ജയരാജന്‍ പോയ വഴിയും മോഹന്‍ വന്ന വഴിയും

2016 മെയ് 24 മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു തലേദിവസം, ഇന്ന് തന്റെ ജന്മദിനം കൂടിയാണെന്ന് വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകര്‍ക്ക് മധുരം നല്‍കിയായിരുന്നു പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം. വാക്കിലും മധുരം.’ഞാന്‍ മുഖ്യമന്ത്രിയായാല്‍ എന്റെ ബന്ധുക്കളെന്ന് പറഞ്ഞ് ചിലര്‍ വരാം. ഇങ്ങനെ പറഞ്ഞ് ഇപ്പോഴേ ചിലര്‍ നടക്കുന്നതായി അറിഞ്ഞു. അത്തരം അവതാരങ്ങളെ സൂക്ഷിക്കണം. കഴിഞ്ഞദിവസം ഞാന്‍ നിയോഗിച്ചതാണെന്നു പറഞ്ഞ് ഒരാള്‍ ഹൈദരാബാദില്‍ പോയി. പക്ഷേ, എന്നെ അറിയാവുന്നതു കൊണ്ട് വന്നയാളെ വിശ്വസിച്ചില്ല. ഇങ്ങനെയുള്ള അവതാരങ്ങള്‍ക്ക് എന്നെ ശരിക്കും അറിയില്ല. ഇക്കാര്യത്തില്‍ മന്ത്രിസഭയിലുള്ള മറ്റുള്ളവര്‍ക്കും സൂക്ഷ്മത വേണം. മന്ത്രിമാരുടെ പെഴ്സണല്‍ സ്റ്റാഫും അഴിമതിമുക്ത സര്‍ക്കാരിന്അനുയോജ്യമായിരിക്കണം. അതിനാല്‍ അവരുടെ നിയമനം ശ്രദ്ധാപൂര്‍വമാകും…’മാധ്യമങ്ങളത് ആഘോഷിച്ചു. പൊതുസമൂഹം കൈയടിച്ചു. ‘അവതാര’ങ്ങളൊന്നും അധികാരത്തിന്റെ ഇടനാഴികളില്‍ അലഞ്ഞു നടക്കില്ലെന്ന് ആശ്വസിച്ചു. പക്ഷേ, സംഭവിച്ചതോ. കോടികള്‍ ചെലവഴിച്ച് കുറേ ഉപദേശകന്മാരെ മുഖ്യമന്ത്രി ആദ്യം കുടിയിരുത്തി. അവരുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി പല പല ‘അവതാരങ്ങള്‍’ പറന്നെത്തി. അവര്‍ തീരുമാനിക്കുന്ന കാര്യങ്ങള്‍ വിനീതവിധേയനായി അനുസരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പിന്നീടങ്ങോട്ടു കേരളം കണ്ടു. ഇപ്പോഴിതാ സ്വന്തം തടി രക്ഷിക്കാനുള്ള വെപ്രാളത്തില്‍ ഏറ്റവും വിശ്വസ്തനായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനെ വരെ സെക്രട്ടേറിയറ്റില്‍ നിന്നു പുറന്തള്ളേണ്ട അവസ്ഥയിലെത്തിയിരിക്കുന്നു പിണറായി വിജയന്‍…തൊഴിലാളി പാര്‍ട്ടിയെന്നു പറയാന്‍ പോലും പറ്റാതെ വന്‍കിട മുതലാളിമാരുടേയും മാഫിയകളുടേയും ആസനം താങ്ങി ‘സ്വപ്‌ന’സാമ്രാജ്യങ്ങളില്‍ അഭിരമിക്കുന്നവരുടെ തനിനിറമാണ് അനാവരണം ചെയ്യുന്നത്. അഴിഞ്ഞുവീഴുകയാണ് കാപട്യത്തിന്റെ പൊയ്മുഖങ്ങള്‍..’വീക്ഷണം‘ ചീഫ് ന്യൂസ് എഡിറ്റര്‍ പി. സജിത്കുമാര്‍ തയ്യാറാക്കിയ പരമ്പരഇന്നു മുതല്‍…

സ്വര്‍ണക്കടത്ത് വിഷയത്തില്‍ വിവാദത്തിലായ എം.ശിവശങ്കറിനെ തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും പിന്നീട് ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റാന്‍ മുഖ്യമന്ത്രി തയ്യാറായതാണ് കഴിഞ്ഞ ദിവസങ്ങളിലെ വലിയ വാര്‍ത്ത. പക്ഷേ, ഒരു ശിവശങ്കര്‍ മാത്രമാണോ മുഖ്യമന്ത്രിയുടെ ഓഫീസില്‍ അന്താരാഷ്ട്ര ഇടപാടുകളെല്ലാം നിയന്ത്രിക്കുന്നത്..?ശിവശങ്കര്‍ പിണറായി വിജയന്റെ വിശ്വസ്തനായിരുന്നു. തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ശിവശങ്കരനെ നിയമിക്കുന്ന കാര്യം പിണറായി വിജയന്‍ തന്നെയാണ് പാര്‍ട്ടിയെ അറിയിച്ചത്. ഐടി സെക്രട്ടറിയുടെ ചുമതല കൂടി ശിവശങ്കരനു നല്‍കിയിരുന്നു. ഓഫീസിന്റെ നിയന്ത്രണവും തുടക്കത്തില്‍ ശിവശങ്കരനായിരുന്നു. എന്നാല്‍ ശിവശങ്കരന് ‘മറ്റു പല കാര്യങ്ങളിലും’ ശ്രദ്ധ വേണ്ടി വന്നതിനാല്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. ഓരോ ഫയലിലും ഒരു ജീവിതമുണ്ടെന്ന് ജീവനക്കാരെ വികാരഭരിതനായി ഓര്‍മ്മിപ്പിച്ച പിണറായി വിജയന്റെ ഓഫീസ് തീര്‍പ്പാക്കാത്ത ഫയലുകളുടെ കൂമ്പാരമായതോടെ പാര്‍ട്ടിക്കകത്ത് അതു ചര്‍ച്ചയായി. ഭരണത്തിന് വേഗം പോരെന്നും ഫയലുകള്‍ അനങ്ങുന്നില്ലെന്നുമുള്ള വിമര്‍ശനം എല്‍ഡിഎഫ് യോഗത്തിലും ഉയര്‍ന്നു. ഇതോടെ മുഖ്യമന്ത്രിക്ക് പാര്‍ട്ടിയില്‍ നിന്നു തന്നെ മുഴുവന്‍ സമയ പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കാന്‍ തീരുമാനിച്ചു. കണ്ണൂരില്‍ നിന്നുള്ള എം വി ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഎം സെക്രട്ടറിയേറ്റ് നിയമിക്കുകയായിരുന്നു.എം വി ജയരാജന്‍ ആളു സമര്‍ത്ഥനാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു വരുന്നവരെയെല്ലാം കൃത്യമായി സ്വീകരിച്ചിരുത്തി, അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി. പാര്‍ട്ടിക്കാര്‍ക്ക് സമാധാനമായി. ജയരാജനെ കണ്ടാല്‍ കാര്യം നടക്കുമെന്ന് പൊതുവായൊരു ധാരണ വന്നു. പിണറായി വിജയന്‍ അപകടം മണത്തു. എം വി ജയരാജന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വെച്ച് പാര്‍ട്ടിക്കകത്ത് ശക്തനാകുമെന്ന തിരിച്ചറിവില്‍ മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട പല ഇടപാടികളും ജയരാജന്‍ മനസിലാക്കുന്നത് ഭാവിയില്‍ അപകടം ചെയ്യുമെന്ന കണക്കുകൂട്ടലില്‍ അവിടെ നിന്ന് ജയരാജനെ പുകച്ചു ചാടിക്കാന്‍ അദ്ദേഹം അവസരം നോക്കി നടന്നു.പാര്‍ട്ടിക്കാര്‍ക്കു കൂടി ബോധ്യപ്പെടുന്ന രീതിയിലേ ജയരാജനെ ഒഴിവാക്കാന്‍ പറ്റുള്ളൂ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു കാലം പിണറായി വിജയന് ‘സുവര്‍ണാവസര’മായി.ഒരു വെടിക്ക് രണ്ടല്ല മൂന്നു പക്ഷി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനെ വടകരയിലേക്ക് മല്‍സരിക്കാന്‍ നിയോഗിച്ച് ജില്ലാ സെക്രട്ടറി സ്ഥാനം എം വി ജയരാജനു നല്‍കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് എം വി ജയരാജനെ ഒഴിവാക്കി. പ്രവര്‍ത്തക പിന്തുണ കൊണ്ട് തനിക്കു മേലെ വളരുന്നുവെന്ന തോന്നലില്‍ മുമ്പേ ഉന്നമിട്ട പി ജയരാജനെ നൈസായി ഒതുക്കുകയും ചെയ്തു. അപ്പോള്‍ ഒരു വെടിക്കു രണ്ടു പക്ഷി. അപ്പോള്‍ മൂന്നാമത്തെ പക്ഷി..? അതാണ് എം വി ജയരാജനു പകരം പാര്‍ട്ടിനേതാവല്ലാതെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു വന്ന ആര്‍ മോഹന്‍.ആര്‍ മോഹനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കും മുമ്പ് മറ്റൊരാള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കുടിയിറങ്ങിയിരുന്നു. ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ. പ്രധാന ഫയലുകളൊന്നും നളിനി നെറ്റോയ്ക്ക് അയക്കാതെ അവരെ വല്ലാതെ ഒറ്റപ്പെടുത്തുകയായിരുന്നു അതു വരെ. നളിനി നെറ്റോയുടെ സഹോദരനാണ് മോഹന്‍. പ്രൈവറ്റ് സെക്രട്ടറിയായി മോഹന്‍ വരുന്നതറിഞ്ഞതോടെ നളിനി നെറ്റോ രാജിക്കത്തു നല്‍കി പടിയിറങ്ങി. ആര്‍.മോഹന്‍ തന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനാകുമ്പോള്‍ അതേ ഓഫിസില്‍ തുടരുന്നതിലെ അനൗചിത്യം കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ സഹോദരി നളിനി നെറ്റോ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്നായിരുന്നു പിണറായി വിജയന്‍ അന്ന് മാധ്യമങ്ങളോടു പറഞ്ഞത്.സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ ആരെങ്കിലും പ്രൈവറ്റ് സെക്രട്ടറിയാകുമെന്ന പാര്‍ട്ടിക്കാരുടെ പ്രതീക്ഷ പൊളിച്ചു കൊണ്ട് സ്വന്തം നിലയില്‍ താല്‍പര്യമെടുത്തായിരുന്നു മോഹനെ പിണറായി വിജയന്‍ പ്രൈവറ്റ് സെക്രട്ടറിയാക്കിയത്. പ്രൈവറ്റ് സെക്രട്ടറിയുടെ നിയമനം സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പോലും ചര്‍ച്ച ചെയ്തതുമില്ല. സത്യത്തില്‍ തന്റെ ഇടപാടികള്‍ സുഗമമാക്കാന്‍ വലിയൊരു കറക്കു കമ്പനി മുഖ്യമന്ത്രി രൂപപ്പെടുത്തുകയായിരുന്നു. ആരായിരുന്നു മോഹന്‍ എന്നു കൂടി അറിയണം. ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ (ഐആര്‍എസ്) ചേരുന്നതിനു മുമ്പ് റിസര്‍വ് ബാങ്കില്‍ ഓഫിസര്‍. കോയമ്പത്തൂരില്‍ ഇന്‍കം ടാക്‌സ് കമ്മിഷണറായിരിക്കെ സ്വയം വിരമിച്ചു.പിന്നീട് തിരുവനന്തപുരം ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനില്‍ സീനിയര്‍ കണ്‍സട്ടന്റ്, സിഡിഎസില്‍ വിസിറ്റിങ് ഫെലോ.അതിനപ്പുറം ഒരു ചരിത്രം കൂടിയുണ്ട്. പിണറായി വിജയന്‍ ഉള്‍പ്പെടെ ചില സിപിഎം നേതാക്കള്‍ നികുതിവെട്ടിപ്പ് നടത്തിയതായി കാണിച്ച് ക്രൈം വാരിക എഡിറ്റര്‍ ടി പി നന്ദകുമാര്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ പരാതിയില്‍ കഴമ്പില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ ഉദ്യോഗസ്ഥനാണ് ആര്‍ മോഹന്‍.പിണറായി വിജയന്റെയോ മറ്റ് കുടുംബാംഗങ്ങളോടെയോ വരുമാനം ഉപയോഗിച്ചല്ല മകന്റെ പഠനമെന്ന വിചിത്രമായ സത്യവാങ്മൂലമാണ് പിണറായിയെ രക്ഷിച്ചെടുക്കാന്‍ മോഹന്‍ നല്‍കിയത്. ആ റിപ്പോര്‍ട്ടില്‍ പറഞ്ഞതിങ്ങനെ: ‘പിണറായി വിജയന്റെ മക്കള്‍ ബാങ്ക് വായ്പയെടുത്താണ് പഠനം പൂര്‍ത്തിയാക്കിയത്. കോയമ്പത്തൂരിലെ അമൃത സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ് പഠനത്തിന് 2.44 ലക്ഷം രൂപയാണ് മകള്‍ക്ക് ചെലവായത്. ഇതില്‍ 2 ലക്ഷം രൂപ ഇന്ത്യന്‍ ബാങ്കിന്റെ ചാല ബ്രാഞ്ചില്‍നിന്ന് വിദ്യാഭ്യാസ വായ്പ എടുക്കുകയായിരുന്നു. വായ്പാ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന്, പഠന കാലയളവിനുശേഷം മകളുടെ വരുമാനത്തില്‍നിന്നാണ് തിരിച്ചടവു തുടങ്ങിയത്. മകന് കളമശേരി എസ്‌സിഎംഎസ് കോളേജില്‍ മാനേജ്‌മെന്റ് പഠനത്തിന് 2001-03ല്‍ 2.73 ലക്ഷം രൂപ ചെലവായി. ഇതില്‍ 2.63 ലക്ഷം രൂപ കലൂര്‍ എസ്ബിടി ശാഖയില്‍നിന്നുള്ള വായ്പയായിരുന്നു. ഭാര്യയുടെയും മകളുടെയും വരുമാനത്തില്‍നിന്ന് ഇതിനകം 61,000 രൂപ തിരിച്ചടച്ചു. പഠനത്തിനുശേഷം ടാറ്റാടെലി സര്‍വീസസിലും ഹോട്ടല്‍ ലീലയിലും പിന്നീട് അബുദാബിയിലും മകന്‍ ജോലിചെയ്തിട്ടുണ്ട്. 2005നുശേഷമാണ് ബര്‍മിങ്ഹാം സര്‍വകലാശാലയില്‍ മാനേജ്‌മെന്റ് പഠനത്തിനു ചേര്‍ന്നത്. ബര്‍മിങ്ഹാം സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ 20 ലക്ഷം രൂപയാണ് പഠനച്ചെലവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പിണറായി വിജയന്റെയോ മറ്റ് കുടുംബാംഗങ്ങളോടെയോ വരുമാനം ഉപയോഗിച്ചായിരുന്നില്ല പഠനം…’ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ. നടക്കുന്നത് അന്താരാഷ്ട്ര ഇടപാടുകളാണ്. കോടികളുടെ കച്ചവടം നടക്കുമ്പോള്‍ ആദായനികുതി വകുപ്പില്‍ നിന്ന് സ്വയം വിരമിച്ച, വിശ്വസ്തനായ ഉദ്യോഗസ്ഥനെ പ്രൈവറ്റ് സെക്രട്ടറിയാക്കിയതിനു പിന്നിലെ ‘ഉദ്ദേശ്യശുദ്ധി’ വ്യക്തം.ശിവശങ്കര്‍, ആര്‍ മോഹന്‍ തുടങ്ങി വിശ്വസ്തരായ ബ്യൂറോക്രാറ്റുകളും അന്താരാഷ്ട്രതലത്തില്‍ കോടികളുടെ ഇടപാട് നടത്തുന്ന ബിസിനസുകാരുമൊക്കെയായി കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ അധോലോക പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് നടന്നു വരുന്നത്. ഒരു ശിവശങ്കരനെ മാറ്റിയതു കൊണ്ട് അവസാനിക്കുന്നില്ല പ്രശ്‌നങ്ങള്‍. സാദാ സഖാക്കളുടെ പരിപ്പുവട കട്ടന്‍ചായ സങ്കല്പങ്ങള്‍ക്കപ്പുറം ‘സ്വപ്ന’സാമ്രാജ്യത്തില്‍ അഭിരമിക്കുന്നവരുടെ ലീലാവിലാസങ്ങള്‍ പുറത്തു വരാന്‍ പോകുന്നതേയുള്ളൂ.

Related posts

Leave a Comment