സ്വപ്‌നയുമായുള്ള മുഖ്യന്റെ ബന്ധം: ക്ലിഫ് ഹൗസിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്തു വിടണമെന്നു പി.ടി തോമസ്

ബെഹ്‌റയുടെയും ശിവശങ്കരന്റെയും യാത്രാ,ഫോണ്‍ രേഖകള്‍ പരിശോധിക്കണം!
കൊച്ചി:സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നിരവധി തവണ എത്തിയിരുന്നതായി തെളിവുകള്‍ പുറത്തു വരുന്ന സാഹചര്യത്തില്‍ ക്ലിഫ് ഹൗസിലെ ദൃശ്യങ്ങള്‍ പുറത്തു വിടണമെന്നും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിക്കണമെന്നും പി.ടി.തോമസ് എം.എല്‍.എ. പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സ്വപ്‌നയെ പരിചയമില്ലെന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിവാദ നായികയെ അറിയില്ലെന്നാണ് പത്രസമ്മേളനത്തില്‍ പിണറായി വിജയന്‍ പറഞ്ഞത്. ഇത് കളവാണെന്നു തെളിയുകയാണ്. സ്വമേധയാ അന്വേഷണത്തിന് വിധേയനാകാന്‍ പിണറായി വിജയന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐ.ടി സെക്രട്ടറിയായിരുന്ന ശിവശങ്കരനൊപ്പവും അല്ലാതെയും മുഖ്യമന്ത്രിയുടെ വസതിയില്‍ സ്വപ്‌ന എത്തിയിട്ടുണ്ട്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെയും ഐ.ടി. സെക്രട്ടറി ശിവശങ്കരന്റെയും ഫോണ്‍, യാത്രാ, ഇന്റര്‍നെറ്റ് രേഖകള്‍ പിടിച്ചെടുത്തും ബെഹ്‌റയെ മാറ്റി നിര്‍ത്തിയും അന്വേഷണം നടത്തണം. നാസയിലേതുള്‍പ്പെടെ ലോക പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞര്‍ പങ്കെടുത്ത കോണ്‍ക്ലേവില്‍ നാല് മണിക്കൂര്‍ ഒപ്പമിരുന്ന സ്വപ്‌നയെയാണ് അറിയില്ലെന്നു പിണറായി പറയുന്നത്. സ്പ്രിങ്ക്‌ളര്‍ ഇടപാട് വിവാദമായപ്പോള്‍, തന്റെ സെക്രട്ടറി ശിവശങ്കരന്‍ വിശദീകരിക്കുമെന്നാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കരന്റെ വിശദീകരണം ആവശ്യപ്പെടാത്തത് ദുരൂഹമാണ്. വിശദീകരിക്കാന്‍ അനുവദിക്കാത്തതാണെന്ന സംശയം ഉയരുന്നു.
സ്വര്‍ണക്കടത്തില്‍ 12 കോടി രൂപയുടെ ഇടപാട് നടന്നെന്നാണ് പ്രാഥമിക വിവരം. ആരാണ് വിദേശത്ത് ഈ തുകയ്ക്ക് തുല്യമായ ഇടപാട് നടത്തിയത്, പണത്തിന്റെ ഉറവിടം, കള്ളക്കടത്ത് ശൃംഖലയിലുള്‍പ്പെട്ടവര്‍ തുടങ്ങിയവയ്ക്ക് ഉത്തരം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്താത്തത് മനപൂര്‍വം കാലതാമസമുണ്ടാക്കി കുറ്റവാളികള്‍ക്ക് രക്ഷപെടാന്‍ സൗകര്യമൊരുക്കാനാണ്. ചെറുതോ, വലുതോ ആയാലും കുറ്റം കണ്ടാല്‍ സി.ആര്‍.പി.സി. പ്രകാരം കേസെടുക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല. കേസെടുക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത് സത്യപ്രതിജ്ഞാ ലംഘനം കൂടിയാണെന്ന് പി.ടി.തോമസ് ചൂണ്ടിക്കാട്ടി. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് സ്വപ്‌ന ഒളിവില്‍ കഴിയുന്നത്. പിടിക്കപ്പെടുമ്പോള്‍ പറയാനുള്ള മൊഴി സ്വപ്‌നയെ ഒളിവില്‍ പഠിപ്പിക്കുകയാണ്.
കേസില്‍ ഡി.ജി.പിയുടെ പങ്ക് പരിശോധിക്കണം. കോവിഡ് കാലത്ത് പൊലീസ് മേധാവി നടത്തിയ വിദേശയാത്രയെക്കുറിച്ചും അന്വേഷിക്കണം. ശിവശങ്കരന്റെയും ഡി.ജി.പിയുടെയും കോള്‍ ലിസ്റ്റുകള്‍, ഇന്റര്‍നെറ്റ് രേഖകള്‍ തുടങ്ങിയവ പിടിച്ചെടുത്ത് കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കണം. സ്പീക്കര്‍ കൂടി ഉള്‍പ്പെട്ടതെന്ന നിലയില്‍ ലോക കേരള സഭയുടെ നടത്തിപ്പും പിന്നീട് ഇതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളും അന്വേഷിക്കേണ്ടതാണ്.
ശതകോടീശ്വരന്മാരുടെ മനസാക്ഷി സൂക്ഷിപ്പുകാരനായി മാറിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അവര്‍ക്കു വേണ്ടി പി.ആര്‍. വര്‍ക് നടത്തുന്നയാളായി തരം താഴ്ന്നിരിക്കുകയാണ്. സി.പി.എം. ജില്ലാ കമ്മിറ്റികള്‍ അറിഞ്ഞ് മാത്രമേ ഇടത് മന്ത്രിമാര്‍ പരിപാടികളില്‍ പങ്കെടുക്കൂവെന്നാണ് പിണറായി പറഞ്ഞിരുന്നത്. പ്രതികളിലൊരാളുടെ കട സ്പീക്കര്‍ ഉദ്ഘാടനം ചെയ്തത് പാര്‍ട്ടി നേതൃത്വം അറിഞ്ഞാണോയെന്ന് വ്യക്തമാക്കണം. 2019-ലെ പ്രളയകാലത്ത് യു.എ.ഇയില്‍നിന്നു ലഭിച്ച പത്ത് കോടിയുടെ സഹായത്തില്‍ രണ്ട് കോടി മാത്രമാണ് ദുരിതാശ്വാസമായി കൊടുത്തത്. ശേഷിച്ച് എട്ട് കോടി രൂപ കണ്ടെത്തിയാല്‍ സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണത്തിലും ഇത് സഹായകമാകും.
സ്വപ്‌നയെ അറിയില്ലെന്നും അവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും പത്രസമ്മേളനത്തില്‍ പറഞ്ഞ മുഖ്യമന്ത്രി ഇതിന് ഉപോദ്ബലകമായി പറഞ്ഞ കാര്യങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുന്നതാണ്. സ്വപ്‌നക്കെതിരേ കോടതിയില്‍ നിലവിലുണ്ടായിരുന്ന കേസില്‍, സര്‍ക്കാര്‍ നല്ല നിലയില്‍ കേസ് നടത്തിയെന്ന കോടതി പരാമര്‍ശമാണ് പിണറായി തന്റെ ഭാഗം ന്യായീകരിക്കാനുള്ള എടുത്തു പറഞ്ഞത്. ഈ കേസില്‍ 27.02.2017 വരെ കേസ് നന്നായി അന്വേഷിച്ചുവെന്ന ഹൈക്കോടതി ജഡ്ജി രാജ വിജയരാഘവന്റെ പരാമര്‍ശമാണിത്. എന്നാല്‍ 26.07.2017ല്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി 11 മുമ്പാകെ ഇതേ അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സ്വപ്‌നക്ക് അനുകൂലമായാണ്. പ്രതിഭാഗം ചേര്‍ന്ന് കേസ് നടത്താന്‍ തെളിവില്ലാത്തതിനാല്‍ പ്രതിഭാഗത്തെ കുറവ് ചെയ്യണമെന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. പെട്ടെന്നൊരു ദിവസം അട്ടിമറിക്കപ്പെട്ട കേസില്‍ ഇടപെട്ട്, ഡിവൈ.എസ്.പി. റാങ്കില്‍ കുറയാത്ത ഒരുദ്യോഗസ്ഥനെ വച്ച്  അന്വേഷണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചെങ്കിലും സമയത്ത് നല്‍കിയില്ലെന്നും പി.ടി.തോമസ് പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടില്ലെന്ന് കസ്റ്റംസിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതും തന്റെ ഭാഗം ന്യായീകരിക്കാന്‍ പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ ഉദ്യോഗസ്ഥന്റെ ഇടത് തീവ്രരാഷ്ട്രീയ നിലപാട് മാധ്യമങ്ങള്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. തീക്കട്ടയില്‍ ഉറുമ്പരിക്കുന്ന ഭരണമാണ് കേരളത്തില്‍. തട്ടിപ്പ് ആരോപണ വിധേയമായ എക്‌സലോജിക് എന്ന സ്ഥാപനത്തിന്റെ എം.ഡിയുടെ പിതാവായി മുഖ്യമന്ത്രി തരംതാഴ്ന്ന ദൗര്‍ഭാഗ്യകരമായ സ്ഥിതിയാണെന്നും പി.ടി തോമസ് പറഞ്ഞു.

Related posts

Leave a Comment