സ്വര്‍ണക്കടത്ത് എന്‍ഐഎ അന്വേഷിക്കും യുഎഇ എല്ലാ സഹകരണവും അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കും. അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് വിലയിരുത്തിയാണ് എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രം അനുമതി നല്‍കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണക്കടത്ത് സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചിരുന്നു. ഇതിന് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തുവന്നിട്ടുണ്ട്. സ്വര്‍ണം എവിടെ നിന്നെത്തിച്ചു, എന്തിനാണ് എത്തിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം എന്‍ഐഎ അന്വേഷിക്കും. ദേശീയ സുരക്ഷയെ ബാധിക്കുന്ന ഏതു കേസിലും എന്‍ഐഎക്ക് അന്വേഷണം നടത്താനുള്ള അധികാരമുണ്ട്. ഡിപ്ലോമാറ്റിക് ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തായതിനാല്‍ തന്നെ ഇതിന് ദേശീയ- അന്തര്‍ ദേശീയ തലത്തില്‍ വലിയ പ്രാധാന്യമാണ് കൈവന്നത്. കസ്റ്റംസ് ആക്ട് പ്രകാരം ഇപ്പോള്‍ നിലവിലുള്ള അന്വേഷണം തുടരും. ഇതിനു സമാന്തരമായിട്ടായിരിക്കും വിശാലമായ രീതിയില്‍ എന്‍ഐഎ അന്വേഷണം നടത്തുകയെന്നാണ് സൂചന.
അതിനിടെ, സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎഇ എല്ലാ സഹകരണവും അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎഇയുടെ സഹായം തേടിയെന്നും അന്വേഷണം തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. യുഎഇയില്‍ നിന്ന് രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലവില്‍ കരാറുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎഇയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ കിട്ടാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അവിടത്തെ അന്വേഷണ ഏജന്‍സികളുമായി സംസാരിക്കുമെന്നും റിപോര്‍ട്ടുണ്ടായിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസ് സംബന്ധിച്ച് സിബിഐ ഡയറക്ടര്‍ പ്രാഥമിക വിലയിരുത്തല്‍ കേന്ദ്രത്തെ അറിയിച്ചിട്ടണ്ട്.

Related posts

Leave a Comment