കുഴിയിൽ വീണാലും കുലുങ്ങാതെ സഞ്ചരിക്കാൻ മന്ത്രിമാർക്കു 10 പുതിയ കാറുകൾ, ചെലവ് 3.22 കോടി

തിരുവനന്തപുരം: റോഡ് മുഴുവൻ കുഴികളാവുകയും കുഴിയിൽ വീണ് ജനങ്ങളുടെ നടുവൊടിയുകയും ചെയ്യുന്നത് പതിവായിരിക്കെ, കുഴികളിൽ വീണാലും കുലുങ്ങാതെ സഞ്ചരിച്ചു പാർട്ടി പ്രവർത്തനങ്ങൾ നടത്താൻ മന്ത്രിമാർക്ക് 10 ആംഡംബര കാറുകൾ കൂടി. ഇതിന് ഒട്ടെകെ 3,22,22,000 രൂപയുടെ ഭരണാനുമതി നൽകി ധനവകുപ്പ്. ഡീസലടിക്കാൻ പണമില്ലാതെ കെഎസ്ആർടിസി ബസുകൾ വരെ കട്ടപ്പുറത്തു വച്ചിരിക്കുന്ന ഇടതു സർക്കാരാണ് കോടികൾ മുടക്കി സ്വന്തം മന്ത്രിമാരുടെ സുഖസൗകര്യങ്ങൾ വർധിപ്പിക്കുന്നത്. കോവിഡ് മാറാതെ തുടരുമ്പോഴും മെഡിക്കൽ കോളെജുകളിൽ വരെ മരുന്ന് മരുന്നിനു പോലും കിട്ടാനുമില്ല. പക്ഷേ, മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിക്കാൻ 42 വാഹനങ്ങളുടെ അകമ്പടിക്കും 32 ലക്ഷം രൂപ വീതം വിലയുള്ള മൂന്ന് ആഡംബര കാറുകൾക്കും ഒരു കുറവും വരുത്തിയിട്ടുമില്ല. മുഖ്യമന്ത്രി വല്ലപ്പോഴുമെത്തുന്ന ന്യൂഡൽഹിയിലെ ആവശ്യങ്ങൾക്കും വാങ്ങി പുതിയ ആഡംബരക്കാർ.
മന്ത്രിമാരുടെ കാറുകൾക്ക് കാലപ്പഴക്കമുണ്ടെന്നും മാറാൻ സമയമായെന്നുമാണ് ടൂറിസം വകുപ്പ് പറയുന്നത്. മന്ത്രിമാർക്ക് പുതിയ കാറുകൾ നൽകുന്നതോടെ അവർ ഉപയോ​ഗിക്കുന്ന കാറുകൾ തിരികെ വാങ്ങി ഉദ്യോ​ഗസ്ഥർക്കും മറ്റ് ഇഷ്ടക്കാർക്കും നല്കും. മന്ത്രിമാരുടെ പഴയ കാറുകളുടെ പരമാവധി പഴക്കം മൂന്നു വർഷം മാത്രമാണ്.
മന്ത്രിമാർ തലസ്ഥാനം വിട്ട് സംസ്ഥാനത്തുടനീളം സഞ്ചരിച്ച് പാർട്ടി പരിപാടികളിലടക്കം സജീവമാകണമെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. പഴയ വാഹനത്തിൽ പോയി മന്ത്രിമാർ നടുവൊടിക്കേണ്ടെന്നും അതിനു പുതിയ വാഹനം നൽകാമെന്നുമാണ് ടൂറിസം വകുപ്പിന് പുതിയ കാറുകൾ അനുവദിച്ചുകൊണ്ട് പിണറായി വിജയൻ സർക്കാർ നൽകുന്ന സന്ദേശം.

Related posts

Leave a Comment