കോട്ടയം കൂട്ടിക്കലിൽ ഉരുൾ പൊട്ടി, മൂന്നു വീടുകൾ ഒലിച്ചു പോയി, 13 പേരെ കാണാതായി

കൊച്ചി: സംസ്ഥാനത്ത് അതിരൂക്ഷമായ പ്രളയസാധ്യത നിലനിർത്തി പേമാരിയും പ്രളയവും തുടരുന്നു. 2018നു സമാനമായ അന്തരീക്ഷമാണ് നിലവിൽ. കോട്ടയം ജില്ലയിലെ മുണ്ടക്കയം, എരുമേലി, കൂട്ടിക്കൽ പ്രദേശങ്ങളിൽ മലവെള്ളപ്പാച്ചിൽ. കൂട്ടിക്കൽ ഭാ​ഗത്ത് ഉരുൾ പൊട്ടിയതായി നാട്ടുകാർ പറഞ്ഞു. മൂന്നു വീടുകൾ ഒലിച്ചുപോയെന്നാണു വിവരം. 13 പേരേ കാണാനില്ലെന്നും സംശയിക്കുന്നു. കാവാലി ഭാ​ഗത്ത് വീടിനു മുകളിൽ മണ്ണിടിഞ്ഞു വീണ് 6 പേർ മരിച്ചതായി സംശയിക്കുന്നു ദുരന്ത നിവാരണ സേനയും നാട്ടുകാരും തെരച്ചലിലാണ്. കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലകളിൽ രക്ഷാപ്രവർത്തനത്തന് വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.

ഈരാറ്റുപേട്ട- മുണ്ടക്കയം കൂട്ടിക്കൽ ഭാഗത്ത് രക്ഷാപ്രവർത്തനം നടക്കുന്ന മേഖലയിൽ മന്ത്രി ഉടൻ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. മലമ്പുഴ അണക്കെട്ട് തുറന്നു .4 ഷട്ടറുകളും തുറക്കാനാണ് തീരുമാനം. കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് എല്ലാ പോലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നിർദ്ദേശം നൽകി. രക്ഷാപ്രവർത്തനങ്ങൾക്കായി പോലീസ് സേനയെ മുഴുവനും മൊബിലൈസ് ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്.
പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നിൽ കെഎസ്ആർടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തിൽ മുങ്ങിയത്. ഇവിടെ ഒരാൾ പൊക്കത്തോലം വെള്ളമാണ് ഉണ്ടായിരുന്നത്. ബസിൽ ഉണ്ടായിരുന്നവരെ പ്രദേശവാസികൾ ചേർന്ന് പുറത്തിറക്കി

ജില്ലകളിൽ സ്പെഷ്യൽ കൺട്രോൾ റൂം തുറക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ജില്ലാ കളക്ടർമാർ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവരുമായി ചേർന്ന് പോലീസ് സംവിധാനം പ്രവർത്തിക്കും.

അടിയന്തിര സാഹര്യങ്ങളിൽ പൊതുജനങ്ങൾക്ക് 112 എന്ന നമ്പറിൽ ഏത് സമയവും ബന്ധപ്പെടാം. പോലീസ് സ്റ്റേഷനുകളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് പ്രത്യേകസംഘങ്ങൾ രൂപീകരിക്കും. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ചെറിയ ബോട്ടുകൾ, ലൈഫ് ജാക്കറ്റ്, മണ്ണ് മാറ്റാനും മരം മുറിക്കാനുള്ള ഉപകരണങ്ങൾ, വെളിച്ച സംവിധാനം എന്നിവയും കരുതും. നദികൾ, കായൽ, കടൽ തീരങ്ങളിൽ വസിക്കുന്നവരെ ആവശ്യമെങ്കിൽ ഒഴിപ്പിക്കുന്നതിന് വേണ്ട സഹായം ഉറപ്പാക്കും. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സംഭവിക്കാൻ സാധ്യതയുള്ളതിനാൽ ഇത്തരം പ്രദേശങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുവേണം രക്ഷാപ്രവർത്തനങ്ങൾ നടത്തേണ്ടത്. ദുരിതാശ്വാസ കേന്ദ്രങ്ങളിൽ പ്രത്യേക പോലീസ് സുരക്ഷ ഏർപ്പെടുത്താനും ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.

Related posts

Leave a Comment