ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവില്‍ നിന്ന് ഗര്‍ഭം ധരിക്കണമെന്ന് ഭാര്യ ; ഹൈക്കോടതിയുടെ അനുമതിയോടെ ബീജം ശേഖരിക്കാൻ ആശുപത്രി അധികൃതർ.

അഹമ്മദാബാദ്: മരണാസന്നനായിക്കിടക്കുന്ന ഭര്‍ത്താവിന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ അനുവദിക്കണമെന്ന ഭാര്യയുടെ ആവശ്യത്തിന് ഗുജറാത്ത് ഹൈക്കോടതിയുടെ അനുമതി. ബീജം ശേഖരിക്കുന്നതിന് കോടതി ഇടക്കാല അനുമതി നല്‍കി. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. കോവിഡ് ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവില്‍ നിന്നാണ് ബീജം ശേഖരിക്കുന്നത്. എട്ട് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. 32 കാരനായ ഭർത്താവിന് മെയ്‌ 10 നാണ് കോവിഡ് ബാധിച്ചത്. അസുഖം ഗുരുതരമായതിനെ തുടർന്ന് ജീവൻ രക്ഷാഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇപ്പൊ ജീവിക്കുന്നത്. വഡോദരയിലെ സ്റ്റെര്‍ലിങ് ആശുപത്രിയിലെ ചികിത്സയ്‌ക്കിടെയാണ് 24 മണിക്കൂറിനുള്ളില്‍ ഇദ്ദേഹം മരണപ്പെട്ടേക്കുമെന്ന് ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം ബന്ധുക്കളെ അറിയിച്ചത്. മരണത്തിലേക്ക് നീങ്ങുന്ന ഭര്‍ത്താവിന്റെ രക്തത്തിലുള്ള കുഞ്ഞിനെ കൃത്രിമരീതിയില്‍ ഗര്‍ഭം ധരിക്കണമെന്നായിരുന്നു യുവതിയുടെ ആഗ്രഹം. ഭർത്താവ് അബോധാവസ്ഥയിലായതിനാല്‍ കോടതിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ ബീജം ശേഖരിക്കാനാകൂവെന്ന് ഡോക്ടര്‍മാര്‍ ഇവരെ അറിയിച്ചു. എന്നാൽ സാഹചര്യത്തിന്റെ അടിയന്തര സ്വഭാവം പരിഗണിച്ച്‌ കൃത്രിമമാര്‍ഗത്തിലൂടെ ബീജം ശേഖരിക്കാന്‍ കോടതി ആശുപത്രിക്ക് ഇടക്കാല അനുവാദം നല്‍കുകയായിരുന്നു. മെഡിക്കല്‍ ഉപദേശം ലഭിക്കുംവരെ ഇത് സുരക്ഷിതമായി സൂക്ഷിച്ചുവെക്കാനും കോടതി നിര്‍ദേശിച്ചു.

Related posts

Leave a Comment