സ്വര്‍ണക്കടത്തില്‍ സിപിഎം-ബിജെപി ഒത്തുകളി വ്യക്തമാകുന്നു: ഷാഫി പറമ്പില്‍

കോഴിക്കോട്: സ്വര്‍ണ കടത്ത് കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ കോഴിക്കോട് കലക്ട്രേറ്റ് മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. പ്രതിഷേധ പ്രകടനം നടത്തി കലക്ട്രേറ്റിലേക്ക് തള്ളി കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പ്രവര്‍ത്തകരെ വിരട്ടിയോടിക്കാന്‍ പോലീസ് നടത്തിയ ലാത്തിചാര്‍ജ്ജില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് സുജിത്ത് ഒളവണ്ണ, കെ എസ് യു ജില്ലാ പ്രസിഡന്റ് അഡ്വ വി ടി നിഹാല്‍,
സൗത്ത് ബ്ലോക്ക് സെക്രട്ടറി ജിഫ്രിന്‍ പയ്യാനക്കല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രതിഷേധ സൂചകമായി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെയും ശിവശങ്കറിന്റെയും സ്വപ്നയുടെയും കോലം കത്തിച്ചു. പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കലക്ട്രേറ്റിന് മുന്നിലെ റോഡില്‍ പ്രവര്‍ത്തകര്‍ ഉപരോധ സമരം നടത്തി. തുടര്‍ന്ന് ഷാഫി പറമ്പില്‍ എം എല്‍ എ ഇടപ്പെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി സമരം അവസാനിപ്പിക്കുകയായിരുന്നു. എരഞ്ഞിപാലത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് കലക്ട്രേറ്റിന് മുന്നില്‍ ഷാഫി പറമ്പില്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സ്വര്‍ണകടത്ത് കേസിന്റെ തുടക്കവും ഒടുക്കവും മുഖ്യമന്ത്രി പിണറായിയിലാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ വിമര്‍ശിച്ചു. ഒളിവില്‍ കഴിയുന്ന സ്വപ്‌നക്കിത് ട്രെയിനിംഗ് പിരീഡാണ്.പാര്‍ട്ടിയുടെയോ ഉന്നതരുടെയോ പേര് പറയാതിരിക്കാനുള്ള ട്രെയിനിംഗിന് വേണ്ടിയാണ് സ്വപ്നയെ ഒളിപ്പിച്ചത്. കള്ളക്കടത്തിന്റെ പേരില്‍ നാളിതു വരെ ഒരു മുഖ്യമന്ത്രിയുടെയും ഓഫീസും പ്രതികൂട്ടിലായിട്ടില്ല. എന്നാല്‍ പിണറായി അത് തിരുത്തി. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ വഴിവിട്ട ബന്ധത്തിനുള്ള പ്രത്യൂപകാരമായാണ് സ്വര്‍ണ കടത്തിന് സഹായം നല്‍കിയത്.പുസ്തകം വായിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് യുഎപിഎയും രാജ്യദ്രോഹത്തിനും കള്ളക്കടത്തിനും നേതൃത്വം നല്‍കിയ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് ആഘോഷിക്കാന്‍ അവധിയും നല്‍കുന്ന തരത്തിലേക്ക് പിണറായി വിജയന്റെ ഭരണം അധപ്പതിച്ചിരിക്കുന്നു. സിപിഎം നേതാക്കളും പ്രവര്‍ത്തകരും പൂര്‍ണമായി പിണറായി വിജയന്റെ അടിമകളായി മാറിക്കഴിഞ്ഞു. സര്‍ക്കാര്‍ ജോലി ലഭിക്കാതെ നിരാശ്രയരായി ഉദ്യോഗാര്‍ഥികള്‍ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ കമ്പനികളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും തട്ടിപ്പുകാരെയും പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളെയും ഉയര്‍ന്ന ശമ്പളം നല്‍കി പിന്‍വാതിലുകളിലൂടെ നിയമിക്കുന്നത്.കേസില്‍പ്പെട്ട് സ്വന്തം സെക്രട്ടറിയെ മാറ്റി നിര്‍ത്തിയിട്ടും തനിക്ക് പങ്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രി നീതിബോധമുണ്ടെങ്കില്‍ രാജി വെച്ച് ഒഴിയണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.സ്വര്‍ണകത്തുമായി ബന്ധപ്പെട്ട് ബി ജെ പി നടത്തുന്ന പ്രതികരണങ്ങളുടെ ആത്മാര്‍ത്ഥയില്‍ സംശയിക്കേണ്ടതുണ്ട്. മുഖ്യമന്ത്രിക്കെതിതെ കേന്ദ്രമന്ത്രി വി മുരളീധരന്‍ മനസില്ലാ മനസോടെയാണ് വാര്‍ത്താസമ്മേളനം നടത്തിയത്. ആത്മാര്‍ത്ഥതയുണ്ടായിരുന്നുവെങ്കില്‍ ബി ജെ പി സി ബി ഐ അന്വേഷണത്തിന് സമ്മര്‍ദ്ദം ചെലുത്തുമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു.യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍.ഷഹിന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി വിദ്യ ബാലകൃഷ്ണര്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റിജില്‍ മാക്കുറ്റി, റിയാസ് മുക്കോമി, സംസ്ഥാന ജനറല്‍ സെക്രട്ടിമാരായ പി.കെ.രാഗേഷ്, എം.ധനീഷ്‌ലാല്‍, വി.പി.ദുല്‍ഖിഫില്‍, ഒ ശരണ്യ, സംസ്ഥാന സെക്രട്ടറി പി.നിധീഷ് സംസാരിച്ചു.

Related posts

Leave a Comment