ചാനല്‍ മല്‍സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ ഏഷ്യാനെറ്റിന്റെ ദാസ്യപ്പണി

കണ്ണൂര്‍: റേറ്റിംഗില്‍ പിന്തള്ളപ്പെടുമോയെന്ന ആകുലതയും തലപ്പത്തെ എഡിറ്റര്‍മാരുടെ രാഷ്ട്രീയവും സമത്തില്‍ ചേര്‍ത്ത മിശ്രിതം. ഏഷ്യാനെറ്റ് സര്‍വേഫലമെന്ന പേരില്‍ സംപ്രേഷണം ചെയ്ത തട്ടിക്കൂട്ട് പരിപാടിക്ക് അതിനപ്പുറം വ്യാഖ്യാനമാവശ്യമില്ല. ഒരു വര്‍ഷമപ്പുറമുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ സര്‍വേഫലമെന്ന പേരില്‍ രാഷ്ട്രീയ മേലാളന്മാരെ സുഖിപ്പിക്കുകയായിരുന്നു നേരും നിര്‍ഭയത്വവുമൊക്കെ ലേബലായി മാത്രം ഒട്ടിച്ചുവെച്ച ഈ വാര്‍ത്താചാനല്‍.സിപിഎം സൈദ്ധാന്തികനായിരുന്ന പി ഗോവിന്ദപ്പിള്ളയുടെ മകനായ ഏഷ്യാനെറ്റ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന് കൃത്യമായ രാഷ്ട്രീയമുണ്ട്. ടി എന്‍ ഗോപകുമാര്‍ വാര്‍ത്താവിഭാഗത്തെ നയിച്ചിടത്ത് ആറു വര്‍ഷം മുമ്പ് ഇന്ത്യാ ടുഡേ വിട്ട് ഏഷ്യാനെറ്റിലെത്തിയ രാധാകൃഷ്ണന്‍ ചാനലിന്റെ വാര്‍ത്താവിഭാഗത്തെ സിപിഎമ്മിന്റെ രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്ക് വേണ്ട വിധം പ്രയോജനപ്പെടുത്താന്‍ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാറില്ല. എക്‌സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറും കമ്യൂണിസ്റ്റ് സഹയാത്രിക. ഏഷ്യാനെറ്റിന്റെ ഭരണതലപ്പത്ത് ബിജെപി നേതാവ് കൂടിയായ രാജീവ് ചന്ദ്രശേഖര്‍ മുമ്പുണ്ടായിരുന്നു. ഇപ്പോഴും ഏഷ്യാനെറ്റിനെ നിയന്ത്രിക്കുന്നത് കേന്ദ്രഭരണത്തില്‍ സ്വാധീനമുള്ള ഉത്തരേന്ത്യന്‍ ലോബിയാണ്. അവരുടെ കോണ്‍ഗ്രസ് വിരുദ്ധരാഷ്ട്രീയത്തെ കേരളത്തില്‍ പിണറായി വിജയനു വിടുപണി ചെയ്യുന്ന ഏഷ്യാനെറ്റ് വാര്‍ത്താവിഭാഗത്തിലെ ചിലര്‍ ഉപയോഗപ്പെടുത്തുകയാണ്.കേരളത്തില്‍ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ വീണ്ടും വരണമെന്നാണ് ഭൂരിപക്ഷാഭിപ്രായമെന്ന് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ സര്‍വേ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കേരളത്തിലെ 50 മണ്ഡലങ്ങളില്‍ ഇവര്‍ നടത്തിയെന്നു പറയുന്ന സര്‍വേയില്‍ പിണറായി വിജയനെതിരായി കഴിഞ്ഞ ഏതാനും മാസമായി കേരളം ചര്‍ച്ച ചെയ്യുന്ന അഴിമതി ആരോപണങ്ങളൊന്നും ചര്‍ച്ച ചെയ്യുന്നില്ല. അത്തരം ചോദ്യങ്ങളേയില്ല. ഇടത് സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ അഴിമതി ആരോപണങ്ങള്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഒന്നൊന്നായി പുറത്തു കൊണ്ടു വന്നിരുന്നു. കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ത്തിയ സ്പ്രിങ്‌ലര്‍ ഇടപാട് രമേശ് ചെന്നിത്തല പുറത്തു കൊണ്ട് വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിരോധത്തിലായിരുന്നു. പമ്പാ മണല്‍ അഴിമതിയും ബെവ്ക്യൂ വിവാദവും ഇ-മൊബിലിറ്റി പദ്ധതിയുടെ മറവില്‍ നടന്ന ഇടപാടുകളുമൊക്കെ സര്‍ക്കാരിനെ പിടിച്ചു കുലുക്കുമ്പോഴാണ് അതിനെയെല്ലാം തമസ്‌കരിച്ച് പിണറായി വിജയന് സ്തുതി പാടാന്‍ ഏഷ്യാനെറ്റ് സര്‍വേയെന്ന പേരില്‍ തട്ടിപ്പു പരിപാടി ചമച്ചത്. കോവിഡ് കാലത്ത് പ്രവാസികളോട് കേരളം കാണിച്ച അനീതിയും വൈദ്യുതി ബില്‍ കൊള്ളയുമൊന്നും ഏഷ്യാനെറ്റിനു വിഷയമേയല്ല. പിണറായി വിജയനെ ഏറ്റവും ശക്തമായി കടന്നാക്രമിക്കുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ഇകഴ്ത്താനും രാഷ്ട്രീയതിമിരം ബാധിച്ച ഏഷ്യാനെറ്റിലുള്ള പിണറായിയുടെ കൂലിപ്പട്ടാളം പരിശ്രമിക്കുന്നുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് ചരിത്രവിജയം നേടിക്കൊടുത്തത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമടങ്ങുന്ന നേതൃനിര എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചതു കൊ ണ്ടാണ്. ഈ കൂട്ടായ്മയില്‍ വിള്ളല്‍ വീഴ്ത്താനാകുമോയെന്ന ഗവേഷണമാണ് സിപിഎമ്മിനു വേണ്ടി ഏഷ്യാനെറ്റ് നടത്തിയത്.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വലിയ ജനപ്രീതി നല്‍കി കേന്ദ്രത്തിലെ മേലാളന്മാരെ സുഖിപ്പിക്കാനുള്ള അവസരവും ഏഷ്യാനെറ്റ് ഉപയോഗിച്ചിട്ടുണ്ട്.പാലാ ഉപതിരഞ്ഞെടുപ്പില്‍ മാണി.സി.കാപ്പന്‍ പരാജയപ്പെടുമെന്നും ചാലക്കുടി ലോക്സഭാ സീറ്റില്‍ വീണ്ടും ഇന്നസെന്റെ പാലക്കാട് എം ബി രാജേഷും ആലത്തൂരില്‍ പി കെ ബിജുവും വിജയിക്കുമെന്നുമൊക്കെ പ്രവചിച്ച പാരമ്പര്യമുള്ള ഏഷ്യാനെറ്റ്- സീ ഫോര്‍ സര്‍വേയ്ക്ക് ആരും ഗൗരവം കല്പിക്കാറില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വന്ന ഏഷ്യനെറ്റ് ശബരിമല സര്‍വേയില്‍ പറഞ്ഞത് 70 ശതമാനം പേരും പിണറായിയുടെ തീരുമാനം ശരിയായിരുന്നുവെന്നാണ്. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 20-ല്‍ പത്തൊമ്പത് സീറ്റും യുഡിഎഫിനു കിട്ടി. ശബരിമല വിഷയത്തില്‍ തെറ്റു പറ്റിയെന്നു പറഞ്ഞ് സിപിഎം നേതാക്കളടക്കം വീടുവീടാന്തരം കയറി മാപ്പു പറയുന്നതും കേരളം കണ്ടു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ടാര്‍ജറ്റ് ചെയ്തുള്ള സര്‍വേക്ക് പ്രതിഫലമായി പിണറായി സര്‍ക്കാരില്‍ നിന്ന് എന്തു കിട്ടി എന്ന ചോദ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. കോവിഡ് കാലത്ത് പിണറായി സര്‍ക്കാരിനെ പുകഴ്ത്തിയാല്‍ പരമാവധി പരസ്യങ്ങള്‍ സംഘടിപ്പിക്കാമെന്ന ചിന്ത ഏതായാലും ഏഷ്യാനെറ്റിനു കാണും. ചാനല്‍ റേറ്റിങ്ങില്‍ ഒപ്പത്തിന് ഒപ്പമാണ് അടുത്തിടെ മാത്രം സംപ്രേഷണമാരംഭിച്ച 24 ചാനല്‍. ഇപ്പോള്‍ ഏഷ്യാനെറ്റ് കൂടുതലായി കാണാത്ത സിപിഎം അനുഭാവികളെ ചാനലിനോടടുപ്പിച്ച് റേറ്റിംഗ് ഉയര്‍ത്താമെന്ന താല്‍പര്യവും തികച്ചും അനവസരത്തിലുള്ള സര്‍വേ ചര്‍ച്ചയ്ക്ക് പിന്നിലുണ്ട്.വ്യാജവാര്‍ത്താ നിര്‍മ്മിതിയില്‍ ഏഷ്യാനെറ്റിന്റെ ‘പ്രാഗല്ഭ്യം’ അടുത്തിടെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അബുദാബിയില്‍ മാസങ്ങളായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികളടക്കമുള്ള തൊഴിലാളികള്‍ പട്ടിണിയിലെന്ന വ്യാജവാര്‍ത്ത ചമച്ചതിന് ഏഷ്യാനെറ്റ് ന്യൂസ് സംഘവും സിപിഎം അനുകൂല പ്രവാസി സംഘടനയായ ശക്തി തിയേറ്റേഴ്സ് ഭാരവാഹികളും അറസ്റ്റിലായത് അടുത്തിടെയാണ്. സിപിഎം നേതാവിന്റെ മകനായ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ നാട്ടിലിരുന്നാണ് ഗള്‍ഫിലെ വ്യാജറിപ്പോര്‍ട്ട് തയ്യാറാക്കിയത്. ക്യാമറാമാനടക്കമുള്ളവര്‍ ദുബായിയില്‍ അറസ്റ്റിലാവുകയും ചെയ്തു. വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന വിധത്തില്‍ വ്യാജ വാര്‍ത്തകള്‍ നല്‍കിയതിന് ഏഷ്യാനെറ്റ് ന്യൂസിന്റെ ഉന്നത വൃത്തങ്ങള്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം മുമ്പാകെ നിരുപാധികം മാപ്പപേക്ഷ നടത്തിയതും ഏതാനും മാസം മുമ്പ് നടന്ന സംഭവമാണ്. ‘നേരോടെ നിര്‍ഭയം നിരന്തരം’ നെറ്റിയിലൊട്ടിച്ചവരുടെ ഇത്തരം ചരിത്രങ്ങളുടെ സര്‍വേ കൂടി നടത്തിയാല്‍ നന്നാകും.

Related posts

Leave a Comment