മുന്‍ ഏകാധിപതിയുടെ സാധാരണ ജീവിതം-2
പി.എം.എല്‍(ക്യൂ) തിരഞ്ഞെടുപ്പില്‍ തറപറ്റിയതോടെ നിലഭദ്രമല്ലെന്നുകണ്ട് മുഷാറഫ് മാന്യമായി ഒഴിയേണ്ടതായിരുന്നു. പിടിച്ചുനില്‍ക്കാനുള്ള പാഴ്ശ്രമങ്ങളുടെ ഇടവേളയായിരുന്നു ഇത്രയും കാലം. പാകിസ്ഥാനിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം സാമ്പത്തിക കെണിയില്‍ നിന്നുള്ള രക്ഷപ്പെടല്‍, ഭക്ഷ്യക്ഷാമം, ജീവസുരക്ഷ എന്നിവയാണ് പ്രധാനം. പൊളിറ്റിക്കല്‍ 'വില്‍' പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്ക് നല്‍കുന്നിടത്തോളം കാലം ഭരണവൈകല്യങ്ങള്‍ക്കെതിരെ, കെടുകാര്യസ്ഥതക്കെതിരെ ജനരോഷം ഉണ്ടാവും. അഴിമതി തീണ്ടാത്ത ഒരു നേതാവും പാകിസ്ഥാനിലില്ല. അസിഫ് അലി സര്‍ദ്ദാരിയും മോശക്കാരനല്ല. ബേനസീര്‍ ഭൂട്ടോയുടെ കാലത്ത് ബാക്സീറ്റ് ഡ്രൈവിങ്ങ് നടത്തിയത് സര്‍ദ്ദാരിയായിരുന്നു.
മുഷാറഫിനെ ജുഡീഷ്യല്‍ നെറ്റിലാക്കി പക തീര്‍ക്കാനുള്ള നവാസ് ഷെറീഫിന്റെ ശ്രമങ്ങള്‍ എത്രമാത്രം ഫലം കാണുമെന്നും കണ്ടറിയേണ്ടിയിരിക്കുന്നു. രണ്ടു പ്രധാന പാര്‍ട്ടികള്‍ ഭരണം കയ്യാളുന്നത് പാകിസ്ഥാനില്‍ നാടാടെയാണെങ്കിലും അധികാരവടംവലിയുടെ സാധ്യത വളരെയേറെയാണ്. യു.എസ് ബന്ധം, കാശ്മീര്‍, അഫ്ഗാനിസ്ഥാന്‍ എന്നീ പ്രശ്നങ്ങളോടുള്ള സമീപനം എല്ലാം പരിഹരിച്ചുമുന്നേറാനുള്ള ഐക്യവും ദൃഢതയും മുന്നണി ഭരണത്തിനുണ്ടാവേണ്ടിയിരിക്കുന്നു. പകയുടെയും പ്രതികാരത്തിന്റെയും സ്ഥാനമോഹങ്ങളുടെയും ചിന്താപദ്ധതികള്‍ക്കുമുന്‍പില്‍ രാജ്യവും ജനങ്ങളും അവഗണിക്കപ്പെടുമെങ്കില്‍ രാഷ്ട്രീയസുസ്ഥിരത, സാമ്പത്തിക അച്ചടക്കം എന്നിവ ഇനിയും വളരെ അകലെയുള്ള ലക്ഷ്യങ്ങളായി തന്നെ നില്‍ക്കും.
ഡല്‍ഹിയില്‍ ജനിച്ച, അവിടെ ബന്ധുക്കളുള്ള പര്‍വേസ് മുഷാറഫ് വിഭജനത്തെതുടര്‍ന്ന് പാകിസ്ഥാനിലെത്തുന്നത് ഇന്ത്യയോടുള്ള പകയുമായിട്ടാണ്. അതുകൊണ്ട് തന്നെയാണ് പട്ടാളത്തില്‍ ചേര്‍ന്നതും. രണ്ടുയുദ്ധങ്ങളിലും മുഷാറഫിന് തോല്‍വി തന്നെയാണ് കിട്ടിയത്. ഇനിയുമൊരു യുദ്ധം മനസ്സിലിട്ടു നടക്കുമ്പോഴാണ് കര്‍മ്മഫലത്തിന്റെ വരവ്. എയ്തുവീഴ്ത്തിയവരും എയ്തുവിട്ടതും തിരിഞ്ഞുവരുമ്പോഴും ജീവരക്ഷയാണ് മുഷാറഫിന്റെ ഇനിയുള്ള ജീവിതലക്ഷ്യം. പ്രതിയോഗികളെ കുടുക്കി ചതിപ്രയോഗം നടത്തി വെടിയുണ്ടയും കൊലക്കയറും സമ്മാനിക്കുന്ന സംസ്കൃതിയില്‍ ചേക്കേറിയ മുഷാറഫ് പക്ഷേ ഒരു മുജാഹിറാണ്. അതായത് കറകളഞ്ഞ പാകിസ്ഥാനി അല്ല. ഒരഭയാര്‍ത്ഥി.
എത്രദേശഭക്തികാണിച്ചാലും മുജാഹിറിനെ പാക് മനസ്സ് ഉള്‍ക്കൊള്ളില്ല. ഒന്‍പതു വര്‍ഷം നീണ്ട സേച്ഛാധിപത്യം അതിന്റെ സ്വാഭാവിക പരിണാമഗുപ്തിയിലേക്ക് എത്തുമ്പോള്‍ ചരിത്രത്തില്‍ മുഷാറഫിനെന്ത് സ്ഥാനം? നവാസ് ഷെറീഫിനോട് നന്ദികേട് കാണിച്ച മുഷാറഫിനോട് കയാനി നന്ദികേട് കാണിച്ചെങ്കില്‍ ന്യൂട്ടന്റെ മൂന്നാം ചലനസിദ്ധാന്തമോര്‍ക്കാം. കൊടുത്തത് തിരിച്ചുകിട്ടി. ഏകാധിപതികള്‍ വെടിയുണ്ടയാലും പൊട്ടിത്തെറികളാലും മണ്ണടിയുമ്പോള്‍ അതൊന്നുമില്ലാതെ പിന്‍വാങ്ങാന്‍ കഴിയുന്ന പര്‍വേസ് മുഷാറഫ് തികച്ചും സംതൃപ്തനാവണം. മുഷാറഫിനുശേഷം ഐ.എസ്.ഐ. ശക്തിപ്രാപിക്കുന്നു എന്നത് ഒരു നേര്‍ക്കാഴ്ച.
ഇപ്പോള്‍ മുഷാറഫിനെ മറന്ന് പാക് രാഷ്ട്രീയം കുഴഞ്ഞുമറിയുകയാണ്. പ്രസിഡന്റിന് അമിതാധികാരം നല്‍കുന്ന 17-ാം വകുപ്പ് എടുത്തുകളയണമെന്ന് ഷെറീഫ്. സര്‍ദ്ദാരി (പി.പി.പി), സൈദ് ഉസ്മാന്‍ സിദ്ദിഖി (പി.എം.എല്‍ - എന്‍), മുഷാഹിദ് ഹുസൈന്‍ സെയ്ത് (പി.എം.എല്‍-ക്യു) എന്നിവര്‍ മത്സരിക്കുമ്പോള്‍ കണക്കുകള്‍ സര്‍ദ്ദാരിയ്ക്കനുകൂലമാണ്. പാകിസ്ഥാനിലെ ഒരു നേതാവിലും അമേരിക്കയ്ക്ക് മതിപ്പില്ല. സൈന്യ പിന്‍തുണയോ നിയന്ത്രണമോ ഇല്ലാത്ത പ്രസിഡന്റ് ദുര്‍ബലനായിരിക്കും. ഭരണം പോരാവുമ്പോള്‍ കയാനി മറ്റൊരു ജനറലായിമാറും. സര്‍ദ്ദാരിക്കും നവാസിനും വീട്ടുതടങ്കലോ, പ്രവാസമോ ഒരുങ്ങിയെന്നിരിക്കും.
മിസ്റ്റര്‍ ടെന്‍ പെര്‍സെന്റ് എന്ന സര്‍ദ്ദാരിക്ക് മനോരോഗചികിത്സ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നു. ആറ് കോടി ഡോളര്‍ സ്വിസ് ബാങ്കിലുണ്ടെന്നത് വേറൊരുകാര്യം. ബേനസീര്‍ ഭൂട്ടോയുടെ വിശ്വസ്തരെ സര്‍ദ്ദാരി തഴയുന്നു എന്നത് മറ്റൊരാരോപണം. അഴിമതിയും ഇന്‍സാനിറ്റിയും സര്‍ദ്ദാരിക്ക് വീടോ തടവോ നല്‍കാന്‍ ധാരാളം മതി. സര്‍ദ്ദാരി ഇപ്പോള്‍ ഗിലാനിയുടെ വസതിയിലാണ്. സുരക്ഷ തന്നെ പ്രശ്നം. മുഷാറഫ് പോയ പാകിസ്ഥാന്‍ ഉലയുകയാണ്. അറുപത്തിഒന്നുവര്‍ഷം പ്രായമായ ഒരു രാഷ്ട്രം പിറവിയിലേ അസ്ഥിരമാണ്. അര്‍ദ്ധരാത്രിയിലെ സ്വാതന്ത്ര്യം ഇരുപുറത്തും ചത്തൊടുക്കിയ മനുഷ്യാത്മാക്കളുടെ ശാപത്താല്‍ ഇരുണ്ടുപോയിരിക്കുന്നു. നിരപരാധികളുടെ അലയുന്ന ആത്മാക്കളാണോ പാകിസ്ഥാനെ അലയാന്‍ വിധിയ്ക്കുന്നത്?
Rate this article



del.icio.us
Digg