Home | പരമ്പര | പാഠപുസ്തകം നിറയെ രാഷ്ട്രീയ പക്ഷപാതം

പാഠപുസ്തകം നിറയെ രാഷ്ട്രീയ പക്ഷപാതം

Font size: Decrease font Enlarge font

ഈ സമിതി നടത്തിയ പഠനങ്ങളും വിലയിരുത്തലുകളും വ്യക്തമാക്കുന്നത്‌ 2005ലെ ദേശീയപാഠ്യപദ്ധതി ചട്ടക്കൂടുമായി കേരള പാഠ്യപദ്ധതി ചട്ടക്കൂട്‌ - 2007ന്‌ അതിന്റെ കര്‍ത്താക്കള്‍ അവകാശപ്പെടുന്നതുപോലെ സാരമായ ബന്ധമില്ല എന്നതാണ്‌.കേരള പാഠ്യപദ്ധതി ചട്ടക്കൂട്‌-2007 ന്റെ പുതിയ സമീപനത്തിലേക്ക്‌ എന്ന ഭാഗത്ത്‌ 'ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടും കേരളവും' (പേജ്‌ 7,8,2.2) എന്ന ശീര്‍ഷകത്തിന്‍ കീഴില്‍ കേരളം നേരിടുന്ന എട്ട്‌ മുഖ്യസാമൂഹിക പ്രശ്നങ്ങള്‍ കൊടുത്തിരിക്കുന്നു.

1. വിശ്വമാനവന്‍ എന്ന കാഴ്ചപ്പാട്‌ രൂപപ്പെടാത്ത അവസ്ഥ.
2. അധ്വാനശേഷി വികാസത്തിന്റെ അഭാവം
3. സാംസ്ക്കാരികത്തനിമയെക്കുറിച്ചും അതിന്റെ സ്വതന്ത്ര വികാസത്തെക്കുറിച്ചുമുള്ള ധാരണക്കുറവ്‌.
4. കൃഷി ഒരു സംസ്കാരമായി കാണാത്ത അവസ്ഥ
5. ശാസ്ത്രീയമായ ആരോഗ്യ-പൊതുജന ആരോഗ്യ കാഴ്ചപ്പാടിന്റെ അഭാവം
6. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുള്ള പരിഗണനയില്ലായ്മ
7. ശാസ്ത്രീയമായ സ്ഥലജല മാനേജ്മെന്റിന്റെ അഭാവം.
8.പരിസ്ഥിതി സൗഹൃദപരമായ വ്യവസായവല്‍ക്കരണത്തിന്റെയും നഗരവല്‍ക്കരണത്തിന്റെയും അഭാവം എന്നാല്‍ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്‌ 2005 അവരുടെ പുരോഗമനാത്മകമായ സാമൂഹികകാഴ്ച്ചപ്പാടിന്റെ വെളിച്ചത്തില്‍ മുന്നോട്ട്‌ വെയ്ക്കുന്ന അഞ്ചു മാര്‍ഗ്ഗനിര്‍ദ്ദേശക വിദ്യാഭ്യാസ തത്വങ്ങള്‍ താഴെ പറയുന്നവയാണ്‌: (പുറം 27)
1. അറിവിനെ സ്കൂളിന്‌ പുറത്തുള്ള ജീവിതവുമായി ബന്ധപ്പെടുത്തുക
2. വെറും കാണാപ്പാഠമാക്കലല്ല പഠനം എന്ന്‌ ഉറപ്പുവരുത്തുക.
3.പാഠപുസ്തക കേന്ദ്രീകൃതമായ സമീപനത്തില്‍ നിന്ന്‌ മാറി കുട്ടികളുടെ സര്‍വ്വതോമുഖമായ വികസനത്തെ സഹായിക്കുന്നവിധം പാഠ്യപദ്ധതി ശേഷികള്‍ നിര്‍വ്വചിക്കുക.
4. പരീക്ഷകള്‍ കൂടുതല്‍ അയവുള്ളതും പഠനപ്രവര്‍ത്തനങ്ങളോട്‌ ഉദ്ഗ്രഥിക്കപ്പെട്ടതും ആക്കുക.
5. രാജ്യത്തെ ജനാധിപത്യ രാഷ്ട്രീയത്തിനുള്ളില്‍, പരസ്പരം താത്പര്യമെടുക്കുന്നതും വ്യത്യാസങ്ങള്‍ക്കതീതവുമായ സ്വത്വം വളര്‍ത്തിക്കൊണ്ടു വരിക.കേരള പാഠ്യപദ്ധതിയില്‍ ഈ നിയാമകതത്വങ്ങള്‍ പലേടത്തും ഒഴിവാക്കിയിരിക്കുന്നതായാണ്‌ മനസ്സിലാക്കേണ്ടത്‌. ഈ നിയാമകതത്വങ്ങളുമായി കൂട്ടിച്ചേര്‍ത്ത്‌ വായിക്കുമ്പോള്‍ കേരള പാഠ്യപദ്ധതി ചട്ടക്കൂടില്‍ പറഞ്ഞിരിക്കുന്ന എട്ട്‌ മുഖ്യപ്രശ്നങ്ങള്‍ അയുക്തികവും അപ്രസക്തവുമാകുന്നു. അതുപോലെ തന്നെ ഈ എട്ട്‌ മുഖ്യപ്രശ്നങ്ങളാണ്‌ എട്ട്‌ അടിസ്ഥാന തത്വങ്ങളായി പാഠ്യപദ്ധതി രൂപീകരണ പ്രക്രിയയിലും പാഠപുസ്തകനിര്‍മ്മാണ വേളയിലും ഉപയോഗിച്ചിരിക്കുന്നത്‌.ഈ എട്ട്‌ പ്രശ്നങ്ങള്‍ നിഷേധാത്മകവും താല്‍ക്കാലിക സൗകര്യങ്ങള്‍ക്കനുസരിച്ച്‌ വളച്ചൊടിക്കാവുന്നതുമാണ്‌.

എട്ട്‌ സാമൂഹിക പ്രശ്നങ്ങളെ പാഠ്യപദ്ധതി നിര്‍മ്മാണത്തിന്റെ എട്ട്‌ അടിസ്ഥാന തത്വങ്ങളായി സ്വീകരിക്കുന്നതിനു പകരം അവയില്‍ വേണ്ട വ്യത്യാസങ്ങളോടെ താഴെപ്പറയുന്ന 12 പഠന തത്വങ്ങളായി ഞങ്ങള്‍ മുന്നോട്ട്‌ വയ്ക്കുന്നു.

1. പ്രാദേശികവും ദേശീയവും അന്തര്‍ദ്ദേശീയവുമായ കാഴ്ചപ്പാടില്‍ ഊന്നിയുള്ള സമീപനമാണ്‌ സ്വീകരിക്കേണ്ടത്‌.
2. കായികാധ്വാനത്തോട്‌ ആഭിമുഖ്യം വളര്‍ത്തുക (ബ്രെഡ്‌ ലേബര്‍ എന്ന ഗാന്ധിജിയുടെ ആശയം)
3. ഭാരതത്തിന്റെയും കേരളത്തിന്റെയും സംസ്കാരത്തെ കുറിച്ച്‌ അറിവുണ്ടാക്കുക.
4. കാര്‍ഷികവൃത്തിയോട്‌ അടുപ്പവും ആദരവുമുണ്ടാക്കുക
5. വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യത്തെ കുറിച്ച്‌ ശാസ്ത്രീയമായ അവബോധംവളര്‍ത്തുക.
6. അവഗണിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരാന്‍ ശ്രദ്ധിക്കുക
7. ഭൂമി, വെള്ളം തുടങ്ങിയ പ്രകൃതി വിഭവങ്ങളുടെ ശാസ്ത്രീയമായ വിതരണവും വിനിയോഗവും ഉറപ്പു വരുത്തുക.
8. വികസനവും പരിസ്ഥിതി സംരക്ഷണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ അറിവും ദീര്‍ഘവീക്ഷണവും വിദ്യാര്‍ഥികളില്‍ വളര്‍ത്തുക
ഇവ കൂടാതെ ഇനി സൂചിപ്പിക്കുന്നതും കൂടി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്ത ണമെന്ന്‌ നിര്‍ദ്ദേശിക്കുന്നു.
9. നമ്മുടെ പൈതൃകത്തെക്കുറിച്ച്‌ ആസ്വാദനപരവും വിമര്‍ശനാത്മകവുമായ സമീപനം വളര്‍ത്തുക. ശതാബ്ദങ്ങളായുള്ള പൂര്‍വ്വാര്‍ജ്ജിത വിജ്ഞാനത്തോട്‌ ആദരവുണ്ടാക്കുന്ന തരത്തിലുള്ള സമീപനം വിദ്യാര്‍ഥികളില്‍ ജനിപ്പിക്കുന്ന പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തുക. ഈ കാര്യം ദേശീയ പാഠപദ്ധതി ചട്ടക്കൂട്‌ (പേജ്‌ 86,87) വ്യക്തമാക്കിയിട്ടുണ്ട്‌.
10. ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അഭിരുചിയും അവബോധവും വളര്‍ത്തുക.
11. സമാധാന വിദ്യാഭ്യാസത്തിന്‌ കൂടുതല്‍ പ്രാധാന്യം നല്‍കണം. ഒപ്പം മൂല്യബോധം, ധര്‍മ്മചിന്ത തുടങ്ങിയവ കുട്ടികളില്‍ എത്തിക്കുന്ന തരത്തിലുള്ള പാഠഭാഗങ്ങളും ഉണ്ടാകണം.
12. ഭാഷ, ഗണിതം എന്നിവയില്‍ ആറു ക്ലാസുകൊണ്ട്‌ അടിസ്ഥാനം ഉറപ്പിക്കുക.

ആമുഖം
ഏഴാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം ഒന്നാം ഭാഗത്തിന്റെ മുഖവുരയില്‍ എസ്‌.സി.ഇ.ആര്‍.ടി.യുടെ ഡയറക്ടര്‍ എഴുതുന്നു: "പ്രശ്നങ്ങളെ അറിയലല്ല, അതില്‍ ഇടപെടലാണ്‌ വരുംകാല ക്ലാസ്‌ മുറികളില്‍ ലക്ഷ്യം വെയ്ക്കുന്നത്‌"ഇത്‌ അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഈ പാഠപുസ്തം നിര്‍മ്മിച്ചവരുടെയും ലക്ഷ്യപ്രഖ്യാപനമാണ്‌.പാഠങ്ങളുടെ ലക്ഷ്യം അറിവ്‌ നല്‍കലാകണം, നല്‍കാതിരിക്കലല്ല.പ്രശ്നങ്ങളെ വളച്ചൊടിച്ച്‌ അവതരിപ്പിക്കലല്ല,നേരെ അവതരിപ്പിക്കലാണ്‌ പ്രധാനം. വിദ്യാര്‍ഥികള്‍ അറിവ്‌ നേടാതെ പ്രശ്നങ്ങളില്‍ ഇടപെടുന്നത്‌ അപകടകരമാണ്‌. പ്രശ്നങ്ങളുടെ നാനാവശങ്ങള്‍ അറിഞ്ഞുകൊണ്ട്‌ ആരോഗ്യകരമായ വിധത്തില്‍ ഇടപെടാനാണ്‌ പാഠപുസ്തകങ്ങള്‍ പഠിപ്പിക്കേണ്ടത്‌.

വിഷയത്തിന്റെ നാനാവശങ്ങള്‍ മനസ്സിലാക്കാനും അന്വേഷിക്കാനും പ്രേരിപ്പിക്കാതെ ഒരു പക്ഷം മാത്രം പ്രകാശിപ്പിയ്ക്കുന്ന വിധമാണ്‌ പാഠപുസ്തകം രചിച്ചിരിക്കുന്നത്‌. ഇത്‌ ചോദ്യങ്ങള്‍ ചോദിക്കുന്ന കാര്യത്തിലും ആവര്‍ത്തിച്ചിരിക്കുന്നു. പല തരത്തിലുള്ള ഉത്തരങ്ങള്‍ ലഭിക്കാവുന്ന ചോദ്യങ്ങള്‍ പോലും ഒരു പ്രത്യേക ഉത്തരം ലഭിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ്‌ തയ്യാറാക്കിയിരിക്കുന്നത്‌.അദ്ധ്യാപകസഹായിയും അങ്ങനെ ചെയ്യാനാണ്‌ അദ്ധ്യാപകരെ പ്രേരിപ്പിക്കുന്നത്‌. അതില്‍ കൊടുത്തിരിക്കുന്ന വഴി കാട്ടി ചോദ്യങ്ങള്‍ (leading questions) ഈ നിരീക്ഷണം സാധൂകരിക്കുന്നു.

പാഠം 1
മണ്ണിനെ പൊന്നാക്കാന്‍
"ഇങ്ങനെയും ജീവിതം" എന്ന പാഠഭാഗത്തില്‍ (പുറം 8) കൂടല്ലൂര്‍ മനയിലെ ജന്മിമാരുടെ അലസജീവിതം ചിത്രീകരിക്കുന്നു.ആ മനമഹാവിദ്വാന്മാരുടെയും വലിയ കലാകാരന്മാരുടെയും കേന്ദ്രമായി ഒരു സര്‍വ്വകലാശാല പോലെ നിലകൊണ്ടിരുന്ന വസ്തുത മറച്ചുവെച്ചിരിക്കുന്നു. അര്‍ദ്ധസത്യങ്ങള്‍ക്ക്‌ പകരം ആവുന്നത്ര സത്യം മുഴുവന്‍ പറയാന്‍ ശ്രദ്ധിക്കണം. ('മനയുടെ മഹത്വം കാണാതെ' എന്ന ലേഖനം. മലയാള മനോരമ, പത്രത്തിലെ ജൂലൈ 2008,ഞായറാഴ്ച)ജന്മികുടുംബങ്ങളിലെ ഒട്ടേറെ പരിഷ്ക്കരണവാദികള്‍ ഇ.കെ.ഗോപാലനെപ്പോലെ ജന്മിത്വത്തിനെതിരായി പ്രവര്‍ത്തിച്ചുവെന്ന വസ്തുതയും ചോദ്യങ്ങളിലൂടെ ഊന്നിപ്പറയേണ്ടതാണ്‌.

'വിത്തിട്ടവന്‍ വിള കൊയ്യും' (പുറം-10) എന്ന പാഠഭാഗത്തില്‍ കുടിയാന്മാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ നടന്ന സമരങ്ങളാണ്‌ പരാമര്‍ശിക്കുന്നത്‌. എന്നാല്‍ കോണ്‍ഗ്രസ്സുകാര്‍, സോഷ്യലിസ്റ്റുകള്‍ എന്നിവര്‍ ചെയ്ത കാര്യങ്ങളെല്ലാം തമസ്ക്കരിച്ചിരിക്കുന്നു.(ഉദാ:സമരങ്ങള്‍,പ്രചരണങ്ങള്‍, നിയമനിര്‍മ്മാണം). കരിവെള്ളൂര്‍ സംഭവത്തിലെ അക്രമഭാഗം മാത്രമാണ്‌ (പുറം 11) ഭൂപരിഷ്ക്കരണത്തിലേക്ക്‌ നയിച്ചതെന്ന്‌ ധ്വനിപ്പിച്ചിരിക്കുന്നു.ഇത്‌ ചരിത്രത്തെ തെറ്റിദ്ധരിപ്പിക്കലും വളച്ചൊടിക്കലുമാണ്‌.

നൂറ്‌ വര്‍ഷം മുമ്പുള്ള കേരളത്തിലെ ഭൂമികൈമാറ്റ സമ്പ്രദായം പഠിക്കുവാന്‍ 1982ലെ ഒരു പ്രമാണത്തിന്റെ ചിത്രം കൊടുത്തിരിക്കുന്നു.(പുറം 11)അശ്രദ്ധ കൊണ്ടാണെങ്കില്‍പ്പോലും ഇത്തരം തെറ്റുകള്‍ ഒരു പാഠപുസ്തകത്തിലും സംഭവിക്കാന്‍ പാടില്ലാത്തതാണ്‌.മാത്രമല്ല നൂറുകൊല്ലം മുമ്പുള്ള ഒരാധാരം കൊടുത്താല്‍ വിദ്യാര്‍ഥികള്‍ക്കെന്നല്ല അദ്ധ്യാപകര്‍ക്കുപോലും അത്‌ വായിച്ച്‌ മനസ്സിലാക്കാന്‍ സാധിക്കില്ല. ഇന്നത്തെ ഭാഷയിലും അതിന്റെ ഉള്ളടക്കം കൊടുക്കേണ്ടതാണ്‌.

"നിങ്ങളുടെ വീടിന്റെയോ പുരയിടത്തിന്റെയോ പട്ടയമോ ആധാരമോ നിങ്ങള്‍ കണ്ടിട്ടുണ്ടോ?"എന്ന ചോദ്യം (പുറം 12)ഒരു തുണ്ടു ഭൂമിയും ഇല്ലാത്ത ആയിരക്കണക്കിന്‌ വിദ്യാര്‍ഥികളെ (ആദിവാസികള്‍, ചേരിനിവാസികള്‍ തുടങ്ങിയവരെ) അപമാനിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതാണ്‌.അവരില്‍ അപകര്‍ഷബോധം ഉണ്ടാക്കാനേ ഈ ചോദ്യം സഹായിക്കൂ.ശക്തമായും കലാപരമായും സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ ചിത്രീകരിച്ച കേശവദേവ്‌, ബഷീര്‍, തകഴി, പൊന്‍കുന്നംവര്‍ക്കി, ലളിതാംബിക അന്തര്‍ജനം, എസ്‌.കെ.പൊറ്റെക്കാട്ട്‌, ഉറൂബ്‌ തുടങ്ങിയ മുന്‍നിരക്കാരായ കഥാകൃത്തുക്കളെ അവഗണിച്ചുകൊണ്ട്‌ ചെറുകാടിന്റെ രണ്ട്‌ കൃതികള്‍ അധികവായനയ്ക്ക്‌ നിര്‍ദ്ദേശിച്ചത്‌ അനുചിതമാണ്‌.

കെ.ദാമോദരന്‍ പാര്‍ട്ടി പ്രചരണത്തിന്‌ വേണ്ടി എഴുതിയ 'പാട്ടബാക്കി' എന്ന നാടകം ചേര്‍ത്തിരിക്കുന്നത്‌ ഒട്ടും ഉചിതമല്ല. അദ്ദേഹത്തിന്റെ തന്നെ ഉറുപ്പിക, ധനശാസ്ത്രം, ഇന്ത്യയുടെ ആത്മാവ്‌ എന്നീ കൊള്ളാവുന്ന ഗ്രന്ഥങ്ങളെ അവഗണിച്ചിരിക്കുന്നു. ഏകപക്ഷീയമായി ഒരു ആശയം പ്രചരിപ്പിക്കാന്‍ പുസ്തകങ്ങളെ ഉപയോഗിച്ചത്‌ ശരിയായില്ല.ഭൂമി വാങ്ങാനും വില്‍ക്കാനുമുള്ള സ്വാതന്ത്ര്യവും കൃഷിഭൂമിയില്‍ നിന്ന്‌ കാര്‍ഷികാദായമെടുക്കാനുള്ള സ്വാതന്ത്ര്യവും 1957ലെ നിയമപ്രകാരം ആദ്യമായി ലഭിച്ചുവെന്ന്‌ (പുറം 14)പാഠപുസ്തകം പ്രചരിപ്പിക്കുന്നു.ഇത്‌ ശരിയല്ല. തിരുവിതാംകൂറില്‍ 1865ലെ കുത്തകപ്പാട്ട വിളംബര പ്രകാരം ഭൂമിയില്‍ സ്ഥിരാവകാശവും ക്രയവിക്രയം ചെയ്യാനുള്ള സ്വാതന്ത്ര്യവും കൃഷിക്കാര്‍ക്ക്‌ ലഭിച്ചു. കൊച്ചിയിലും മലബാറിലും ഇത്തരം തുടര്‍ നിയമങ്ങളുണ്ടായി.

എന്നിട്ടും പ്രശ്നം അവസാനിച്ചില്ല.കൃഷിക്കാരന്റെ അവകാശങ്ങള്‍ പടിപടിയായി സ്ഥാപിക്കുന്ന പരിഷ്കാരങ്ങള്‍ക്കു ശേഷവും ആദിവാസി ജനവിഭാഗങ്ങള്‍ക്ക്‌ ഭൂമി നഷ്ടപ്പെടുകയാണ്‌ ചെയ്ത്‌.ആ വസ്തുതയും മറച്ചു പിടിച്ചിരിക്കുന്നു.നിയമനിര്‍മ്മാണത്തിന്റെ ഗുണഫലങ്ങളെക്കുറിച്ച്‌ കൊടുത്തിട്ടുള്ള പട്ടികകള്‍ (പുറം 14, 15) തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ്‌. നെല്‍കൃഷി 1970കളില്‍ എട്ടുലക്ഷത്തിലധികം ഹെക്ടര്‍ ഭൂമിയില്‍ ഉണ്ടായിരുന്നത്‌ 2005 ആവുമ്പോള്‍ മൂന്നു ലക്ഷത്തില്‍ കുറവായി മാറിയിട്ടുണ്ടെന്നാണ്‌ കാണിച്ചിരിക്കുന്നത്‌.

അതിലേക്ക്‌ നയിച്ച ഘടകങ്ങളെപ്പറ്റി-ഭൂമി ചെറിയ തുണ്ടങ്ങളായി ഭാഗിക്കപ്പെട്ടത്‌, അക്രമാസക്തമായ സമരങ്ങള്‍, യന്ത്രങ്ങളുടെ ഉപയോഗമടക്കം ആധുനീകരണം തടയുന്ന സമീപനം തുടങ്ങിയവ-മൗനം പാലിച്ചിരിക്കുന്നു. ആയുര്‍ദൈര്‍ഘ്യവും സാക്ഷരതയും വര്‍ദ്ധിച്ചത്‌ (പുറം 15) മുഖ്യമായും ഭൂപരിഷ്കരണം കൊണ്ടാണ്‌ എന്ന സൂചന വസ്തുതാവിരുദ്ധമാണ്‌.

പാഠം 2
മനുഷ്യത്വം വിളയുന്ന ഭൂമി
പന്തലൂര്‍ ജി.എല്‍.പി. സ്കൂളില്‍ 1924ല്‍ ഉള്ള കുട്ടികളുടെ അഡ്മിഷന്‍ രജിസ്റ്ററില്‍ നിന്ന്‌ വിചിത്രമായ ഒരു പട്ടിക (പുറം 18) എടുത്തു ചേര്‍ത്തിരിക്കുന്നു. ഈ പട്ടികയില്‍ കാണുന്ന 23 പേര്‍ ഹിന്ദു സമൂഹത്തിലെ പല ജാതികളില്‍പ്പെട്ടവരാണ്‌. അന്ന്‌ വിദ്യാലയങ്ങളില്‍ പ്രവേശനം ലഭിച്ചവരുടെ പ്രാതിനിധ്യസ്വഭാവം അവകാശപ്പെടാന്‍ കഴിയാത്തതാണ്‌ ഈ പട്ടിക. അക്കാലത്ത്‌ മുസ്ലിങ്ങള്‍ക്ക്‌ ഭൂരിപക്ഷം ഉണ്ടായിരുന്ന സ്ഥലങ്ങളില്‍പ്പോലും അവര്‍ക്ക്‌ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നു എന്നു വരുത്തിത്തീര്‍ക്കാനാണ്‌ ഇവിടെ ശ്രമിച്ചിരിക്കുന്നത്‌.

മാത്രമല്ല, അന്ന്‌ മലപ്പുറം ജില്ല രൂപീകരിച്ചിരുന്നില്ല. ഇതേ കാലത്ത്‌ വിവിധ ജാതിമതസ്ഥരായ കുട്ടികള്‍ ഒന്നിച്ചിരുന്ന്‌ പഠിച്ചിരുന്ന സ്കൂളുകള്‍ കൊച്ചിയിലും തിരുവിതാംകൂറിലും ഉണ്ടായിരുന്നു.മലബാറില്‍ തന്നെ ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ മുസ്ലിങ്ങള്‍ക്കുവേണ്ടി മാപ്പിള സ്കൂളുകള്‍ സ്ഥാപിക്കുകയുണ്ടായി. ഈ വൈവിധ്യങ്ങള്‍ മറച്ചുവെച്ചിരിക്കുന്നു. ഇത്തരത്തില്‍ സാമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ വേണ്ടി ഒരു പട്ടിക തെരഞ്ഞെടുത്തത്‌ അപലപനീയമാണ്‌.

'എച്ചില്‍' എന്ന പാഠഭാഗത്തില്‍ കൊടുത്തതുപോലുള്ള പ്രാകൃതരീതികള്‍ (പുറം 20) പ്രാദേശികമാണ്‌.പ്രാതിനിധ്യസ്വഭാവം ഉള്ളതല്ല.ഇവയ്ക്കെതിരായ പ്രതിഷേധവും ഉണ്ടായി.അതൊന്നും ഇവിടെ കൊടുത്തിട്ടില്ല.ഒരുവശം മാത്രം ചിത്രീകരിച്ച്‌ സാമുദായികസ്പര്‍ദ്ധ വളര്‍ത്താന്‍ വേണ്ടിയാണ്‌ ഇത്തരം പാഠങ്ങള്‍ കൊടുത്തിരിക്കുന്നത്‌. ദേവകി നിലയങ്ങോടിന്റെ "യാത്ര കാട്ടിലും നാട്ടിലും" പ്രതിപാദിച്ചിരിക്കുന്ന തെളിമയുള്ള ഭാഗങ്ങള്‍ ഒഴിവാക്കി പാഠപുസ്തകരചയിതാക്കളുടെ താല്‍പര്യം മാത്രം മുന്‍നിര്‍ത്തി തെറ്റായ ഒരു സന്ദേശം പ്രചരിപ്പിക്കുന്ന തരത്തില്‍ ഒരു ഭാഗം പാഠപുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചത്‌ അരോചകമായി.

പാഠപുസ്തകത്തില്‍ പറയുന്ന 'അവര്‍' അന്തര്‍ജ്ജനങ്ങള്‍ക്ക്‌ തുണക്കാരികളായി പോയിരുന്ന നായര്‍ സ്ത്രീകളാണ്‌ എന്ന കാര്യവും സമര്‍ഥമായി ഒഴിവാക്കിയിട്ടുണ്ട്‌.ഈ ദുര്യോഗം കേരളത്തിലെ മുഴുവന്‍ അവര്‍ണ്ണര്‍ക്കും നേരിടേണ്ടിവന്നതാണ്‌ എന്ന്‌ വരുത്തിതീര്‍ക്കാന്‍ പാഠഭാഗം തന്ത്രപരമായി ശ്രമിച്ചിട്ടുണ്ട്‌.

(തുടരും)

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0