അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകന് പത്ത് വര്‍ഷം കഠിന തടവ്

മലപ്പുറംഃ ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ മകന്‍ കൊലപ്പെടുത്തിയ സംഭവത്തിൽ 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച്‌ മഞ്ചേരി അഡി. ജില്ലാ സെഷന്‍സ് കോടതി. നിലമ്പൂര്‍ പോത്ത്കല്ല് സ്വദേശി പെരിങ്കനത്ത് രാധാമണി കൊല്ലപ്പെട്ട കേസിലാണ് മകന്‍ പ്രജിത് കുമാറിനെ കോടതി ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ 6 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.

2017 ഏപ്രില്‍ 1O നായിരുന്നു സംഭവം. ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയെന്നായിരുന്നു പ്രതിക്കെതിരായ കേസ്. തല പിടിച്ച്‌ ചുമരിലിടിച്ചാണ് രാധാമണിയെ കൊലപ്പെടുത്തിയത്‌. ഭര്‍ത്താവ് ശശി ജോലി കഴിഞ്ഞെത്തിയപ്പോഴാണ് രാധാമണി അവശനിലയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ രാധാമണിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തും മുമ്പ് മരണപ്പെടുകയായിരുന്നു.

മാനസിക വെല്ലുവിളി നേരിടുന്ന രാധാമണി പകല്‍ മരുന്നു കഴിച്ച്‌ മയങ്ങിക്കിടക്കുന്ന സമയത്ത് മൂത്തമകനായ പ്രതി പലതവണ ബലാല്‍സംഗം ചെയ്തുവെന്നും പരാതിയുണ്ട്. രാധാമണിയുടെ ഭര്‍ത്താവ് ശശിയുടെ പരാതിയില്‍ പോത്തുകല്‍ പൊലീസ് 2017 ഏപ്രില്‍ 13നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസില്‍ 50 സാക്ഷികളുണ്ട്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ സി വാസു ഹാജരായി.

Related posts

Leave a Comment