കോവിഡിന്റെ മറവില്‍ സി ബി എസ് ഇ സിലബസില്‍ നിന്ന് വളരെ പ്രധാനപ്പെട്ട പാഠഭാഗങ്ങള്‍ ഒഴിവാക്കിയത് പുതുതലമുറയെ ചരിത്രപാഠങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിന് തുല്യമാണ്. അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ടത് കാരണം 30 ശതമാനം പാഠങ്ങള്‍ പഠിപ്പിക്കേണ്ടതില്ലെന്ന തീരുമാനം സര്‍ക്കാര്‍ നടപ്പാക്കുന്നത് വര്‍ഗീയ ചിന്തയോടെയാണ്. ഒമ്പത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങളാണ് സര്‍ക്കാര്‍ മുറിച്ചു മാറ്റുന്നത്. പൗരത്വവും മതനിരപേക്ഷതയും മുതല്‍ ജി എസ് ടി യും, നോട്ട്പിന്‍വലിക്കല്‍ വരെയുള്ള ഭാഗങ്ങളെ തമസ്‌കരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ജനാധിപത്യത്തെ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പ്രാഥമിക അറിവുകള്‍ നല്‍കുന്ന ഒമ്പതാം ക്ലാസിലെ സാമൂഹിക പാഠത്തില്‍ നിന്ന് അഞ്ച് അധ്യായങ്ങളാണ് ഒഴിവാക്കിയത്. പതിനൊന്നാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്ന് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഫെഡറല്‍ ബന്ധത്തെ പ്രതിപാദിക്കുന്ന ഭാഗങ്ങളും പൗരത്വം, മതനിരപേക്ഷത, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാധാന്യം എന്നിവയടങ്ങുന്ന പാഠഭാഗങ്ങളും ഒഴിവാക്കിയിരിക്കുന്നു. പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്ന് ആസൂത്രണവും പഞ്ചവത്സര പദ്ധതികളും, ഇന്ത്യയും അയല്‍രാജ്യങ്ങളും തമ്മിലുള്ള ബന്ധം, സാമൂഹിക മുന്നേറ്റങ്ങള്‍ എന്നിവയാണ് പഠിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കനുസൃതമായി സ്‌കൂള്‍ സിലബസില്‍ വരുത്തിയ മാറ്റം ചരിത്രപരമായ അറിവുകളുടെ നിഷേധമാണ്. കോവിഡിന്റെ വ്യാപനത്തില്‍ രാജ്യം ആശങ്കയില്‍ മുങ്ങിനില്‍ക്കുമ്പോള്‍ എതിര്‍പ്പിന്റെ ശക്തി കുറയുമെന്ന നിഗമനത്തിലാണ് പാഠപുസ്തകങ്ങളില്‍ മായം ചേര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ച് എല്ലാ ഫാസിസ്റ്റുകളും ആദ്യം കൈവെച്ചിട്ടുള്ളത് പാഠപുസ്തകങ്ങളിലായിരുന്നു. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകങ്ങളില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും പുതുതലമുറയെ അജ്ഞരാക്കി മാറ്റിനിര്‍ത്തുകയെന്ന ലക്ഷ്യമാണ് ഈ തിരസ്‌കാരത്തിന് പിന്നിലുള്ളത്.
ജനാധിപത്യം, പൗരത്വം, മതേതരത്വം, ഫെഡറലിസം തുടങ്ങിയ ഇന്ത്യയുടെ ഭരണഘടനാപരമായ ആശയങ്ങള്‍ ലോകോത്തരമാണ്. മഹത്തായ ഈ പൈതൃകങ്ങളെ പിഞ്ചുമനസ്സുകളുടെ ജ്ഞാനപരിധിയില്‍ നിന്ന് പിഴുതെറിയുകയും രാജ്യത്തിന്റെ പൂര്‍വകാലത്തെ സംബന്ധിച്ച് ആത്മനിന്ദ കലര്‍ന്ന സ്മൃതികള്‍ അവശേഷിപ്പിക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സ്വാതന്ത്ര്യത്തിനുശേഷം നിസ്വവും ദരിദ്രവുമായ ഇന്ത്യയെ പഞ്ചവത്സര പദ്ധതികളിലൂടെയും ആസൂത്രണ കമ്മീഷനിലൂടെയുമായിരുന്നു രാഷ്ട്രശില്പി ജവഹര്‍ലാല്‍ നെഹ്‌റു കൈപിടിച്ചുയര്‍ത്തിക്കൊണ്ടുവന്നത്. സമാധാനപൂര്‍വ മാര്‍ഗത്തിലൂടെയുള്ള സാമ്പത്തിക വിപ്ലവമായിരുന്നു ഇന്ത്യ വിജയിച്ചത്. ഇതേക്കുറിച്ച് പുതുതലമുറയെ അജ്ഞരാക്കുകയാണ് ഭരണകൂടം സാധ്യമാക്കുന്നത്. ‘ജനാധിപത്യാവകാശങ്ങളും ഇന്ത്യന്‍ ഭരണഘടനയും’ എന്ന അധ്യായം നീക്കം ചെയ്യുകവഴി ഇന്ത്യന്‍ ഭരണഘടനയുടെ ശക്തിയും ജനാധിപത്യത്തിന്റെ സൗന്ദര്യവും ദുര്‍ബലവും വികൃതവുമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ജനാധിപത്യവും വൈവിധ്യങ്ങളും, ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍, മതം, ജാതി, ലിംഗം തുടങ്ങിയ പാഠങ്ങള്‍ ഉപേക്ഷിച്ചതും ഇന്ത്യന്‍ ജനാധിപത്യത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഇന്ത്യയുടെ പുതിയ സാമൂഹ്യ മാറ്റങ്ങളെയും സാമൂഹിക പ്രസ്ഥാനങ്ങളെയും കുറിച്ചുള്ള ശ്രദ്ധേയമായ പാഠങ്ങള്‍ പറിച്ചെറിയുന്നത് രാജ്യത്തിന്റെ ഇന്നലെകളെക്കുറിച്ച് അറിവില്ലാത്ത ഒരു തലമുറയുടെ പിറവിക്ക് കാരണമാകും. ബിസിനസ് സ്റ്റഡീസില്‍ നിന്ന് ജി എസ് ടിയും നോട്ട്‌നിരോധനവും ഒഴിവാക്കിയത് സ്വന്തം പരാജയത്തെ മറച്ചുപിടിക്കാന്‍ വേണ്ടിമാത്രമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ പങ്കില്ലാത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനം രാജ്യത്തിന്റെ ഭരണാധികാരികളാകുമ്പോള്‍ അവര്‍ക്ക് ഇന്നലെകളില്ല. ഭൂതകാലങ്ങളെയും പൈതൃകത്തെയും പാരമ്പര്യത്തെയും ചൊല്ലി അഭിമാനം കൊള്ളാനില്ലത്തവര്‍ ചരിത്രത്തിലും പാഠപുസ്തകങ്ങളിലും കലര്‍ത്തുന്ന മായവും മയക്കുമരുന്നും ഒരു തലമുറയെതന്നെ വഴിതെറ്റിക്കും. ഇവര്‍ വളരുന്നത് രാജ്യത്തെ സംബന്ധിച്ച് അഭിമാനമില്ലാത്ത ഒരു തലമുറയായിട്ടായിരിക്കും. ഇന്ന് സിലബസ് തിരുത്തുന്നവര്‍ നാളെ ചരിത്രംതന്നെ തിരുത്തുമെന്ന് തീര്‍ച്ച.
സിലബസ് തിരുത്തല്‍ ചരിത്രനിഷേധം
