക്സിൻ പോലും എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏറ്റവും കൂടുതൽ പേർ മലപ്പുറം ജില്ലയിലും കുറവ് വയനാട് ജില്ലയിലുമാണ്. മലപ്പുറത്ത് 201 പേരും വയനാട് ജില്ലയിൽ 29 പേരും വാക്സിൻ എടുത്തിട്ടില്ല. മുഴുവൻ അധ്യാപകരും അനധ്യാപകരും വാക്സിൻ എടുക്കണമെന്നാണ് സർക്കാർ നയം. എന്നാൽ അതിനു നിയമപരമായ സമ്മർദമില്ല. പക്ഷേ, പൊതു സമൂഹത്തിന്റെ താത്പര്യം മാനിച്ച് മുഴുവൻ അധ്യാപകരും അനധ്യാപകരും വാക്സിനേഷനുമായി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
എൽപി,യുപി, ഹൈസ്കൂൾ 1066 അധ്യാപകരും 181 അനധ്യാപകരും വാക്സിൻ എടുത്തിട്ടില്ല. ഹയർ സെക്കൻഡറി വിഭാ​ഗത്തിൽ 200, 23, വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 229 അധ്യാപകരും വാക്സിൻ എടുത്തിട്ടില്ല. എന്നാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാ​ഗത്തിൽ അനധ്യാപകരെല്ലാം വാക്സിൻ എടുത്തിട്ടുണ്ട്. ആരോ​ഗ്യ പ്രശ്നങ്ങളുള്ളവർ രേഖകൾ ഹാജരാക്കണം. അല്ലാത്തവർ ഓരോ ആഴ്ചയിലും സ്വന്തം ചെലവിൽ ആർടിപിസിആർ പരിശോധന നടത്തി നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. രണ്ടിനും കഴിയാത്തവർ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കണമെന്നും മന്ത്രി നിർദേശിച്ചു. ഇതാണ് സർക്കാരിന്റെ നയപരമായ തീരുമാനമെന്നും മന്ത്രി വിശദീകരിച്ചു.

Related posts

Leave a Comment