കേരളത്തിലെ സ്വര്‍ണ വിപണി അധോലോക നിയന്ത്രണത്തില്‍:വി.ഡി.സതീശന്‍

കൊച്ചി: കേരളത്തിന്റെ സ്വര്‍ണവിപണി നിയന്ത്രിക്കുന്നത് അധോലോകമാണെന്ന് വി.ഡി.സതീശന്‍ എം.എല്‍.എ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെയും ഭരണകൂടത്തിന്റെയും അനുഗ്രഹാശിസ്സുകളോടെയും പിന്തുണയോടും  കൂടെയാണ് ഈ പാരലല്‍ ഗോള്‍ഡ് ബ്ലാക്ക് ചെയിന്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.  ഇക്കാര്യം തെളിവുകളോടുകൂടി നിയമസഭയില്‍ അവതരിപ്പിച്ചിട്ടും സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വാറ്റ് നികുതി സമ്പ്രദായം നിലനിന്ന 2017ല്‍ അവസാനമായി സ്വര്‍ണത്തില്‍ നിന്ന് കിട്ടിയ നികുതി സംസ്ഥാനത്ത് 750  കോടി രൂപയാണ്. കോമ്പൗണ്ടിംഗ് സമ്പ്രദായം നിലനിന്ന അന്നത്തെ നികുതി നിരക്ക് 1.25 ശതമാനമായിരുന്നു.  ജി.എസ്.ടിയിലേക്ക് മാറിയ പിറ്റേവര്‍ഷം നികുതിനിരക്ക് 3 ശതമാനമായി.  അപ്പോള്‍ ലഭിക്കേണ്ടിയിരുന്ന 1800 കോടിക്ക് പകരം ലഭിച്ചത് 200 കോടി രൂപ മാത്രമാണ്.  സ്വര്‍ണ വിലയിലുണ്ടായ 50 ശതമാനം വര്‍ധനവും ജി.എസ്.ടി വരുമാനത്തിലുണ്ടാകുന്ന പ്രതിവര്‍ഷം 10 ശതമാനം വര്‍ധനയും കണക്കാക്കുമ്പോള്‍  സംസ്ഥാനത്തിനു കിട്ടേണ്ടിയിരുന്നത് 3000 കോടി രൂപയിലേറെയുള്ള നികുതി വരുമാനം ആയിരുന്നു.  കിട്ടിയതാകട്ടെ, 300 കോടി രൂപ മാത്രം.
ഇന്ത്യയിലെ സ്വര്‍ണ വിപണിയിലെ ഭൂരിഭാഗം കേരളത്തിലാണ്.  നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കനുസരിച്ച് കേരളത്തിലെ സ്വര്‍ണം വാങ്ങിക്കുന്നതിലെ പ്രതിമാസ ആളോഹരിച്ചെലവ് 208 രൂപയാണ്.  തൊട്ടടുത്ത് നില്ക്കുന്ന ഗോവയുടേത് 34 രൂപ മാത്രമാണ്.
2019 നവംബറില്‍ മുംബൈയില്‍ ഒരു മലയാളി അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അറിഞ്ഞത് അയാള്‍ 100  വാഹനങ്ങളും 500 പേരുമുള്ള വലിയ ഒരു നെറ്റ് വര്‍ക്കിലൂടെ ബ്രാസ് സ്‌ക്രാപ്പ് ഇറക്കുമതി ചെയ്തതിന്റെ കൂടെ കറുത്ത പെയിന്റടിച്ചു 4500 കിലോ സ്വര്‍ണം കടത്തിയെന്നാണ്.  പിടിക്കപ്പെടുന്നത് വളരെ കുറഞ്ഞ രീതിയില്‍ മാത്രമാണ്. കേരളത്തില്‍ ഇപ്പോള്‍ പലയിടത്തും സ്വര്‍ണബാറുകള്‍ കൊണ്ടുവന്നു വീട് വാടകയ്‌ക്കെടുത്ത് ആഭരണം ഉണ്ടാക്കി നികുതി അടക്കാതെ വിവാഹ വീടുകളില്‍ നേരിട്ടെത്തിക്കുന്നു.  കാക്കനാട്ടെ പ്രത്യേക കയറ്റുമതി മേഖലവലയില്‍ പ്രവര്‍ത്തിക്കുന്ന നാല് കമ്പനികളെക്കുറിച്ച് ഗുരുതര മായ ആരോപണം ഉണ്ടായിട്ടും ആരും അന്വേഷിക്കുന്നില്ല. വിമാനത്താവളം, തുറമുഖം, റോഡ് എന്നീ മാര്‍ഗങ്ങളിലൂടെ സ്വര്‍ണം കേരളത്തിലേക്ക് സ്വര്‍ണം ഒഴുകുകയാണ്.
സംസ്ഥാന ജി.എസ്.ടി വകുപ്പ് നോക്കുകുത്തിയായി നില്‍ക്കുകയാണ്.  റവന്യൂ ഇന്റലിജന്‍സ്, കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളുമായി ഏകോപനമുണ്ടാക്കി സ്വര്‍ണക്കള്ളക്കടത്തിനെ നേരിടാന്‍ സംവിധാനമുണ്ടാക്കിയിട്ടും അത് പ്രവര്‍ത്തിക്കുന്നില്ല.  ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡില്‍ നിന്നും ലഭിക്കുന്ന ഡാറ്റ, ഉത്പാദന ലൈസന്‍സ് നല്‍കുന്ന പ്രാദേശിക സര്‍ക്കാരുകളുടെ ഡാറ്റ, കെ.എസ്.ഇ. ബിയുടെ വിശദാംശങ്ങള്‍ ഇവയൊന്നും നികുതി വകുപ്പ് ശേഖരിക്കുന്നില്ല. ആഭരണ ഉല്‍പ്പാദനം നടക്കുന്ന സ്ഥാപനങ്ങളുടെ സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്‌ക്  പരിശോധിക്കുന്നില്ല. എന്‍.ബി.എഫ്.സികള്‍ വന്‍തോതില്‍  സ്വര്‍ണം ലേലം ചെയ്യുമ്പോള്‍ നികുതി വകുപ്പ് മേല്‍നോട്ടം വഹിക്കുന്നില്ല. ആഭരണ ഉല്‍പ്പാദനത്തിനുവേണ്ടി മെഷിനറികള്‍, കെമിക്കല്‍സ്  മറ്റ് വസ്തുക്കള്‍ ആവശ്യമുള്ളപ്പോള്‍ അത്  വാങ്ങിക്കുന്ന സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നില്ല.  
പി.എസ് സി റാങ്ക് ലിസ്റ്റില്‍ പേരുണ്ടായിട്ടും ഒഴിവുകളുണ്ടായിട്ടും നിയമനം  ലഭിക്കാതെ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ അലയുമ്പോള്‍ ഐ.ടി. വകുപ്പിലുള്‍പ്പെടെ നടക്കുന്ന പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ചു അന്വേഷിക്കണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.

Related posts

Leave a Comment