എം എ ബേബിയുടെ സ്വാശ്രയവും വിദ്യാര്‍ഥികളുടെ നിരാശ്രയവും
സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നത്തില്‍ തൊട്ടതെല്ലാം കുളമാക്കിയ വിദ്യാഭ്യാസമന്ത്രി എം.എ ബേബിയുടെ ഗ്രഹപ്പിഴ ഇനിയും അവസാനിക്കുന്നില്ല.ആറ് സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ പ്രവേശന പരീക്ഷ റദ്ദാക്കിയ ഹൈക്കോടതി നടപടി ബേബിയും മാനേജ്മെന്റും തമ്മിലുണ്ടാക്കിയ കരാറിനാണ് അന്ത്യകൂദാശയൊരുക്കുന്നത്.2006ല്‍ നിയമസഭ പാസാക്കിയ സ്വാശ്രയ നിയമം റദ്ദാക്കിയത് മുതല്‍ ഏറ്റവും ഒടുവിലത്തെ ഹൈക്കോടതി വിധി വരെയുള്ള സ്വാശ്രയ പ്രവേശന പരമ്പരകളില്‍ നിരന്തരം തോറ്റു വട്ടപൂജ്യത്തിലെത്തി നില്‍ക്കുന്ന വിദ്യാഭ്യാസ മന്ത്രി അല്‍പമെങ്കിലും ധാര്‍മികതയുണ്ടെങ്കില്‍ ഇപ്പണി ഉപേക്ഷിക്കേണ്ടതായിരുന്നു.
ഇടത് മുന്നണി അധികാരത്തില്‍ വന്നതിന് ശേഷം മൂന്നാമത്തെ സ്വാശ്രയ പ്രവേശനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒരിക്കല്‍ പോലും ഇടത്മുന്നണി പ്രകടന പത്രികയില്‍ വാഗ്ദത്തം ചെയ്ത സ്വാശ്രയ വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല.ഓരോ തോല്‍വിയിലും അഹങ്കാരത്തിന്റെ തിടമ്പ് കൂടുതല്‍ ഉയര്‍ത്തി പിടിക്കുകയല്ലാതെ വിവേകപൂര്‍വം പെരുമാറാന്‍ വിദ്യാഭ്യാസ മന്ത്രിക്ക് സാധിക്കുന്നില്ല എന്നതാണ് ദുരന്തം. സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തേക്കാള്‍ വിദ്യാഭ്യാസമന്ത്രിയുടെ വ്യക്തിഗതമായ അജണ്ടകളാണ് വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കുന്നത്.
വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കാനോ എതിര്‍പ്പുകളെ വിലയിരുത്താനോ ഉള്ള ഒരു ജനാധിപത്യ മനസ്സ് വിദ്യാഭ്യാസമന്ത്രിക്കില്ലാത്തതാണ് ഇത്തരം ഏകാധിപത്യ ശീലങ്ങള്‍ പെരുകാന്‍ കാരണം.സര്‍ക്കാരിന്റെ നടപടികളിലും തീരുമാനങ്ങളിലും ജനാധിപത്യ വിരുദ്ധതയും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതുമായ നയങ്ങള്‍ നടന്നു കൂടുമ്പോഴാണ് കോടതികളില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വരുന്നത്.സ്വാശ്രയ നിയമത്തിന്റെ നിര്‍മതിയില്‍ തന്നെ വഴുതിവീണ എം.എ ബേബി പിന്നീടുള്ള നടപടികളിലെങ്കിലും വീണ്ടുവിചാരം നടത്തേണ്ടതായിരുന്നു. ഊതി പെരുപ്പിച്ചുണ്ടാക്കിയ ബൗദ്ധിക ഔന്നത്യത്തില്‍ രണ്ടാം മുണ്ടശ്ശേരിയായി ജ്ഞാനസ്നാനം ചെയ്തു അധികാരപീഠം പൂകിയ ബേബി മുണ്ടശ്ശേരിയുടെ യശസ്സിന് പോലും നാണക്കേടായി മാറുകയായിരുന്നു.
ഏറെ കൊട്ടിഘോഷിക്കപ്പെട്ട സ്വാശ്രയ നിയമം ഹൈക്കോടതി റദ്ദാക്കിയതും ജസ്റ്റീസ് പി.എ മുഹമ്മദ് കമ്മിറ്റിയെ നോക്കു കുത്തിയാക്കി മാറ്റേണ്ടി വന്നതും ആറ് മെഡിക്കല്‍ മാനേജ്മെന്റുകളുമായി ഉണ്ടാക്കിയ കരാര്‍ അകാല മൃത്യുയടയുന്നതും ബേബിയുടെ സ്വാശ്രയ പരിഷ്കാരങ്ങളുടെ സമ്പൂര്‍ണ്ണ പരാജയങ്ങളെ വിളംബരം ചെയ്യുന്നതാണ്. സ്വാശ്രയ പ്രവേശനത്തെ സംബന്ധിച്ചു സര്‍ക്കാരും മാനേജ്മെന്റും പലതവണ കോടതിയില്‍ അങ്കം വെട്ടിയിട്ടും എല്ലാറ്റിനും ലജ്ജാകരമായ പരാജയമായിരുന്നു സര്‍ക്കാരിനേല്‍ക്കേണ്ടി വന്നത്. നിയമത്തിലൂടെയും കോടതികളിലൂടെയും ഒരു വിദ്യാര്‍ഥിക്കെങ്കിലും അനുകൂലമായ നടപടിയുണ്ടാക്കാന്‍ സാധിച്ചില്ല എന്നതാണ് ബേബിയുടെ സ്വാശ്രയ പരിശ്രമങ്ങളുടെ ബാക്കിപത്രം.
ആറ് സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശന പരീക്ഷ റദ്ദാക്കിയ ഹൈക്കോടതി നടപടിയുടെ അനന്തരഫലം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇരുവരുമായി സര്‍ക്കാര്‍ ഒപ്പിട്ട കരാറിന്റെ നിലനില്‍പ്പില്ലായ്മയാണ്.ഒരു സൂത്രപ്പണിയിലൂടെ ഏതാനും മാനേജ്മെന്റുകളെ വലയിലാക്കുകയും സര്‍ക്കാരിന്റെ ഭീഷണിക്ക് വഴങ്ങാത്ത മാനേജ്മെന്റുകളെ ഒറ്റപ്പെടുത്തുകയും ചെയ്യുകയായിരുന്നു ഈ കരാറിന്റെ ലക്ഷ്യം.അതിനായി പല തത്വങ്ങളും നേരത്തെ സ്വീകരിച്ചിരുന്ന പല നിലപാടുകളും എം.എ ബേബിക്ക് കൈവെടിയേണ്ടി വന്നു. താന്‍ തന്നെ നിയമിച്ച പി.എ മുഹമ്മദ് കമ്മിറ്റിയുടെ അസ്തിത്വവും നിര്‍ദ്ദേശങ്ങളും തകര്‍ത്തുകൊണ്ടായിരുന്നു ആറു മാനേജ്മെന്റുമായി ബേബി കരാര്‍ ഒപ്പിട്ടത്. മുഹമ്മദ് കമ്മിറ്റിയുടെ ഫീസ് ഘടനയും സീറ്റ് ഘടനയും പാടെ നിരാകരിക്കുന്നതായിരുന്നു ഈ കരാര്‍.
മെറിറ്റ് സീറ്റില്‍ കുറഞ്ഞ സീറ്റിന് പഠിക്കാനുള്ള മുഹമ്മദ് കമ്മിറ്റിയുടെ ഫീസ് ഘടന അട്ടിമറിച്ചു കൂടുതല്‍ ഫീസ് ഇടാക്കുന്ന കരാറായിരുന്നു മാനേജ്മെന്റുമായുണ്ടാക്കിയത്. എം.എ ബേബി ഉച്ചിയില്‍ തൊട്ട് അനുഗ്രഹിച്ച് അതേ കൈകള്‍ക്കൊണ്ട് തന്നെ മുഹമ്മദ് കമ്മിറ്റിയുടെ ഉദകവും കൂടി നിര്‍വഹിക്കുകയായിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവും അഖിലേന്ത്യാ മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങളും പാലിക്കാതെ പ്രവേശന പരീക്ഷ നടത്തിയ ഇത്തരം മാനേജ്മെന്റുകളുമായി ഉണ്ടാക്കിയ കരാര്‍ ധാര്‍മികമായും നിയമപരമായും തെറ്റാണെന്ന് പ്രതിപക്ഷമടക്കം പലരും ചൂണ്ടികാണിച്ചിട്ടും കരാര്‍ സര്‍ക്കാരിന്റെ വിജയമാണെന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും അവകാശവാദം. മാത്രവുമല്ല; ഇത്തരം ഒരു കരാറിലേര്‍പ്പെടാന്‍ തയ്യാറല്ലാത്ത ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഉള്‍പ്പെടയുള്ള മാനേജ്മെന്റുകളെ ഭീഷണിപ്പെടുത്താന്‍ വിദ്യാഭ്യാസമന്ത്രിയും അവരുടെ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ എസ്.എഫ്.ഐയും മുന്നോട്ട് വന്നു.
വിദ്യാര്‍ഥികള്‍ക്ക് യാതൊരു തരത്തിലും നേട്ടമുണ്ടാക്കാത്ത ഈ കരാറിനെ എസ്.എഫ്.ഐ തുണച്ചത് ഏറ്റവും വലിയ വിദ്യാര്‍ഥി വഞ്ചനയായിരുന്നു.മാനേജ്മെന്റിന് ഗുണം ചെയ്യുന്ന ഈ കരാര്‍ കോടതി റദ്ദാക്കിയപ്പോള്‍ കരാറിലേര്‍പ്പെട്ട മാനേജ്മെന്റുകളുടെ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. പി.എം ഫസല്‍ ഗഫൂറും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എന്‍ ഷംസീറിനും ആരോഗ്യമന്ത്രി പി.കെ ശ്രീമതിക്കും ഒരേ പ്രതികരണമായിരുന്നു.മാനേജ്മെന്റും സര്‍ക്കാരും എസ് എഫ് ഐയും നടത്തിയ കള്ളക്കരാറാണ് ഹൈക്കോടതിയില്‍ തകര്‍ക്കപ്പെട്ടത്.സ്വാശ്രയ നിയമത്തിന്റെ നിര്‍മിതി മുതല്‍ എം.എ ബേബിയുടെ ഓരോ കളവും കോടതി കൈയോടെ പിടികൂടുകയായിരുന്നു. സ്വാശ്രയ നിയമം റദ്ദാക്കപ്പെട്ടത് മുതലുള്ള നിരന്തര കോടതി തോല്‍വികള്‍ ബേബിയുടെ വിദ്യാഭ്യാസ വീഴ്ചയുടെ നാള്‍വഴികളാണ്.
(തുടരും...)



del.icio.us
Digg