മുഖ്യമന്ത്രി കാലാവധി തികക്കില്ല: കെ മുരളീധരന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കാലാവധി തികയ്ക്കില്ലെന്ന് കെ മുരളീധരന്‍ എം.പി. സ്വര്‍ണക്കടത്തു കേസില്‍ തനിക്കൊന്നുമറിയില്ലെന്നാണ് പിണറായി വിജയന്‍ പറയുന്നത്. പിന്നെ എന്തിനാണ് ആ കസേരയില്‍ ഇരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ചാരക്കേസ് ഉയര്‍ന്നപ്പോള്‍ ചാരമുഖ്യന്‍ രാജിവെക്കണമെന്ന് പറഞ്ഞവര്‍ ഇന്ന് സ്വര്‍ണ  മുഖ്യന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെടാത്തതെന്താണ്. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് സ്വര്‍ണക്കടത്തിന് പിന്തുണ നല്‍കിയ ഉദ്യോഗസ്ഥനുണ്ടായിരുന്നത്.സ്വന്തം ഓഫിസിലും വകുപ്പിലും നടക്കുന്നത് അറിയാത്ത മുഖ്യമന്ത്രി ആരുടെ റബ്ബര്‍ സ്റ്റാമ്പാണെന്നും മുരളീധരന്‍ ചോദിച്ചു.മാധ്യമപ്രവര്‍ത്തകന്‍ ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ വൈദ്യ പരിശോധന ഒഴിവാക്കാന്‍ ഇടപെട്ടയാള്‍ ശിവശങ്കര്‍ ആണോ എന്ന് സംശയമുണ്ട്. ഇതേ ലോബി ആണോ അന്നും പ്രവര്‍ത്തിച്ചത് എന്ന് സംശയിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒരു ഫ്‌ളാറ്റില്‍ രാത്രികളില്‍ ചെന്ന് കുടിച്ച് കൂത്താടിയെന്ന് പരിസരവാസികളും റസിഡന്‍സ് അസോസിയേഷനുകളും പറയുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇത് മുഖ്യമന്ത്രി അറിഞ്ഞിരിക്കേണ്ടതല്ലേ. പ്രിന്‍സിപ്പല്‍ സെക്രട്ടറി വഴിവിട്ട് സഞ്ചരിക്കുന്നുവെന്ന് ഏതെങ്കിലും റിപ്പോര്‍ട്ട് അദ്ദേഹത്തിന് ഇന്റലിജന്‍സ് കൊടുത്തിരുന്നോ. കൊടുത്തിരുന്നെങ്കില്‍ എന്തുകൊണ്ട് അത് മുഖവിലയ്‌ക്കെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല എന്നും അദ്ദേഹം ചോദിച്ചു.സ്വന്തം ഓഫിസിലെ ദൂഷിത വലയത്തിലെ ദുര്‍ഗന്ധം സൃഷ്ടിക്കുന്ന ഉന്മാദത്തിന്റെ തടവുകാരനായി പിണറായി മാറിയെന്നും മുരളീധരന്‍  പറഞ്ഞു.സിബിഐ അന്വേഷിച്ചാല്‍ പല കാര്യങ്ങള്‍ക്കും മറുപടിയാകും. സ്പ്രിങ്ക്ലര്‍, ബെവ് ക്യു ആപ്പ് അടക്കമുള്ള കാര്യങ്ങള്‍ പുറത്ത് വരും. ഇനി പന്ത് കേന്ദ്രത്തിന്റെ കോര്‍ട്ടിലാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷവും ആവശ്യപ്പെട്ട സ്ഥിതിക്ക് അടിയന്തരമായി സിബിഐ അന്വേഷണം പ്രഖ്യാപിക്കണം. അന്വേഷണം പ്രഖ്യാപിക്കുന്നതിന് മുമ്പ് മുഖ്യന്‍ രാജി പ്രഖ്യാപിക്കണം, ധാര്‍മികത കാണിക്കണം. രാജന്‍ കേസില്‍ കരുണാകരന്‍ കാണിച്ച ധാര്‍മിക നീതി കാണിക്കണം. ശിവശങ്കറിന് അവധി കൊടുക്കുകയല്ല വേണ്ടത്, സസ്‌പെന്‍ഡ് ചെയ്യണം. ലാവ്ലിന്‍ അന്വേഷിച്ച പോലെയല്ല ഇതു അന്വേഷിക്കേണ്ടതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.സോളാര്‍ വിഷയത്തില്‍ ഏതു അന്വേഷണവും നടത്താമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞതാണ്. നിരവധി ചോദ്യംചെയ്യലുകള്‍ക്ക് വിധേയമായാണ് ഉമ്മന്‍ചാണ്ടി നിരപരാധിത്വം തെളിയിച്ചത്. ഏതു കേസ് പൊടി തട്ടിയെടുത്താലും യുഡിഎഫിന് പ്രശ്‌നമല്ല. മുഖ്യമന്ത്രി കാലാവധി തികക്കില്ല. ഈ കേസ് മര്യാദക്ക് അന്വേഷിച്ചാല്‍ വൈകാതെ ഇറങ്ങി പോകേണ്ട അവസ്ഥ വരും. മുഖ്യമന്ത്രിയുടെ ഓഫിസില്‍ തന്നെ ഈ സ്ത്രീയെ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയില്ല.കേന്ദ്രമന്ത്രി വി മുരളീധരന് ഒരു കാര്യവും അറിയില്ല. സിബിഐ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ ഒത്തുകളി നടന്നുവെന്ന് കരുതേണ്ടി വരും. ഈ സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോകോള്‍ നോക്കാതെ സമരം തുടങ്ങേണ്ടി വരുമെന്നും മുരളീധരന്‍ കൂട്ടിചേര്‍ത്തൂ.

Related posts

Leave a Comment