Home | പരമ്പര | ചിതലരിച്ച ധനകാര്യം-6

ചിതലരിച്ച ധനകാര്യം-6

Font size: Decrease font Enlarge font
image

നികുതി വെട്ടിപ്പുകാര്‍ക്ക്‌ ധനമന്ത്രിയുടെ ഗുഡ്‌ സര്‍ട്ടിഫിക്കറ്റ്‌

കോടിക്കണക്കിന്‌ രൂപയുടെ നികുതി വെട്ടിപ്പ്‌ നടത്തിയെന്ന്‌ വാണിജ്യനികുതി പരിശോധനാ വിഭാഗം കണ്ടെത്തിയ ഉദ്യോഗസ്ഥന്‌ ധനവകുപ്പ്‌ നല്‍കിയത്‌ ഗുഡ്‌ സര്‍ട്ടിഫിക്കറ്റ്‌. നികുതി വെട്ടിപ്പ്‌ സംബന്ധിച്ച മുഴുവന്‍ കേസുകളില്‍ നിന്നും ഇയാളെ ഒഴിവാക്കിക്കൊണ്ട്‌ ധനവകുപ്പ്‌ ഉത്തരവിറക്കി. (ജി ഒ. ആര്‍റ്റി നമ്പര്‍. 459/08, ഡിറ്റി. 13/5/ 2008). അതേസമയം നികുതിവെട്ടിപ്പുകാരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ മന്ത്രിയുടെ ഓഫീസില്‍ നിന്ന്‌ അടിക്കടി ഉണ്ടാകുന്ന ഇടപെടലില്‍ മനം മടുത്താണ്‌ വാണിജ്യനികുതി കമ്മീഷണര്‍ പോള്‍ ആന്റണി മടങ്ങിയത്‌.ഖജനാവിന്‌ കോടിക്കണക്കിന്‌ രൂപ നഷ്ടം വരുത്തുന്ന തട്ടിപ്പുക്കാരെ നിയമത്തിന്‌ മുമ്പില്‍ കൊണ്ടുവന്നിട്ടും അവരെ സംരക്ഷിക്കുന്ന ധനവകുപ്പിന്റെ നടപടിയില്‍ അരിശം മൂത്താണ്‌ കമ്മീഷണര്‍ ചുമതല ഉപേക്ഷിച്ചത്‌.

ധനവകുപ്പ്‌ മന്ത്രിയുടെ ആഞ്ജാനുവര്‍ത്തിയായ ഉദ്യോഗസ്ഥനാണ്‌ ഇപ്പോള്‍ വാണിജ്യന നികുതി കമ്മീഷണറുടെ ചുമതല നല്‍കിയിരിക്കുന്നത്‌. പെരുമ്പാവൂരിലുള്ള കമ്പനിക്ക്‌ 30 കോടിയോളം വരുന്ന ടാക്സബിള്‍ ടേണ്‍ഓവറിന്‌ ഇളവ്‌ നല്‍കിയതടക്കം കോടിക്കണക്കിന്‌ രൂപ ഖജനാവിന്‌ നഷ്ടം വരുത്തിയ ഉദ്യോഗസ്ഥനെതിരെയുള്ള കേസുകളാണ്‌ ധനവകുപ്പ്‌ തേച്ചുമാച്ചത്‌.കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ നാല്‌ ഇന്‍ക്രിമെന്റുകള്‍ വാണിജ്യ നികുതി അധികൃതര്‍ തടഞ്ഞുവച്ചിരുന്നു.ഡിപിസി പ്രമോഷന്‍ നിഷേധിച്ച ഈ ഉദ്യോഗസ്ഥന്‌ ധനമന്ത്രിയുടെ ഓഫീസ്‌ നേരിട്ടിടപെട്ട്‌ എറണാകുളത്ത്‌ ഡെപ്യൂട്ടി കമ്മീഷണറുടെ ചുമതല നല്‍കിയത്‌ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഡെപ്യൂട്ടി കമ്മീഷണര്‍മാരായി സ്ഥാനം കയറ്റാന്‍ ഡിപിസി തയാറാക്കിയ 13 പേര്‍ ഉള്‍പ്പെട്ട ലിസ്റ്റ്‌ മറികടന്നായിരുന്നു ധനവകുപ്പിന്റെ ഈ നടപടി.നിരവധി നികുതി തട്ടിപ്പുകള്‍ക്ക്‌ കൂട്ടുനിന്ന ഈ ഉദ്യോഗസ്ഥന്‌ ഡിപ്പാര്‍ട്ട്മെന്റല്‍ പ്രമോഷന്‍ കമ്മറ്റി രണ്ട്‌ തവണയാണ്‌ സ്ഥാനക്കയറ്റം നിഷേധിച്ചത്‌.

എറണാകുളം, മട്ടാഞ്ചേരി തുടങ്ങിയ ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ ഒഴിവുള്ള സ്ഥലങ്ങളില്‍ ഡിപിസി തയാറാക്കിയ ലിസ്‌ററില്‍ നിന്നും ഏഴ്‌ പേരെ ഉടന്‍ നിയമിക്കണമെന്ന്‌ നേരത്തെ വാണിജ്യ നികുതി കമ്മീഷണര്‍ ധനവകുപ്പിന്‌ ശിപാര്‍ശ നല്‍കിയിരുന്നു. (ലെറ്റര്‍ നമ്പര്‍ എ1/16204/2008). എന്നാല്‍ എറണാകുളം ഒഴിച്ച്‌ ബാക്കി ആറിടങ്ങളിലുള്ള നിയമനങ്ങള്‍ക്കാണ്‌ ധനവകുപ്പ്‌ ഉത്തരവിറക്കിയത്‌. എന്‍ജിഒ യൂണിയന്റെ സജീവ പ്രവര്‍ത്തനായ ഇയാള്‍ക്കെതിരെ നിലവിലുള്ള കേസുകള്‍ ഒഴിവാക്കി ഭാവിയില്‍ സ്ഥിരനിയമനം നല്‍കാനായിരുന്നു ധനവകുപ്പിന്റെ പദ്ധതി.നേരത്തെ വാളയാറിന്റെ ചുമതല നല്‍കിയ ഉദ്യോഗസ്ഥനെതിരെ ആറ്‌ കേസുകളാണ്‌ നിലവിലുള്ളത്‌.യൂണിയന്‍ നേതാവായിരുന്ന ഇദ്ദേഹത്തിനെതിരെയുള്ള കേസുകളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കമ്മീഷണര്‍ ഓഫീസില്‍ മന്ത്രിയുടെ അടുത്ത വൃത്തങ്ങള്‍ കടുത്ത സമ്മര്‍ദം ചെലുത്തുന്നതായാണ്‌ അറിയുന്നത്‌.ഇയാള്‍ക്കെതിരെ ആറ്‌ അഴിമതികേസുകളാണ്‌ നിലനില്‍ക്കുന്നത്‌.

അഴിമതിക്കേസുകളില്‍ പ്രതിയായിരിക്കെയാണ്‌ വാണിജ്യ നികുതി അസിസ്റ്റ്‌ കമ്മീഷണറായിരുന്ന മുരളീധരന്‌ ഡെപ്യൂട്ടി കമ്മീഷണറായി സ്ഥാനക്കയറ്റം നല്‍കി, വാളയാര്‍ ചെക്ക്പോസ്റ്റിന്റെ ചുമതല ഏല്‍പ്പിച്ചതെന്ന്‌ രേഖകള്‍ വ്യക്തമാക്കുന്നു. ഇതില്‍ ഒന്ന്‌ വിജിലന്‍സ്‌ കേസാണ്‌. സര്‍വ്വീസില്‍ നിന്നും ഇദ്ദേഹം ഈയിടെ വിരമിച്ചതോടെയാണ്‌ സര്‍ക്കാര്‍തലത്തില്‍ നടത്തിയ അവിശുദ്ധ ഇടപെടലുകള്‍ പുറത്തുവന്നത്‌.

അഴിമതികേസുകളില്‍ തീര്‍പ്പുണ്ടാകുന്നതുവരെ മുരളീധരന്‌ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക്‌ അര്‍ഹതയില്ലെന്നാണ്‌ വാണിജ്യനികുതി കമ്മീഷണര്‍ ഓഫീസില്‍നിന്നും ധനവകുപ്പിനെ അറിയിച്ചിരിക്കുന്നത്‌.അഴിമതികേസില്‍ പ്രതിപട്ടികയിലാകുന്നയാള്‍ക്ക്‌ തീര്‍പ്പുണ്ടാകുന്നതുവരെ സ്ഥാനക്കയറ്റത്തിന്‌ അര്‍ഹതയില്ലെന്ന് ഡിപ്പാര്‍ട്ടുമെന്റല്‍ പ്രമോഷന്‍ കമ്മറ്റി ചട്ടത്തിലും വിവക്ഷയുണ്ട്‌.എന്നാല്‍ ധനവകുപ്പിന്റെ നേരിട്ടുള്ള ഇടപെടലിനെതുടര്‍ന്നാണ്‌ ഡിപിസിയുടെ വിലക്കുപോലും കാറ്റില്‍പ്പറത്തി അസിസ്റ്റന്റ്‌ കമ്മീഷണറായിരുന്ന മുരളീധരന്‌ ഡെപ്യൂട്ടി കമ്മീഷണര്‍ ആയി സ്ഥാനക്കയറ്റം നല്‍കിയത്‌. (അവസാനിച്ചു).

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0