കോവിഡ് വ്യാപനം ; സന്തോഷ് ട്രോഫി ഏപ്രിൽ അവസാനം നടത്താൻ ആലോചന

മലപ്പുറം: കോവിഡ് വ്യാപനം കാരണം മാറ്റിവച്ച സന്തോഷ് ട്രോഫി ഏപ്രിൽ അവസാനത്തിൽ തുടങ്ങി മേയ് രണ്ടാം വാരത്തിൽ അവസാനിക്കുന്ന രീതിയിൽ നടത്താനാണു അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനും സംഘാടക സമിതിയും ആലോചിക്കുന്നു. ഫെബ്രുവരി മൂന്നാം വാരം നടക്കുന്ന വിലയിരുത്തലിനു ശേഷമായിരിക്കും അന്തിമ തീരുമാനം. കോവിഡ് വ്യാപനം ഇതേപടി തുടർന്നാൽ തീരുമാനം പിന്നെയും നീളും. ടൂർണമെന്റിന്റെ വേദികളായ മലപ്പുറം കോട്ടപ്പടി, മഞ്ചേരി പയ്യനാട് സ്‌പോർട്‌സ് കോംപ്ലക്‌സ് എന്നിവിടങ്ങളിലെ ജോലികൾ തുടരും. വിവിധ സംഘാടക സമിതികളും പ്രവർത്തനം തുടരും. കോവിഡ് കാരണം പല ടൂർണമെന്റുകളും നടക്കാനുണ്ട്.
അതിനാൽ, മറ്റു ആഭ്യന്തരരാജ്യാന്തര ടൂർണമെന്റുകളില്ലാത്ത രണ്ടാഴ്ച സമയം ലഭിക്കുകയെന്നതാണു പ്രധാന വെല്ലുവിളി. ഈ സമയത്ത് കേരളത്തിൽ പ്രാദേശികമായ മറ്റു തടസ്സങ്ങളുണ്ടാകാനും പാടില്ല. മാർച്ച് മധ്യത്തിൽ എസ്എസ്എൽസി പരീക്ഷ തുടങ്ങുന്നതിൽ ആ സമയത്ത് ടൂർണമെന്റ് നടത്തുന്നതിനോടു സർക്കാരിനു താൽപര്യമില്ല. ടൂർണമെന്റ് മാറ്റിവയ്ക്കുന്ന വിവരം പങ്കെടുക്കുന്ന എല്ലാ ടീമുകളെയും എഐഎഫ്എഫ് അറിയിച്ചു കഴിഞ്ഞു. കേരളമുൾപ്പെടെ 10 ടീമുകളാണു ഫൈനൽ റൗണ്ടിനു യോഗ്യത നേടിയത്‌

Related posts

Leave a Comment