ഇതോ നാം സ്വപ്നംകണ്ട ഇന്ത്യയെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ലോക്ഡൗണിനെ തുടര്‍ന്ന് പട്ടിണിയിലായ കുടുംബത്തെ പുലര്‍ത്താന്‍ 150 രൂപയ്ക്ക് ശരീരം വിറ്റ് പെണ്‍കുട്ടികള്‍. ഉത്തര്‍ പ്രദേശിലെ ബുന്ദേല്‍ഖണ്ഡിനടുത്ത് ചിത്രകൂട്ട് ഖനന മേഖലയിലാണ് പട്ടിണിയുടെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തത്. ലോക്ഡൗണില്‍ പട്ടിണിയിലായതോടെയാണ് ദിവസം തുച്ഛമായ 150, 200 രൂപ കിട്ടാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു സ്വയം വില്‍ക്കേണ്ടി വന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട്‌ചെയ്തു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഖനികളിലെ കരാറുകാരും ഇടനിലക്കാരുമാണ് തീര്‍ത്തും ദരിദ്ര ചുറ്റുപാടില്‍ കഴിയുന്ന ഗോത്ര കുടുംബങ്ങളിലെ പെണ്‍കുട്ടികളോട് ഈ ക്രൂരത കാട്ടിയത്. ലോക്ഡൗണ്‍ വന്നതോടെ ജോലിയില്ലാതാവുകയും കുടുംബം ഒന്നടങ്കം പട്ടിണിയിലാവുകയും ചെയ്തതോടെ മറ്റുനിര്‍വാഹമില്ലാത്തതിനാലാണ് പെണ്‍കുട്ടികള്‍ വഴങ്ങിക്കൊടുക്കേണ്ടിവരുന്നതെന്ന് വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. എതിര്‍ത്താല്‍ ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയുണ്ട്. വഴങ്ങിത്തരില്ലെന്നു പറഞ്ഞാല്‍ ഇനി ഖനിയില്‍ പണിയെടുപ്പിക്കില്ലെന്ന ഭീഷണിയാണ് ഉടമകളും ഒപ്പമുള്ളവരും മുഴക്കുക. ചിലര്‍ കുന്നിനു താഴേക്ക് വലിച്ചെറിയുമെന്നും ഭീഷണിപ്പെടുത്തും. പിന്നെ തങ്ങള്‍ എങ്ങനെ ജീവിക്കുമെന്നാണ് ഈ പെണ്‍കുട്ടികള്‍ ചോദിക്കുന്നത്. ഖനിയില്‍ പണിയെടുപ്പിക്കുകയും ശരീരം വില്‍ക്കുകയും ചെയ്യേണ്ടി വന്നാലും പൂര്‍ണമായി വേതനം നല്‍കില്ലെന്നും പെണ്‍കുട്ടികള്‍ പരാതിപ്പെടുന്നു. ചിത്രകൂട്ടില്‍ 50ല്‍പ്പരം കരിങ്കല്‍ ക്രഷറുകളാണ് പ്രവര്‍ത്തിക്കുന്നത്. മേഖലയില്‍ താമസിക്കുന്ന കോല്‍ ഗോത്രവര്‍ഗക്കാര്‍ക്ക് ഈ ഖനികളില്‍ ജോലിയെടുക്കുകയല്ലാതെ മറ്റു വരുമാന മാര്‍ഗങ്ങളൊന്നുമില്ല.
സംഭവത്തെ അപലപിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മുന്നൊരുക്കമില്ലാതെ പ്രഖ്യാപിച്ച ലോക്ഡൗണിനെത്തുടര്‍ന്ന് പട്ടിണിയിലായ കുടുംബത്തെ പോറ്റാന്‍ ഈ പെണ്‍കുഞ്ഞുങ്ങള്‍ക്ക് കൊടുക്കേണ്ടി വന്നത് വലിയ വിലയാണെന്ന് ട്വീറ്റ് ചെയ്തു. ഇതാണോ നമ്മള്‍ സ്വപ്നം കണ്ട ഇന്ത്യയെന്നും രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചു.