Home | പരമ്പര | അക്കാദമിക്‌ മുതലാളിത്വത്തിന്‌ ചുവപ്പ്‌ പരവതാനി

അക്കാദമിക്‌ മുതലാളിത്വത്തിന്‌ ചുവപ്പ്‌ പരവതാനി

Font size: Decrease font Enlarge font

2007 ല്‍ അഞ്ച്‌ സ്വാശ്രയ മെഡിക്കല്‍ കോളജുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ കോടതി റദ്ദാക്കിയതിന്റെ ദുരന്തം പേറേണ്ടി വന്നത്‌ വിദ്യാര്‍ഥികളും രക്ഷിതാക്കളുമായിരുന്നു. സര്‍ക്കാരും മാനേജ്മെന്റും തമ്മിലുള്ള ഒത്തുകളിയായിരുന്നിത്‌. ഇതുകാരണം കൂടുതല്‍ ഫീസ്‌ നല്‍കാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരായി.2007ലെ പ്രവേശനം പ്രശ്നരൂക്ഷിതമായിട്ടും 2008ലെ പ്രവേശനത്തിന്‌ ഇത്‌ സംഭവിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല എന്നാണ്‌ ഹൈക്കോടതിയുടെ ഏറ്റവും ഒടുവിലത്തെ വിധി തെളിയിക്കുന്നത്‌.

ഒരു വര്‍ഷത്തെ ചര്‍ച്ചയ്ക്കും തീരുമാനത്തിനും സമന്വയമുണ്ടായിട്ടും തുടക്കമിട്ടത്‌ ജൂണ്‍ രണ്ടാം വാരത്തിലായിരുന്നു.കേരളത്തിലെ പ്രവേശന അനിശ്ചിതത്വം ഇനിയും അവസാനിക്കില്ലെന്ന്‌ ബോധ്യമായ ഒട്ടേറെ വിദ്യാര്‍ഥികള്‍ അന്യസംസ്ഥാനങ്ങളിലേക്ക്‌ പതിവുപോലെ പറന്നകന്നു. എന്നിട്ടും കോടതിയില്‍ തോല്‍ക്കുമെന്നുറപ്പുള്ള കരാറുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയായിരുന്നു. ഇതനുസരിച്ച്‌ ജൂലായ്‌ ഒന്‍പതിന്‌ ആറ്‌ സ്വാശ്രയ മെഡിക്കല്‍ കോളജുകളുമായി കരാറിലേര്‍പ്പെട്ടു. 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ മെറിറ്റില്‍ 45,000 രൂപ ഫീസും രണ്ടര ലക്ഷം ഡെപ്പോസിറ്റും 35 ശതമാനം മാനേജ്മന്റ്‌ സീറ്റില്‍ അഞ്ചര ലക്ഷം ഫീസും അഞ്ചു ലക്ഷം ഡെപ്പോസിറ്റും 15 ശതമാനം എന്‍ ആര്‍ ഐ സീറ്റില്‍ ഒന്‍പത്‌ ലക്ഷം ഫീസും പത്ത്‌ ലക്ഷം ഡെപ്പോസിറ്റും എന്നതായിരുന്നു വ്യവസ്ഥ.

സ്വന്തം നിലയില്‍ പ്രവേശന പരീക്ഷ നടത്താനുള്ള അവകാശവും ഇവര്‍ക്ക്‌ ലഭ്യമായി. മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശത്തിനും സുപ്രീംകോടതിയുടെ വിധിയുടെ അന്തസത്തക്കും മുഹമ്മദ്‌ കമ്മിറ്റിയുടെ ഫീസ്‌ ഘടനയ്ക്ക്‌ വിരുദ്ധവും ആണെന്നറിഞ്ഞിട്ടും സര്‍ക്കാര്‍ കരാറിലേര്‍പ്പെടുകയായിരുന്നു.കോടതിയില്‍ തോറ്റ്‌ കൊടുക്കാനുള്ള പഴുതല്ല; മറിച്ചു കവാടമായിരുന്നു ഈ കരാര്‍.മെഡിക്കല്‍ കോളജുകളുമായി കരാറിലേര്‍പ്പെട്ട ആ വേളയിലാണ്‌ സ്വാശ്രയ എഞ്ചിനീയറിംഗ്‌ കോളജിലെ ഫീസ്‌ ഘടന പ്രഖ്യാപിച്ചത്‌. മെറിറ്റ്‌ സീറ്റില്‍ 30750 രൂപ ഫീസും 75,000 രൂപ ഡെപ്പോസിറ്റുമായിരുന്നു ഇതിലെ വ്യവസ്ഥ. മാനേജ്മെന്റ്‌ സീറ്റില്‍ 50,000 രൂപ മുതല്‍ 90,000 രൂപ വരെയും എന്‍ ആര്‍ ഐ സീറ്റില്‍ ഒന്നര ലക്ഷവുമായിരുന്നു ഫീസ്‌.

എല്ലാ സീറ്റുകളിലും 40,000 രൂപ ഫീസും 75,000 രൂപ ഡെപ്പോസിറ്റും എന്ന മുഹമ്മദ്‌ കമ്മിറ്റിയുടെ നിര്‍ദ്ദേശം മറികടന്നുകൊണ്ടായിരുന്നു സര്‍ക്കാരും സ്വാശ്രയ മാനേജ്മെന്റും കരാറിലേര്‍പ്പെട്ടത്‌. ഇവര്‍ തമ്മിലുള്ള ധാരണയ്ക്ക്‌ ഒരു ഉപകരണമോ നോക്കുകുത്തിയോ ആയി മുഹമ്മദ്‌ കമ്മിറ്റി മാറുകയായിരുന്നു.സ്വാശ്രയ മാനേജ്മെന്റ്‌ ആഗ്രഹിക്കുന്ന ഫീസിനേക്കാള്‍ കൂടുതല്‍ ഫീസ്‌ മുഹമ്മദ്‌ കമ്മിറ്റിയെകൊണ്ട്‌ നിശ്ചയിപ്പിക്കുക, സര്‍ക്കാര്‍ ഇടപെട്ടു ഫീസ്‌ നിരക്ക്‌ കുറച്ചെന്ന്‌ വരുത്തി തീര്‍ക്കുക, ഒടുവില്‍ മാനേജ്മെന്റ്‌ ആഗ്രഹിച്ച ഫീസ്‌ നിരക്ക്‌ അംഗീകരിക്കുക ഉത്സവകാലത്ത്‌ ഉല്‍പന്നങ്ങള്‍ക്ക്‌ റിബേറ്റ്‌ നല്‍കുന്ന രീതി പോലെയായിരുന്നിത്‌.

ഈ ഒത്തുകളിയുടെ കടയ്ക്കലാണ്‌ ആഗസ്റ്റ്‌ അഞ്ചിലെ വിധിയിലൂടെ ഹൈക്കോടതി കത്തി വെച്ചിരിക്കുന്നത്‌.27ന്‌ മാനേജ്മെന്റ്‌ അസോസിയേഷന്‍ നടത്തിയ പ്രവേശന പരീക്ഷ ലിസ്റ്റ്‌ റദ്ദാക്കിയത്‌ വഴി കരാര്‍ തന്നെ ഇല്ലാതാവുകയാണ്‌. സര്‍ക്കാരിന്‌ ഇഛാശക്തിയും കരാറിലേര്‍പ്പെട്ട മാനേജ്മെന്റിന്‌ സാമൂഹിക പ്രതിബദ്ധതയും ഉണ്ടെങ്കില്‍ ഈ കോളജുകളിലെ മാനേജ്മെന്റ്‌ സീറ്റുകളിലേക്ക്‌ പൊതുപ്രവേശന പരീക്ഷ കമ്മിഷണര്‍ തയ്യാറാക്കിയ ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്തട്ടെ. ആഗസ്റ്റ്‌ 13ന്‌ സുപ്രീം കോടതിയും ഇതേ വിധി ശരിവെയ്ക്കുകയാണെങ്കില്‍ ഈ വര്‍ഷത്തെയും പ്രവേശനം സങ്കീര്‍ണമാവും. പ്രവേശന പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക്‌ നേടിയവര്‍ക്കേ സീറ്റ്‌ നല്‍കാവൂ എന്ന ആള്‍ ഇന്ത്യാ മെഡിക്കല്‍ കൗണ്‍സിലിന്റെ നിബന്ധന കരാറിലേര്‍പ്പെട്ട മാനേജ്മെന്റിന്‌ വിനയാകാനും ഇടയുണ്ട്‌.

പ്രവേശന പരീക്ഷയില്‍ 50 ശതമാനത്തിലധികം മാര്‍ക്ക്‌ നേടിയത്‌ 2800 പേരാണ്‌. ഇതില്‍ നല്ലൊരു ശതമാനം സര്‍ക്കാര്‍ സഹകരണ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നേടും.ഉയര്‍ന്ന ഫീസ്‌ നല്‍കാന്‍ സന്നദ്ധരല്ലാത്തവര്‍ അടുത്ത പ്രവേശന പരീക്ഷ വരെ കാത്തിരിക്കും.ചുരുക്കത്തില്‍ എം എ ബേബിയുടെ കര്‍മികത്വത്തില്‍ നടക്കുന്ന മൂന്നാമത്തെ സ്വാശ്രയ പ്രവേശനവും വെള്ളത്തിലാവും. അരനൂറ്റാണ്ടിന്‌ ശേഷം ഒരു കമ്യൂണിസ്റ്റുകാരന്‍ കേരള വിദ്യാഭ്യാസ മന്ത്രിയാവുന്നതിന്റെ മേന്‍മ പ്രവചിച്ചവര്‍ വിദ്യാഭ്യാസ മേഖലയില്‍ ബേബി നടത്തുന്ന പേകൂത്തുകള്‍ കണ്ട്‌ അന്തം വിടുകയാണ്‌.വിപ്ലവകരമായി ചിന്തിക്കുന്നുവെന്ന്‌ പ്രചരിപ്പിക്കുകയും പ്രതിവിപ്ലവകരമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബേബിയുടെ വിദ്യാഭ്യാസ രീതി ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ അക്കാദമിക്‌ ക്യാപിറ്റലിസമാണ്‌ കൊണ്ടുവരുന്നത്‌.സാമൂഹിക ധര്‍മങ്ങളെയും മൂല്യങ്ങളെയും അട്ടിമറിച്ചുള്ള ഈ പോക്ക്‌ കമ്യൂണിസത്തില്‍ നിന്നും മുതലാളിത്തത്വത്തിലേക്ക്‌ മതം മാറ്റം നടത്തുന്നവരുടെ വഴി തന്നെയാണ്‌.
(അവസാനിച്ചു)

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0