കേരളത്തിൽ 12.8 ശതമാനം പേർക്ക് മനോരോ​ഗ ചികിത്സ അനിവാര്യമെന്നു ശാസ്ത്രീയ പഠനം, ചികിത്സ തേടുന്നവർ 15 ശതമാനം മാത്രം

തിരുവനന്തപുരംഃ കേരളത്തിൽ മൊത്തം ജനസംഖ്യയുടെ 12.8 ശതമാനത്തോളം ആളുകൾ ശാസ്ത്രീയമായ ചികിത്സ ആവശ്യമുള്ള മാനസിക ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിൽ 15 ശതമാനം ആളുകൾ മാത്രമാണ് ശാസ്ത്രീയമായ ചികിത്സ തേടുന്നത്. ചികിത്സാ കേന്ദ്രങ്ങളുടെയോ ചികിത്സാ സൗകര്യങ്ങളുടെയോ അഭാവം കൊണ്ടല്ല. എന്നാൽ അതിലേക്ക് ആളുകൾ എത്തപ്പെടുന്നില്ല. ഈ അവസരത്തിൽ മാനസിക ആരോഗ്യ സാക്ഷരതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സമൂഹത്തിൽ ഊർജിതമാക്കേണ്ടത് അനിവാര്യമായ ഒരു സാഹചര്യമായി കാണുകയാണ്. ഈയൊരു ദൗത്യം എല്ലാവരുടേയും സഹകരണത്തോടെ ഊർജസ്വലമായി ആരോഗ്യ വകുപ്പ് ഏറ്റെടുക്കുന്നു-അവർ പറഞ്ഞു. ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗവും ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകവും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി സംഘടിപ്പിച്ച സെമിനാർ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മാനസിക ആരോഗ്യ സാക്ഷരത അനിവാര്യമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഏത് സമൂഹത്തിന്റെ നിലനിൽപ്പിനും പുരോഗതിക്കും അനിവാര്യമാണ് ആളുകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം. ശരീരത്തിന്റെ ആരോഗ്യത്തിനൊപ്പം തന്നെ വളരെ പ്രധാനപ്പെട്ടതാണ് മനസിന്റെ ആരോഗ്യവും. അസ്വസ്ഥതകളും വേദനകളും രോഗങ്ങളും തിരിച്ചറിയുന്നതിനും യഥാസമയം ചികിത്സ തേടാനും എല്ലാവരും ശ്രദ്ധിക്കാറുണ്ട്. പക്ഷേ മനസിന്റെ ആരോഗ്യ പ്രശ്നങ്ങൾ, രോഗലക്ഷണങ്ങൾ, രോഗാവസ്ഥകൾ എന്നിവ തിരിച്ചറിയുന്നതിനും ശാസ്ത്രീയമായ ചികിത്സ തേടുന്നതിനും ഭൂരിപക്ഷം ആളുകൾക്കും കഴിയുന്നില്ല എന്നുള്ളത് യാഥാർഥ്യമാണ്. ഭൂരിപക്ഷം ആളുകൾക്കും മാനസികാരോഗ്യം സംബന്ധിച്ചിട്ടുള്ള കൃത്യമായ അവബോധമില്ല എന്നുള്ളതാണ് ഇതിന് പ്രധാനമായി ചൂണ്ടിക്കാണിക്കാനുള്ളത്. അതോടൊപ്പം തന്നെ മാനസികാരോഗ്യം സംബന്ധിച്ചുള്ള തെറ്റായ ധാരണകളും സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോകത്തിലെ സാമൂഹിക സാമ്പത്തിക ക്രമങ്ങൾ മാറിയിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ ആളുകൾ സംഘർഷങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. വിദ്യാഭ്യാസരംഗത്തും മാറ്റം വന്നു. ഓൺലൈൻ പഠനത്തിൽ കൂടുതൽ കുഞ്ഞുങ്ങൾ എത്തപ്പെട്ട സാഹചര്യവുമുണ്ട്. സാമൂഹിക ഇടപെടലിലൂടെയും മറ്റുമുള്ള സാധാരണ രീതിയിലുള്ള വളർച്ച കുഞ്ഞുങ്ങൾക്ക് നഷ്ടപ്പെടുന്നുണ്ട് എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.

പ്രാഥമിക ആരോഗ്യതലം മുതൽ തന്നെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ സംസ്ഥാന ആരോഗ്യ വകുപ്പ് ആലോചിക്കുന്നു. അതോടൊപ്പം തന്നെ മാനസികാരോഗ്യ കേന്ദ്രങ്ങൾ, മെഡിക്കൽ കോളേജുകളിലെ മാനസികാരോഗ്യ വിഭാഗങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. ഒപ്പം ഗവേഷണങ്ങൾക്കും പ്രാധാന്യം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.

ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകം ‘സ്നേഹ കവചം’ എന്ന പേരിൽ ഡിജിറ്റൽ അടിമത്വം പരിഹരിക്കാൻ സഹായിക്കുന്ന ഒരു പരിശീലന പരിപാടി വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും ആയി സംസ്ഥാന വ്യാപകമായി ആരംഭിക്കുന്നു. ഇതിന്റെ ഉദ്ഘാടനവും നടന്നു.

ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകം പ്രസിഡന്റ് ഡോ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ് മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാബീവി, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. ബിന്ദു മോഹൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, സൈക്യാട്രി വിഭാഗം മേധാവി ഡോ. ടി.വി. അനിൽകുമാർ, ആർ.എം.ഒ. ഡോ. മോഹൻ റോയ്, ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കേരള സെക്രട്ടറി ഡോ. അനൂപ് വിൻസന്റ്, കെഎസ്എസ്പി ജില്ലാ സെക്രട്ടറി എസ്.എൽ. സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.

Related posts

Leave a Comment