17 ഗൺ സല്യൂട്ട് , വിട ജന. ബിപിൻ റാവത്ത്, മധുലിക റാവത്ത്

ന്യൂഡൽഹി :സംയുക്ത സേനാമേധാവി ബിപിൻ റാവത്തിന് കണ്ണീരോടെ വിടനൽകി രാജ്യം. സൈനിക ഹെലികോപ്ടർ അപകടത്തിൽ മരിച്ച ബിപിൻ റാവത്തിന്റേയും ഭാര്യ മധുലിക റാവത്തിന്റേയും ഭൗതിക ശരീരങ്ങൾ ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്ക്വയറിൽ പൂർണ സൈനിക ബഹുമതികളോടെ സംസ്കരിച്ചു. മക്കളായ കൃതിക റാവത്ത്, തരിണി റാവത്ത് എന്നിവർ വീരസൈനികന്റെ ചിതയ്ക്ക് തീ കൊളുത്തി. 17 ഗൺ സല്യൂട്ട് നൽകിയാണ് സൈന്യം രാജ്യത്തിൻറെ വീരപുത്രന് വിടനൽകിയത്.

കാമരാജ് മാർഗിലെ ഔദ്യോഗിക വസതിയിലെ പൊതുദർശനത്തിന് ശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. ‘അമർ രഹേ’ വിളികളുമായി വൻ ജനക്കൂട്ടമാണ് സൈനിക മേധാവിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വാഹനത്തെ അനുഗമിച്ചത്. ആയിരക്കണക്കിന് ജനങ്ങളാണ് വിലാപയാത്ര പോകുന്ന വഴിയിൽ സൈനിക മേധാവിക്ക് അന്തിമോപചാരം അർപ്പിക്കാനായി കാത്തുനിന്നത്.

ബിപിൻ റാവത്ത് തന്റെ കർമമണ്ഡലത്തിൽ ഏറിയ പങ്കും ചെലവഴിച്ച സ്ഥലമാണ് ഡൽഹി. തെരുവീഥികളിലൂടെ സൈനിക മേധാവിയുടെ ചേതനയറ്റ ശരീരം കടന്നുപോകുന്നത് താങ്ങാനാവാതെ പലരും വിങ്ങിപ്പൊട്ടി. ത്രിവർണ പതാക വീശിയുള്ള ‘ജയ് ഹിന്ദ്,’ ‘അമർ രഹേ’ വിളികളാൽ മുഖരിതമായിരുന്നു വഴികൾ. വാഹനത്തിനൊപ്പം ആൾക്കൂട്ടം ഓടുകയായിരുന്നു.

ഇന്ന് രാവിലെ മുതലാണ് ബിപിൻ റാവത്തിന്റേയും ഭാര്യയുടേയും മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ പൊതുദർശനം പൂർത്തിയാക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ആളുകളുടെ തിരക്ക് കൂടിയതോടെ പൊതുദർശനം നീണ്ടുപോയി.

നാല് മണിയോടെ ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്ക്വയറിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ആദരസൂചകമായി സൈന്യം പതിനേഴ് ഗൺ സല്യൂട്ടുകൾ നൽകും. സൈന്യത്തിന്റെ ആദരവിന് ശേഷം മതപരമായ ചടങ്ങുകളും നടത്തി സംസ്കാരം പൂർത്തിയാക്കും. ഇന്ന് രാവിലെ ബ്രാർ സ്ക്വയറിൽ ബ്രിഗേഡിയർ ലഖ്വീന്ദർ സിങ്ങ് ലിഡ്ഡെറുടെ സംസ്കാര ചടങ്ങുകൾ നടന്നു.

രാവിലെ മുതൽ സൈനിക മേധാവിക്കും ഭാര്യയ്ക്കും അന്തിമോപചാരമർപ്പിക്കാനായി രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ നൂറുകണക്കിന് പ്രമുഖർ കാമരാജ് മാർഗിലെ ഔദ്യോഗിക വസതിയിലെത്തിയിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്ഥാനപതികൾ, സംസ്ഥാന ഗവർണർമാർ, ലഫ്. ഗവർണർമാർ, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.

Related posts

Leave a Comment