വ്യവഹാര തോല്‍വികളുടെ ബേബി ഗാഥ
സ്വാശ്രയ നിയമം പാസാക്കിയതോടു കൂടി എല്ലാം കൈയിലൊതുങ്ങി എന്ന ധാരണയോടെ സര്‍ക്കാരും സി പി എമ്മും പോഷക സംഘടനകളും മാനേജ്മെന്റിനെ പോരിന് വിളിച്ചു. നിയമം ലംഘിക്കുന്ന മാനേജര്‍മാരെ ചാട്ടക്കൊണ്ടടിക്കുമെന്നും ബിഷപ്പ്മാരുടെ വിദ്യാഭ്യാസ കച്ചവടത്തിന് അറുതി വരുത്തുമെന്നുമായിരുന്നു പ്രഖ്യാപനം.ന്യൂനപക്ഷങ്ങളെ കരുതിക്കൂട്ടി അവഹേളിക്കാനും ന്യൂനപക്ഷ സ്ഥാപനങ്ങളെ ദ്രോഹിക്കാനുള്ള നീക്കത്തിനെതിരെ ന്യൂനപക്ഷ സംഘടനകളുടെ കൂട്ടായ്മ രൂപം കൊണ്ടു.
സ്വാശ്രയ നിയമത്തിലെ ന്യൂനപക്ഷ വിരുദ്ധതക്കെതിരെ 2006ജൂലായ് ഏഴിന് കൊച്ചിയിലെ ലിസി, ലൂര്‍ദ് നഴ്സിംഗ് കോളജ് മാനേജ്മെന്റുകള്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കി. ഹരജി ഹൈക്കോടതിയില്‍ നല്‍കുന്നതാണ് ഉചിതമെന്ന് സുപ്രീം കോടതിയുടെ അഭിപ്രായപ്രകാരം നഴ്സിംഗ് കോളജുകളും എഞ്ചിനീയറിംഗ് കോളജ് അസോസിയേഷനും ഹൈക്കോടതിയെ സമീപിച്ചു.കേരള നിയമസഭ പാസാക്കിയ സ്വാശ്രയ നിയമം റദ്ദാക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.2006ജൂലായ് 12ന് ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച വാദം ആരംഭിച്ചു.ഇതിനിടയില്‍ 2006ലെ പ്രൊഫഷണല്‍ പ്രവേശനം ത്രിശങ്കുവിലായി.
നിയമം പാസാക്കുന്നതിന് മുമ്പുള്ള സുപ്രീം കോടതി വിധിയും നിരീക്ഷണങ്ങളും ചൂണ്ടിക്കാട്ടി അത് പ്രകാരം പ്രവേശനം നടത്താന്‍ സ്വാശ്രയ മാനേജ്മെന്റ് തീരുമാനിച്ചു. എന്നാല്‍ പുതിയ നിയമപ്രകാരം പ്രവേശനം നടത്തുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാരിന് സമവായത്തിനായി സ്വാശ്രയ മാനേജ്മെന്റിന്റെ മുമ്പില്‍ മുട്ടുകുത്തി അപേക്ഷിക്കേണ്ടിവന്നു.പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ ആശങ്കയുടെ തീ തിന്നുമ്പോള്‍ സര്‍ക്കാരും മാനേജ്മെന്റും കള്ളനും പൊലീസും കളിക്കുകയായിരുന്നു.ജൂലായ് 18ന് ഹൈക്കോടതി ഉത്തരവ് പ്രകാരം സ്വാശ്രയ നിയമം 2006ലെ പ്രവേശനത്തിന് ബാധകമല്ലെന്നും പ്രവേശനവും സീറ്റും ഘടനയുമെല്ലാം മുന്‍വര്‍ഷത്തേതുപോലെ തുടരണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ബേബി ആറ്റുനോറ്റുണ്ടാക്കിയ സ്വാശ്രയ നിയമത്തിനെതിരെയുള്ള ആദ്യത്തെ പ്രഹരമായിരുന്നിത്. 2006 മെയ് 29ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ച പ്രകാരം 50:50 എന്ന മെറിറ്റ്-മാനേജ്മെന്റ് അനുപാതത്തില്‍ വിദ്യാര്‍ഥി പ്രവേശനം നടത്താനും ജസ്റ്റീസ് കെ ടി തോമസ് നിര്‍ദ്ദേശിച്ച ഫീസ് ഈടാക്കാനും ഇടക്കാല ഉത്തരവിലൂടെ അനുവദിക്കണമെന്നായിരുന്നു മാനേജ്മെന്റുകള്‍ ആവശ്യപ്പെട്ടത്.കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 50 ശതമാനം സീറ്റില്‍ മാനേജ്മെന്റിന് യഥേഷ്ടം പ്രവേശനം നടത്താനുള്ള അവകാശം സിദ്ധിച്ചു.കെ ടി തോമസ് കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലുള്ള ഏകീകൃത ഫീസ് ഈടാക്കാനും മാനേജ്മെന്റിന് സാധ്യമായി.
ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഈ ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയ സര്‍ക്കാര്‍ വീണ്ടും പരാജയപ്പെട്ടു.ജൂലായ് 20ലെ ഉത്തരവ് പ്രകാരം സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തില്ലെന്ന് മാത്രമല്ല; സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ അടിയന്തിരമായി ഇടപെടണമെന്ന സര്‍ക്കാറിന്റെ ആവശ്യം നിരാകരിച്ചുകൊണ്ട് എല്ലാ അപ്പീലുകളും ഹരജികളും ജൂലായ് 27ന് ലേക്ക് മാറ്റി. കോടതി വിധികളിലൂടെ നിരന്തരമായി മാനേജ്മെന്റ് നേടുന്ന വിജയം സി പി എം അണികളെ രോഷാകുലരാക്കി.അവര്‍ കോടതികള്‍ക്കും സ്വാശ്രയ സ്ഥാപനങ്ങള്‍ക്കും എതിരെ കൊലവിളി ഉയര്‍ത്തി.
ജൂലായ് 25ന് ഹൈക്കോടതിയുടെ മറ്റൊരു ഉത്തരവും സര്‍ക്കാരിന് തിരിച്ചടിയായി. എഞ്ചിനീയറിഗ് കോളജുകളിലെ പോലെ മെഡിക്കല്‍ കോളജുകളിലും പ്രവേശന രീതി 2005 ലേതായിരിക്കണമെന്നും സ്വാശ്രയ നിയമ പ്രകാരം പ്രവേശനം പാടില്ലെന്നും കോടതി ഉത്തരവായി.കോടതി വ്യവഹാരങ്ങളിലൂടെ തോല്‍വിയുടെ പെരുമഴക്കാലത്തെയാണ് സര്‍ക്കാര്‍ പിന്നീട് അഭിമുഖീകരിക്കേണ്ടിവന്നത്. ജൂലായ് 29ലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി സര്‍ക്കാരിന് വീണ്ടും തിരിച്ചടിയായി. പ്രവേശനവും ഫീസും പഴയത് പോലെ തുടരണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചീഫ് ജസ്റ്റീസ് വി കെ ബാലി, ജസ്റ്റീസ് എം രാമചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയായിരുന്നു.
കോടതിയിലെ നിരന്തര തോല്‍വിയില്‍ നാണം കെട്ട സര്‍ക്കാരിന് മുഖം രക്ഷിക്കാന്‍ മാര്‍ഗമില്ലാതായപ്പോള്‍ ബിഷപ്പുമാരുമായി രഹസ്യ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ വഴികള്‍ തേടി. അത്തരത്തിലൊരു കൂടിക്കാഴ്ചക്ക് സ്പീക്കര്‍ കെ രാധാകൃഷ്ണന്റെ ഔദ്യോഗിക വസതി വേദിയായി.ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ രണ്ടു തവണയും ഡിവിഷന്‍ ബെഞ്ചില്‍ ഒരു തവണയും തോറ്റ സര്‍ക്കാര്‍ സ്വാശ്രയ നിയമത്തിന്റെ ശവമഞ്ചവും പേറി സുപ്രീം കോടതിയിലെത്തി.അപ്പീലിന് പ്രത്യേക പരിഗണന നല്‍കണമെന്നാവശ്യപ്പെട്ട് കൊണ്ട് സുപ്രീം കോടതിയിലെത്തിയ സര്‍ക്കാര്‍ പടപേടിച്ചു പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തിപട എന്ന അവസ്ഥയിലായി. ആഗസ്റ്റ് ഒന്നിലെ നിര്‍ദ്ദേശ പ്രകാരം ചീഫ് ജസ്റ്റീസ് കെ ജി ബാലകൃഷ്ണനും ടി കെ ജയിനും അടങ്ങുന്ന ബെഞ്ചാണ് പ്രത്യേക പരിഗണന നല്‍കാതെ കേസ് ഏഴിലേക്ക് മാറ്റിയത്.
ആഗസ്റ്റ് എട്ടിന് സുപ്രീം കോടതിയില്‍ വാദം ആരംഭിച്ചപ്പോള്‍ സര്‍ക്കാരിന്റെ ഒളി അജണ്ടകള്‍ പുറത്തു വന്നു.സ്വാശ്രയ നിയമത്തെ സംരക്ഷിക്കാന്‍ സുപ്രീം കോടതിയിലെത്തിയ സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം വിചിത്രമായിരുന്നു.പുതിയ സ്വാശ്രയ നിയമത്തില്‍ ഊന്നി നിന്നല്ല തങ്ങള്‍ വാദങ്ങള്‍ ഉന്നയിക്കുന്നതെന്നും സ്വാശ്രയ മാനേജ്മെന്റ് നടത്തിയ പ്രവേശന പരീക്ഷ സാധുവാണോ എന്ന കാര്യത്തിലാണ് തങ്ങള്‍ വിഷയത്തെ ഒതുക്കി നിര്‍ത്തുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ വാദിച്ചു.ആഗസ്റ്റ് 25ലെ സുപ്രീം കോടതിയുടെ വിധിയും സര്‍ക്കാരിനെതിരായിരുന്നു.
50:50 എന്ന അനുപാതത്തില്‍ 2005 ലെ പ്രവേശന രീതി തുടരാനുള്ള ഹൈക്കോടതി ഇടക്കാല ഉത്തരവിനെ ശരിവെയ്ക്കുകയും സര്‍ക്കാരിന്റെ ഹരജി തള്ളുകയുമായിരുന്നു. സ്വാശ്രയ പ്രവേശന കേസില്‍ സര്‍ക്കാരിന്റെ അഞ്ചാമത്തെ തോല്‍വിയായിരുന്നിത്. വിദ്യാര്‍ഥികളുടെ ഭാവി പന്താടരുതെന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശവും സര്‍ക്കാരിന്റെ വീഴ്ചയെ വിളംബരം ചെയ്യുന്നതായിരുന്നു. സുപ്രീം കോടതി വിധിയോടെ ഹതാശയരായ സര്‍ക്കാര്‍ പിന്നെ സമവായത്തിന്റെ വഴികളിലായി.സുപ്രീം കോടതി വിധിക്കുമുന്‍പ് സര്‍ക്കാരും മാനേജ്മെന്റും നല്‍കിയ പ്രവേശനത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളുടെ ദുരന്തങ്ങള്‍ കൊണ്ട് ഫീസ് ഘടനയും പ്രവേശന രീതിയും തിട്ടപ്പെടുത്താത്തത് കാരണം ഓപ്ഷന്‍ നല്‍കാനാവാത്ത വിദ്യാര്‍ഥികളുടെ കണ്ണീര്‍ പെയ്തുംകൊണ്ട് 2006ലെ സ്വാശ്രയ പ്രവേശനവും സങ്കീര്‍ണമായി.
നിയമത്തിന്റെ വഴിയും കോടതിയും ആശ്രയവും നഷ്ടപ്പെട്ട സര്‍ക്കാരിന് ഏക പിടിവള്ളി പി എ മുഹമ്മദ് കമ്മിറ്റിയായിരുന്നു.മുഹമ്മദ് കമ്മിറ്റിയെ ചാട്ടയായും തോട്ടിയായും ഉപയോഗിച്ചു മാനേജ്മെന്റിനെ ഭീഷണിപ്പെടുത്താമെന്ന സര്‍ക്കാരിന്റെ വീരവാദങ്ങള്‍ 2006ലെ കര്‍ക്കിടത്തില്‍ ഒലിച്ചുപോയി. അഞ്ച് തവണ സ്വാശ്രയ പ്രവേശന കേസില്‍ തോല്‍ക്കുകയോ തോറ്റുകൊടുക്കയോ ചെയ്ത സര്‍ക്കാരിന്റെ വിശ്വാസ്യത പാതാളത്തോളം തകര്‍ന്നു.തോല്‍വികൊണ്ട് ദുര്‍ബലമായ സര്‍ക്കാരിനെ മാനേജ്മെന്റ് ആപ്പടിക്കുമ്പോള്‍ ഒന്ന് കുതറാന്‍ പോലും സര്‍ക്കാരിനായില്ല.
(തുടരും)



del.icio.us
Digg