Home | പരമ്പര | ദര്‍ശനങ്ങളുടെ പോരാട്ടം

ദര്‍ശനങ്ങളുടെ പോരാട്ടം

Font size: Decrease font Enlarge font
image

പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്‌ ചൊവ്വാഴ്ച ലോക്സഭയില്‍ വിശ്വാസപ്രമേയ ചര്‍ച്ച ഉപസംഹരിച്ചുകൊണ്ട്‌ നടത്താന്‍ ശ്രമിച്ച പ്രസംഗത്തിന്റെ സംക്ഷിപ്ത രൂപമാണിത്‌. ബഹളം മൂലം തുടരാനാകാതെ, എഴുതി തയ്യാറാക്കിയ പ്രസംഗം പ്രധാനമന്ത്രി സഭയുടെ മേശപ്പുറത്ത്‌ വെയ്ക്കുകയായിരുന്നു. ദേശീയ മനസ്സാക്ഷിയെ തൊട്ടുണര്‍ത്തുന്ന ശ്രദ്ധേയമായ വാക്കുകളും നിരീക്ഷണങ്ങളും നിറഞ്ഞ ആ പ്രസംഗത്തിന്റെ ആദ്യഭാഗം.

എന്റെ പ്രവര്‍ത്തനം വിശദമാക്കുന്നതിന്‌ പ്രതിപക്ഷനേതാവ്‌ ശ്രീ.എല്‍.കെ അദ്വാനി എല്ലാത്തരം മോശമായ രീതികളുമാണ്‌ തെരഞ്ഞെടുത്തത്‌.ഏറ്റവും ദുര്‍ബലനും നിഷ്ക്രിയനുമായ പ്രധാനമന്ത്രിയാണ്‌ ഞാനെന്നാണ്‌ അദ്ദേഹം വിശേഷിപ്പിച്ചത്‌.എന്നു മാത്രമല്ല പ്രധാനമന്ത്രി പദവിയുടെ മൂല്യം കുറയ്ക്കുന്ന രീതിയിലാണ്‌ ഞാന്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന്‌ അദ്വാനി ആരോപിക്കുന്നു.അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിന്‌ നമ്മുടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മൂന്നുവട്ടം അദ്വാനി ശ്രമിച്ചിരുന്നു.

എന്നാല്‍ ഓരോ പ്രാവശ്യവും അദ്ദേഹത്തിന്റെ ജ്യോത്സ്യന്മാര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.ഇതുതന്നെ ഇന്നും ആവര്‍ത്തിക്കപ്പെടുമെന്ന്‌ എനിക്കുറപ്പുണ്ട്‌. ഇത്രയും പ്രായമായ സ്ഥിതിക്ക്‌ തന്റെ ചിന്താധാരയില്‍ ശ്രീ അദ്വാനി മാറ്റം വരുത്തുമെന്ന്‌ ഞാന്‍ പ്രതീക്ഷിക്കുന്നില്ല.അതിനാല്‍ അദ്ദേഹത്തിന്റെയും ഇന്ത്യയുടെയും രക്ഷയ്ക്കായി കുറഞ്ഞപക്ഷം സ്വന്തം ജ്യോത്സ്യന്മാരെയെങ്കിലും മാറ്റണമെന്ന്‌ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്‌.അങ്ങനെയെങ്കില്‍ വരാനിരിക്കുന്ന സംഗതികളെക്കുറിച്ച്‌ കൃത്യമായ പ്രവചനമെങ്കിലും അദ്ദേഹത്തിന്‌ നടത്താന്‍ കഴിയും.അദ്വാനിയുടെ അസംഖ്യം ആരോപണങ്ങള്‍ക്ക്‌ മറുപടി നല്‍കി ഈ സഭയുടെ സമയം വെറുതെ കളയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

എങ്കിലും മറ്റുള്ളവരുടെ കഴിവില്ലായ്മയെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനുമുന്നേ അദ്വാനി കുറച്ചെങ്കിലും ആത്മപരിശോധന ചെയ്യേണ്ടതാണെന്നാണ്‌ എനിക്ക്‌ പറയാനുള്ളത്‌.നമ്മുടെ പാര്‍ലമെന്റിന്റെ കവാടങ്ങളില്‍ തീവ്രവാദികള്‍ മുട്ടിവിളിച്ചപ്പോള്‍ ഉറങ്ങുകയായിരുന്ന ഒരു ആഭ്യന്തരമന്ത്രിയോട്‌ നമുക്ക്‌ പൊറുക്കാനാവുമോ?ബാബറി മസ്ജിദിന്റെ നാശത്തിനും അതിനെതുടര്‍ന്നുണ്ടായ ഭീകരപ്രത്യാഘാതങ്ങള്‍ക്കും ഒറ്റയ്ക്ക്‌ പ്രേരണ നല്‍കിയ വ്യക്തിയോട്‌ നമ്മുടെ രാഷ്ട്രത്തിന്‌ മാപ്പാക്കാനാകുമോ?തന്റെ പാപങ്ങള്‍ കഴുകിക്കളയുന്നതിനായി പെട്ടെന്ന്‌ അദ്ദേഹം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. അവിടെ അദ്ദേഹം ശ്രീ. ജിന്നയില്‍ പുതിയ മൂല്യങ്ങള്‍ കണ്ടെത്തി.എങ്കിലും ഹാ കഷ്ടം!അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിയും ആര്‍.എസ്‌.എസിലുള്ള അദ്ദേഹത്തിന്റെ ഉറച്ച അനുയായികളും ഇക്കാര്യത്തില്‍ അദ്ദേഹത്തെ കൈവിട്ടുകളഞ്ഞു.

ആയിരക്കണക്കിന്‌ നിഷ്കളങ്കരുടെ ജീവനുകള്‍ കവര്‍ന്ന്‌ ഗുജറാത്ത്‌ കത്തിയപ്പോള്‍ ഉറങ്ങുകയായിരുന്ന ഒരു ആഭ്യന്തരമന്ത്രിയുടെ പെരുമാറ്റത്തെ നമ്മുടെ രാഷ്ട്രത്തിന്‌ അംഗീകരിക്കാനാവുമോ?തങ്ങളുടെ ജനറല്‍ സെക്രട്ടറിയുടെ തെറ്റായ കണക്കുകൂട്ടലുകള്‍ മൂലം ബി.ജെ.പിയുമായി സൗഹൃദം സ്ഥാപിച്ചതിനെക്കുറിച്ച്‌ എന്റെ സുഹൃത്തുക്കളായ ഇടതുപക്ഷം ചിന്തിക്കണം.എന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ഈ മഹനീയ സഭയും രാജ്യത്തെ ജനങ്ങളുമാണ്‌ വിലയിരുത്തേണ്ടത്‌.കഴിഞ്ഞ കുറേവര്‍ഷങ്ങളായി ധനമന്ത്രിയായും പ്രധാനമന്ത്രിയായും ഞാന്‍ ഭരണചക്രത്തിലുണ്ടായിരുന്നു.നമ്മുടെ സമ്പദ്‌ വ്യവസ്ഥയെയും വിനയത്തെയും രൂപാന്തരം ചെയ്യുന്നതിനുവേണ്ടി ദശലക്ഷക്കണക്കിന്‌ ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന ദാരിദ്ര്യത്തില്‍ നിന്നും അജ്ഞതയില്‍നിന്നും രോഗങ്ങളില്‍നിന്നും മുക്തി നേടാന്‍ അധികാരം ഉപയോഗിക്കുക എന്നത്‌ പരിപാവനമായ കടപ്പാടായാണ്‌ ഞാന്‍ കരുതിയതെന്ന്‌ പറയട്ടെ.

ഇത്‌ സുദീര്‍ഘവും കഠിനവുമായ യാത്രയാണ്‌.എങ്കിലും ഈ ലക്ഷ്യത്തിലേക്കുള്ള ഓരോ ചുവടും മാറ്റങ്ങളുണ്ടാക്കും.അതാണ്‌ കഴിഞ്ഞ 4വര്‍ഷമായി ഞങ്ങള്‍ ചെയ്തുകൊണ്ടിരുന്നത്‌.ഇക്കാര്യത്തില്‍ ഞങ്ങള്‍ എത്രമാത്രം വിജയിച്ചിട്ടുണ്ടെന്ന്‌ വിധിയെഴുതാന്‍ രാജ്യത്തിലെ ജനങ്ങള്‍ക്ക്‌ ഞാന്‍ വിട്ടുകൊടുക്കുകയാണ്‌.നമ്മെ എതിര്‍ക്കുന്ന അവസരവാദ കൂട്ടുകെട്ടിലേക്ക്‌ നോക്കുമ്പോള്‍ ഇന്ത്യയുടെ ഭാവിയ്ക്ക്‌ മുമ്പില്‍നില്‍ക്കുന്ന രണ്ടു ദര്‍ശനങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്‌ ഇന്ന്‌ നടക്കുന്നതെന്ന്‌ എനിക്ക്‌ വ്യക്തമാണ്‌. ഒരു ദര്‍ശനം യു.പി.എയുടെയും നമ്മുടെ സഖ്യകക്ഷികളുടെയുമാണ്‌. രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യ അനുയോജ്യ സ്ഥാനത്തേക്ക്‌ ഒരുമിച്ച്‌ മുന്നോട്ടുപോകാനും ആത്മവിശ്വാസമുള്ള രാജ്യമായി ഇന്ത്യയെ ഉയര്‍ത്തി കാണിക്കാനും ആഗോളതലത്തില്‍ ഉയര്‍ന്നുവരുന്ന അവസരങ്ങള്‍ സമ്പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താനും രാജ്യത്തിന്റെ സാമ്പത്തിക സാമൂഹികവികസനത്തിനും ആധുനിക ശാസ്ത്രസാങ്കേതികതയെയും പ്രധാനമായ ഉപകരണങ്ങളായി ഉപയോഗിച്ചുകൊണ്ട്‌ മുന്നേറുവാനുമാണ്‌ യു.പി.എയും സഖ്യകക്ഷികളും ലക്ഷ്യമിടുന്നത്‌.

ദുരുപദിഷ്ടങ്ങളായ ലക്ഷ്യമുള്ള ഒരു ആള്‍ക്കൂട്ടമാണ്‌ എതിര്‍ഭാഗത്തുള്ളത്‌. വിഭാഗീയവും വര്‍ഗീയവും വംശീയവുമായ താത്പര്യങ്ങള്‍ വളര്‍ത്താന്‍ ഈ പദവിയെ ദുരുപയോഗം ചെയ്യുകയാണ്‌ അവരുടെ ലക്ഷ്യം. എന്റെ പ്രിയപ്പെട്ട ഇടതു സഹപ്രവര്‍ത്തകര്‍ എല്‍.കെ അദ്വാനിയെ തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കുന്നുണ്ടോയെന്ന്‌ പറയണം.യു.എന്‍.പി.എയുടെ പ്രതിനിധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ നിര്‍ദ്ദേശിച്ചുകൊണ്ട്‌ എല്‍.കെ അദ്വാനി മാറിനില്‍ക്കുമോ എന്ന കാര്യവും വെളിപ്പെടുത്തണം.സുപ്രധാന വിഷയങ്ങളില്‍ രാജ്യത്തെ വിശ്വാസത്തിലെടുക്കുകയും വേണം.

മുന്‍ഗണനകള്‍ പ്രസംഗത്തിന്റെ തുടക്കത്തില്‍ ഞാന്‍ സൂചിപ്പിച്ചതുപോലെ ഈ സഭയെ അനാവശ്യമായൊരു ചര്‍ച്ചയിലേക്കാണ്‌ വലിച്ചിഴച്ചിരിക്കുന്നത്‌. രാജ്യത്തിനു താല്‍പര്യമുള്ള ചില പ്രധാന വിഷയങ്ങളില്‍നിന്ന്‌ നമ്മുടെ ശ്രദ്ധ അതുവഴി വ്യതിചലിക്കപ്പെടരുതെന്ന്‌ എനിക്ക്‌ ആഗ്രഹമുണ്ട്‌.
1. എണ്ണവിലയിലെ കുത്തനെയുള്ള വര്‍ദ്ധന മൂലമുണ്ടായ രാജ്യത്തേക്ക്‌ ഇറക്കുമതി ചെയ്യപ്പെട്ട പണപ്പെരുപ്പത്തെ ചെറുക്കുക.വളര്‍ച്ചയുടെയും തൊഴിലവസരങ്ങളുടെയും നിരക്കിനെ ബാധിക്കാതെ പണപ്പെരുപ്പത്തെ നിയന്ത്രിക്കാനാണ്‌ ഞങ്ങളുടെ ശ്രമം.

2. കൃഷിയെ പുനഃരുജ്ജീവിപ്പിക്കുക. കൃഷിയിലേക്കുള്ള നിക്ഷേപത്തിന്റെയും വിഭവങ്ങളുടെയും പ്രവാഹം കുറയുന്ന പ്രവണത തിരികെയാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്‌.ഇക്കാര്യത്തില്‍ ഞങ്ങള്‍ ആസൂത്രണം ചെയ്ത നടപടികള്‍ ധനമന്ത്രി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്‌.231ദശലക്ഷം ടണ്‍ റെക്കോര്‍ഡ്‌ ഭക്ഷ്യധാന്യ ഉല്‍പാദനമാണ്‌ നാം കൈവരിച്ചിട്ടുള്ളത്‌. എങ്കിലും കാര്‍ഷികോല്‍പാദനം മെച്ചപ്പെടുത്താന്‍ നമ്മുടെ ശ്രമങ്ങള്‍ ഇരട്ടിയാക്കേണ്ടതുണ്ട്‌.

3. ദേശീയഗ്രാമീണ തൊഴില്‍ പദ്ധതി, സര്‍വ്വശിക്ഷ അഭിയാന്‍, ദേശവ്യാപകമായുള്ള ഉച്ചഭക്ഷണപരിപാടി, റോഡുകള്‍, സര്‍വ്വീസ്‌ സ്റ്റേഷന്‍, ജലസേചനം, വൈദ്യുതി, കുടിവെള്ളം, തുടങ്ങിയ ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളുടെ മികവ്‌ വര്‍ദ്ധിപ്പിക്കാനുള്ള ഭാരത്‌ നിര്‍മ്മാണ്‍ പരിപാടി, ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍, ജവഹര്‍ലാല്‍ നെഹ്‌റു ദേശീയ നാഗരീക പുനര്‍ജ്ജീവന മിഷന്‍ തുടങ്ങി ദരിദ്രരെ ലക്ഷ്യമിട്ടിട്ടുള്ള പദ്ധതികളുടെ കാര്യക്ഷമത വളര്‍ത്തുക ഈ പരിപാടികള്‍ വ്യക്തമായ ഫലം ചെയ്തുകൊണ്ടിരിക്കുകയാണ്‌. എങ്കിലും അവയുടെ മികവ്‌ വര്‍ദ്ധിപ്പിക്കുന്നതിന്‌ നിരവധി നടപടികള്‍ കൈക്കൊള്ളേണ്ടിയിരിക്കുന്നു.

4. ഉന്നതവിദ്യാഭ്യാസമേഖല വികസിപ്പിക്കുന്നതിന്‌ കൂടുതല്‍ ഊന്നല്‍ കൊടുക്കാന്‍ നാം ശ്രമം ആരംഭിച്ചിട്ടുണ്ട്‌. 11-ാ‍ം പദ്ധതിയുടെ അവസാനത്തോടെ ഉന്നതവിദ്യാഭ്യാസത്തെ മൊത്തം എന്‍റോള്‍മെന്റ്‌ അനുപാതം 11.6 ശതമാനത്തില്‍ നിന്ന്‌ 15 ശതമാനമായി ഉയര്‍ത്തുകയാണ്‌ ലക്ഷ്യം.12-ാ‍ം പദ്ധതിയുടെ അവസാനത്തോടെ ഇത്‌ 21 ശതമാനമായി ഉയര്‍ത്തും. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്‌ ഒരു ബൃഹദ്‌ പദ്ധതി നാം തയ്യാറാക്കിയിട്ടുണ്ട്‌.

അതുപ്രകാരം 30 പുതിയ യൂണിവേഴ്സിറ്റികള്‍ സൃഷ്ടിക്കും. ഇവയില്‍ 14 എണ്ണം ലോക നിലവാരമുള്ളവയായിരിക്കും.എട്ട്‌ പുതിയ ഐ.ഐ.ടികള്‍,ഏഴ്‌ പുതിയ ഐ.ഐ.എമ്മുകള്‍,20പുതിയ ഐ.ഐ.ഐ.ടികള്‍,അഞ്ച്‌ പുതിയ ഐ.ഐ.എസ്‌.സി.ആറുകള്‍, ആസൂത്രണത്തിനും ശില്‍പകലാ പരിശീലനത്തിനുമുള്ള രണ്ടു സ്കൂളുകള്‍, 10 എന്‍.ഐ.ടികള്‍, 373 പുതിയ ബിരുദ കോളേജുകള്‍, 1000 പുതിയ പോളിടെക്നിക്കുകള്‍ എന്നിവയും നാം ലക്ഷ്യമിടുന്നു.ഇവയൊന്നും വെറും പദ്ധതികളായി മാറുന്നില്ല.മൂന്ന്‌ പുതിയ ഐ.ഐ.എസ്‌.ആറുകള്‍ ഇപ്പോള്‍തന്നെ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ശേഷിച്ച രണ്ടെണ്ണം 2008-09 വിദ്യാഭ്യാസ വര്‍ഷം മുതല്‍ പ്രവര്‍ത്തനസജ്ജമാകും. രണ്ട്‌ എസ്‌.പി.എകള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും. പുതിയ ഐ.ഐ.ടികളില്‍ ആറെണ്ണത്തില്‍ ഈ വര്‍ഷം ക്ലാസുകള്‍ ആരംഭിക്കും.പുതിയ യൂണിവേഴ്സിറ്റികള്‍ സ്ഥാപിക്കുന്നത്‌ സംബന്ധിച്ച നടപടികള്‍ അവസാനഘട്ടത്തിലാണ്‌.

5. ദേശവ്യാപകമായ സ്കില്‍ ഡവലപ്മെന്റ്‌ പ്രോഗ്രാം വിദ്യാഭ്യാസത്തിനുള്ള അവകാശം ലഭ്യമാക്കുന്ന നിയമം പ്രാബല്യത്തിലാക്കല്‍.

6. റീ ഹാബിലിറ്റേഷന്‍, റീ സെറ്റില്‍മെന്റ്‌ നയത്തിന്‌ പാര്‍ലമെന്റിന്റെ അംഗീകാരം നേടുക. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക്‌ സാമൂഹ്യസുരക്ഷ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്ന നിയമം നടപ്പാക്കല്‍.

7. ന്യൂനപക്ഷങ്ങള്‍ക്കുള്ള പുതിയ 15 ഇന പരിപാടി. ഗോത്രവര്‍ഗക്കാര്‍ക്കുള്ള ഭൂ അവകാശങ്ങള്‍ നടപ്പാക്കുന്നതിന്‌ മുന്‍തൂക്കം നല്‍കിക്കൊണ്ട്‌ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കുള്ള ശാക്തീകരണ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുക.

8. ഭരണപ്രക്രിയകള്‍ക്ക്‌ കൂടുതല്‍ സുതാര്യത ലഭ്യമാക്കുന്നതിനായി വിവരാവകാശ നിയമം ഫലപ്രദമായി നടപ്പാക്കേണ്ടത്‌ തുല്യപ്രാധാന്യമുള്ളതാണ്‌.നമ്മുടെ പൊതുഭരണത്തിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ അഡ്മിനിസ്ട്രേറ്റീവ്‌ പരിഷ്കരണകമ്മീഷന്‍ നിരവധി വിലയേറിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്‌.

9. രാജ്യത്തിന്റെ സുരക്ഷയെയും സുസ്ഥിരതയെയും തുരങ്കംവയ്ക്കാന്‍ ശ്രമിക്കുന്ന തീവ്രവാദ ശക്തികളെയും ഇടതുപക്ഷ തീവ്രവാദത്തെയും വര്‍ഗ്ഗീയ ശക്തികളെയും കര്‍ശനമായി നേരിടുക.രാജ്യത്തുണ്ടായിട്ടുള്ള പ്രധാന തീവ്രവാദ ആക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ജാഗ്രതയോടെ നടത്തിയിട്ടുണ്ട്‌.അവ അതേ ജാഗരൂഗത തുടരുകയും ചെയ്യും.ഭൂരിഭാഗം കേസുകളുടെ കുറ്റപത്രങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്‌.ദുഷ്കരമായ സാഹചര്യങ്ങളില്‍പ്പോലും നമ്മുടെ ഇന്റലിജന്‍സ്‌ ഏജന്‍സികളും സുരക്ഷാസേനകളും മികവുറ്റ പ്രവര്‍ത്തനമാണ്‌ കാഴ്ചവയ്ക്കുന്നത്‌.അവര്‍ സമ്പൂര്‍ണ്ണമായ പിന്തുണ ആവശ്യമാണ്‌.

അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കാര്യക്ഷമത ശക്തിപ്പെടുത്തുന്നതിനുമായി സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുന്നതാണ്‌.മുകളില്‍പ്പറഞ്ഞിട്ടുള്ള ഈ മേഖലകളിലെല്ലാം ഗണ്യമായ നടപടികള്‍ കൈക്കൊണ്ടുകഴിഞ്ഞു.എന്നാല്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നമ്മുടെ ശ്രദ്ധയെ സുപ്രധാനമായ പദ്ധതികളില്‍ നിന്നും നമ്മുടെ അജണ്ടയിലുള്ള ശേഷിക്കുന്ന നടപടികള്‍ നടപ്പാക്കുന്നതില്‍നിന്നു വ്യതിചലിപ്പിക്കുന്നതാണ്‌.എന്നിരുന്നാലും ഈ മുന്‍ഗണന മേഖലകളില്‍ ശ്രദ്ധചെലുത്താനുള്ള ശ്രമം നാം ഇരട്ടിയാക്കുന്നതാണ്‌.
(തുടരും)

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
5.00