ദത്ത് നടപടികളിൽ ഗൂഢാലോചന; ശിശുക്ഷേമ സമിതിയിലെ സിസി ടിവി ദൃശ്യങ്ങൾ നശിപ്പിച്ചു ; കുഞ്ഞിനെ ‌‌‌‌അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചതെന്നത് പച്ചക്കള്ളം

തിരുവനന്തപുരം: സിപിഎം നേതാക്കളായ മാതാപിതാക്കൾ ചേർന്ന് തട്ടിയെടുത്ത പേരൂർക്കട സ്വദേശിനി അനുപമയുടെ കുട്ടിയെ മറ്റൊരു ദമ്പതികൾക്ക് ദത്ത് നൽകുന്നതിനായി ശിശുക്ഷേമ സമിതി നടത്തിയ ഗൂഢാലോചനയുടെ പുതിയ തെളിവുകൾ പുറത്ത്. സംഭവം നടന്ന ദിവസങ്ങളിലെ നടപടികൾ  പകർത്തിയ ശിശുക്ഷേമ സമിതിയിലെ സിസി ടിവി ദൃശ്യങ്ങൾ നശിപ്പിച്ചതിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വിഷയം നിയമസഭയിൽ ആളിക്കത്തിച്ച് പ്രതിപക്ഷം പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് ശിശുക്ഷേമ സമിതിയിലെ ജീവനക്കാർ തന്നെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. കുട്ടിയെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചതല്ലെന്നും അനുപമയുടെ മാതാപിതാക്കൾ നേരിട്ട് കൊണ്ടുവന്ന് ഏൽപ്പിക്കുകയായിരുന്നുവെന്നും എല്ലാത്തിനും ഒത്താശ ചെയ്തത് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായ ഷിജുഖാനും സൂപ്രണ്ട് ഷീബയും ചേർന്നാണെന്നും പരാതിയിലുണ്ട്. ദത്ത് നടപടികളെല്ലാം നിയമപ്രകാരമാണ് നടന്നതെന്ന് സാമൂഹിക ക്ഷേമ മന്ത്രി വീണാ ജോർജ് നിയമസഭയിൽ നൽകിയ മറുപടി പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതാണ് ജീവനക്കാരുടെ പരാതിയിലെ വിവരങ്ങൾ.
അച്ചടക്ക നടപടി ഉണ്ടാകുമെന്ന് ഭയമുള്ളതിനാൽ പേര് വെളിപ്പെടുത്താനാവില്ലെന്ന ആമുഖത്തോടെയാണ് ഗൂഢാലോചനയുടെ വിവരങ്ങൾ പരാതിയിൽ എണ്ണിയെണ്ണി പറഞ്ഞിരിക്കുന്നത്. 2020 ഒക്ടോബർ 22ന് രാത്രി 12.30നാണ് ശിശുക്ഷേമ സമിതിയിൽ കുഞ്ഞിനെ ലഭിക്കുന്നത്. സംഭവം നടന്ന ദിവസം അമ്മത്തൊട്ടിൽ പൂർണമായി പ്രവർത്തിച്ചിരുന്നില്ലെന്നും പരാതിയിലുണ്ട്. അമ്മത്തൊട്ടിൽ 2002ൽ സ്ഥാപിച്ചിരുന്ന സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കുന്നതിനാൽ അവിടെനിന്നും പൊളിച്ചുമാറ്റി സമിതിയുടെ പഴയ കെട്ടിടത്തോട് ചേർന്ന് സ്ഥാപിച്ചിരുന്നു. അതിന്റെ സാങ്കേതിക ജോലികൾ നടക്കുന്നതിനാൽ അമ്മത്തൊട്ടിൽ പ്രവർത്തന രഹിതമായിരുന്നു. അതിനാലാണ് ഒക്ടോബർ ആദ്യവാരം ലഭിച്ച കുഞ്ഞിനെ തൊട്ടിലിന്റെ പുറത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ മുൻകൂർ ഉറപ്പ് കൊടുത്തത് അനുസരിച്ച് അനുപമയുടെ മാതാപിതാക്കളായ ജയചന്ദ്രൻ, ഭാര്യ സ്മിത, പേരൂർക്കടയിലെ പാർട്ടി ലോക്കൽ കമ്മിറ്റി അംഗം എന്നിവർ ചേർന്ന് ഒക്ടോബർ 22ന് രാത്രി ആൺകുട്ടിയെ ശിശുക്ഷേമ സമിതിയിൽ കൊണ്ടുവരികയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സ് ദീപാറാണിയാണ് കുഞ്ഞിനെ വാങ്ങി ദത്തെടുക്കൽ കേന്ദ്രത്തിൽ കൊണ്ടുപോയത്. തുടർന്ന്, തൈക്കാട് ആശുപത്രിയിൽ കൊണ്ടുപോയ ആൺകുഞ്ഞിനെ പെൺകുഞ്ഞാക്കി റജിസ്റ്ററിൽ എഴുതിച്ചു. മലാല എന്നു പേരിട്ടു മാധ്യമങ്ങളിൽ വാർത്തയും നൽകി.
23ന് മറ്റൊരു കുട്ടിയെയും അമ്മത്തൊട്ടിലിന്റെ മുന്‍വശത്ത് കിടത്തിപോയ നിലയിൽ കിട്ടി. ഇതെല്ലാം ഷിജുഖാന്റെ അനുയായിയായ സൂപ്രണ്ടിന് അറിയാമെന്നും കത്തിൽ പറയുന്നു. എംഎസ്ഡബ്ല്യു വിദ്യാഭ്യാസ യോഗ്യത വേണ്ട ദത്തെടുക്കൽ കേന്ദ്രത്തിലെ അഡോപ്ഷൻ ഓഫിസറുടെ ചുമതലയും ബിരുദം മാത്രമുള്ള സൂപ്രണ്ടിനാണ് നൽകിയിരിക്കുന്നത്. ആൺകുട്ടിയെ പെൺകുട്ടിയാക്കി മാറ്റിയത് വിവാദമായപ്പോൾ സൂപ്രണ്ടാണ് തൈക്കാട് ആശുപത്രിയിൽപോയി രജിസ്റ്ററിൽ പെൺകുട്ടി എന്നത് ആൺകുട്ടിയായി മാറ്റി എഴുതിച്ച് മറ്റൊരു ഒപി ടിക്കറ്റ് വാങ്ങിയത്. പാർട്ടി നേതാവായ ജയചന്ദ്രൻ തന്റെ മകളുടെ സമ്മതമില്ലാതെ കുട്ടിയെ ഉപേക്ഷിക്കാൻ എത്തിയപ്പോൾ ഭാവിയിൽ വിവാദം ഉണ്ടാകുമെന്ന് അറിയിച്ച് ഷിജുഖാൻ പിന്തിരിപ്പിക്കേണ്ടതായിരുന്നു. എന്നാൽ, മാതാപിതാക്കളെ പ്രോത്സാഹിപ്പിച്ച് വിവാദമാക്കി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ് ചെയ്തത്. അനുപമ കുഞ്ഞിനെ ആവശ്യപ്പെട്ട് ശിശുക്ഷേമ സമിതിയിലെത്തിയിട്ടും ആന്ധ്രയിലെ ദമ്പതികൾക്ക് എന്തിനു കുട്ടിയെ നൽകി എന്ന് അന്വേഷിക്കണം. മുതിർന്ന ജീവനക്കാർ ഇക്കാര്യം ഷിജുഖാനെ അറിയിച്ചെങ്കിലും അവരെ സ്ഥാനത്തുനിന്ന് മാറ്റി. അനുപമ കുഞ്ഞിന്റെ ഡിഎൻഎ ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ടപ്പോൾ 2020 ഒക്ടോബർ 23ന് ലഭിച്ച പെലെ എഡിസൺ എന്ന കുട്ടിയുടെ ഡിഎൻഎ നൽകി അമ്മയെ കബളിപ്പിച്ചത് അന്വേഷിക്കണമെന്നും പരാതിയിലുണ്ട്.
അതേസമയം, ദത്ത് നൽകൽ നടപടിയിലെ ഗൂഢാലോചനയെക്കുറിച്ച് ജീവനക്കാർ തന്നെ പരാതി നൽകിയ പശ്ചാത്തലത്തിൽ ഇക്കാര്യങ്ങളും പൊലീസ് അന്വേഷിക്കേണ്ടിവരും. ശിശുക്ഷേമ സമിതിയിൽനിന്ന് വിവരങ്ങൾ ലഭിക്കാത്തതിനാൽ അന്വേഷണം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്നതു സംബന്ധിച്ചു പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.

Related posts

Leave a Comment