ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്ന് പേര്‍ കീഴടങ്ങി

കല്‍പ്പറ്റ: ദുരൂഹസാഹചര്യത്തില്‍ മരിച്ച പേരാമ്പ്ര പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്ന് പ്രതികള്‍ കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്‍പാകെ കീഴടങ്ങി. വയനാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍ ഉച്ചക്ക് 12ഓടെയാണ് അഭിഭാഷകനൊപ്പം കോടതിയില്‍ കീഴടങ്ങാനെത്തിയത്. വയനാട് വൈത്തിരി കൊടുങ്ങയിപ്പറമ്പില്‍ മിസ്ഫര്‍(28), റിപ്പണ്‍ പാലക്കണ്ടി ഷാനവാസ്(32), കൊടുവള്ളി കളത്തിങ്കല്‍ ഇര്‍ഷാദ്(37) എന്നിവരാണ് ഇന്നലെ കീഴടങ്ങിയത്. വിദേശത്ത് നിന്നും കൊടുത്തുവിട്ട സ്വര്‍ണ്ണം മറ്റൊരു സംഘത്തിന് കൈമാറിയതോടെയാണ് ഇര്‍ഷാദിനെ സംഘം തട്ടിക്കൊണ്ടുപോയത്. പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പൊലിസ് കോടതിയെ സമീപിച്ചെങ്കിലും കേസ് ഈ കോടതിയുടെ പരിധിയില്‍ അല്ലാത്തതിനാല്‍ പ്രതികളെ പേരാമ്പ്ര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടില്‍ ഹാജരാക്കാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.ആര്‍ സുനില്‍കുമാര്‍ ഉത്തരവിട്ടു. തുടര്‍ന്ന് കല്‍പ്പറ്റ സി.ഐ ഷിജുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പ്രതികളെ കോഴിക്കോടേക്ക് കൊണ്ടുപോയി. രാത്രി ഒന്‍പതോടെ പേരാമ്പ്ര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കി. അറുപത് ലക്ഷം വില വരുന്ന സ്വര്‍ണ്ണമാണ് ഇര്‍ഷാദ് നാട്ടിലെത്തിച്ച ശേഷം മറ്റൊരു സംഘത്തിന് കൈമാറിയത്. സ്വര്‍ണ്ണം വീണ്ടെടുക്കാന്‍ ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതും വകവരുത്തിയതുമെല്ലാം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് കൈതപ്പൊയില്‍ സ്വദേശി മുഹമ്മദ് സ്വാലിഹ് എന്ന 916 നാസറാണ്. ഇയാളുടെ സഹോദരന്‍ ഷംനാദ്, സുഹൃത്തായ ഉവൈസ് എന്നിവരും ആസൂത്രണത്തില്‍ പങ്കാളികളായിരുന്നു.

Related posts

Leave a Comment