മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും സി.പി.എമ്മിനു ബാധ്യതയായി: ജയ്‌സണ്‍ ജോസഫ്

കൊച്ചി: വര്‍ഷങ്ങളായി ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കള്ളക്കടത്ത് കുഴല്‍പ്പണ ലോബിയുമായി സി.പി.എമ്മിലെ ചില ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ജയ്‌സണ്‍ ജോസഫ് പ്രസ്താവിച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരി തനിക്ക് 13 കോടി രൂപ നല്‍കുവാനുണ്ടെന്ന് പത്രസമ്മേളനം നടത്തി അവകാശപ്പെട്ട യു.എ.ഇ. സ്വദേശി ഷെയ്ക്കിനു നല്‍കുവാനുള്ള പണംതിരികെ നല്‍കി പ്രശ്‌നം പരിഹരിച്ചത് ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ കള്ളക്കടത്ത് ലോബിയാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികളില്‍ സി.പി.എം. അനുഭാവികള്‍ എണ്ണത്തില്‍ കുറവാണെങ്കിലും ഗള്‍ഫില്‍ നിന്നും സി.പി.എമ്മിന് എങ്ങനെ വലിയ നിലയില്‍ സമ്പത്ത് സമാഹരിക്കുവാന്‍ കഴിയുന്നുവെന്ന് സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കണമെന്ന് ജയ്‌സണ്‍ ജോസഫ് ആവശ്യപ്പെട്ടു. വന്‍ സാമ്പത്തിക ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന സി.പി.എമ്മിന്റെ അധോലോക ഇടപാടുകളിലെ ചെറിയൊരു കണ്ണി മാത്രമാണ് സ്വപ്ന സുരേഷെന്നും സ്വന്തം മകള്‍ക്ക് ബിസിനസ് സാമ്രാജ്യം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയും മകന്റെ തകര്‍ന്ന ബിസിനസ് കടങ്ങള്‍ തീര്‍ക്കുവാന്‍ പാടുപെടുന്ന പാര്‍ട്ടി സെക്രട്ടറിയും സി.പി.എമ്മിനു ബാധ്യതയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment