ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 16 വയസുകാരി മരിച്ച സംഭവം ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: കാസർകോട് ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 16 വയസുകാരി മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പി ജി അജിത്കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ടു വിശദീകരണം ബോധിപ്പിക്കണമെന്ന് സർക്കാരിന് കോടതി നിർദ്ദേശം നൽകി. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ, ആരോഗ്യവകുപ്പ് ഡയറക്ടർ ഉൾപ്പെടെയുള്ള വിവിധ സർക്കാർ മേലധികാരികളോട് വിശദീകരണം നൽകാനാണ് കോടതി നിർദ്ദേശം. ഭക്ഷ്യസുരക്ഷയുടെ കാര്യങ്ങളിൽ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള വിശകലനങ്ങൾ നടക്കാത്താതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് കോടതി വിലയിരുത്തി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. ശുചിത്വം ഉറപ്പാക്കാൻ നടപടി ഉണ്ടാകണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായ മൂന്നു തൊഴിലാളികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. സ്ഥാപന ഉടമയെ കണ്ടെത്തുന്നതിന് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ആരോഗ്യപരമായ ജീവിതത്തിനു സുരക്ഷിതമായ ഭക്ഷണം എന്ന വാചകം അർഥവത്താക്കുന്നതിന് ശ്രമിക്കണമെന്നും കോടതി പരാമർശിച്ചു. കേസ് മെയ് ആറിന് പരിഗണിക്കാനായി മാറ്റിവെച്ചു.

Related posts

Leave a Comment