Home | പരമ്പര | ചെങ്കൊടി പാറുന്ന പാഠപുസ്തകങ്ങള്‍

ചെങ്കൊടി പാറുന്ന പാഠപുസ്തകങ്ങള്‍

Font size: Decrease font Enlarge font
image

പിഞ്ചുമനസ്സുകളെ കമ്യൂണിസ്റ്റ്‌വല്‍ക്കരിക്കുന്നതിനുവേണ്ടിയുള്ള പച്ചയായ ശ്രമമാണ്‌ പാഠപുസ്തകത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്‌. കമ്യൂണിസ്റ്റുകാരുടെയും കമ്യൂണിസ്റ്റ്‌ സഹയാത്രികരുടെയും ചിന്തകള്‍ ഇളംമനസ്സുകളില്‍ നട്ടുവളര്‍ത്താന്‍ ശ്രമിച്ചിരിക്കുന്നു.

കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പാഠ്യപദ്ധതി പരിഷ്കരണം, പിഞ്ചുവിദ്യാര്‍ത്ഥികളെ ചുവപ്പുവല്‍ക്കരണത്തിന്റെ ഊടുവഴിയിലേയ്ക്കു നയിക്കാനുദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന തിരിച്ചറിവ്‌ അദ്ധ്യാപകരെയും മാതാപിതാക്കളെയും പൊതുജനങ്ങളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുന്നു. വിദ്യാഭ്യാസരംഗം മാര്‍ക്സിസ്റ്റ്‌വല്‍ക്കരിക്കാന്‍ രണ്ടു വര്‍ഷക്കാലമായി നടത്തിവരുന്ന നീക്കത്തിന്റെ ഭാഗമായിട്ടാണ്‌ പാഠപുസ്തകങ്ങളിലൂടെ ഇടതുപക്ഷപ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാനുള്ള ആസൂത്രിതശ്രമവും നടന്നിരിക്കുന്നത്‌.സര്‍വ്വാംഗീകൃതമായ ഇന്ത്യന്‍ ചരിത്രത്തെയും കേരളനവോത്ഥാനചരിത്രത്തെയും വളച്ചൊടിച്ചുകൊണ്ടും തമസ്കരിച്ചുകൊണ്ടും,കമ്യൂണിസ്റ്റ്‌ വിശ്വാസപ്രമാണങ്ങളും വികലചരിത്രങ്ങളും പകരം വച്ചുകൊണ്ടും കൊച്ചുകുട്ടികളുടെ മസ്തിഷ്കപ്രക്ഷാളനം നടത്താനും അവരെ വഴിതെറ്റിക്കാനും പാഠപുസ്തകങ്ങളിലൂടെ ശ്രമിച്ചിരിക്കുകയാണ്‌.

ഈ വര്‍ഷം നാലു ക്ലാസുകളിലെ പാഠപുസ്തകങ്ങളിലെങ്കിലും ഈ പ്രവണത പ്രത്യക്ഷപ്പെടുന്നതു കാണാം.ഏഴാം ക്ലാസിലെ സാമൂഹ്യപാഠപുസ്തകത്തില്‍, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‌ നേതൃത്വം നല്‍കിയ മഹത്തായ ദേശീയപ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നിസ്സാരവല്‍ക്കരിച്ചു കാട്ടിയിരിക്കുന്നു.'...1885ഡിസംബര്‍ 28ന്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ എന്ന സംഘടന രൂപംകൊണ്ടു. ഈ സംഘടനയുടെ രൂപീകരണത്തിന്‌ എ.ഒ.ഹ്യൂം എന്ന ഇംഗ്ലീഷുകാരനാണ്‌ നേതൃത്വം കൊടുത്തത്‌. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്‌ പുതിയ മുഖം നല്‍കാന്‍ ഈ പ്രസ്ഥാനത്തിന്‌ കഴിഞ്ഞു...' കോണ്‍ഗ്രസിനെക്കുറിച്ച്‌ പരാമര്‍ശം ഇത്രമാത്രം.സ്വാതന്ത്ര്യസമരത്തിന്‌ നേതൃത്വം കൊടുത്ത ഒരു പ്രസ്ഥാനത്തെ ഇതിനെക്കാള്‍ ചെറുതായി കാണിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രം ലോകം കാണുന്നത്‌ ഗാന്ധിജിയിലൂടെയും കോണ്‍ഗ്രസ്സിലൂടെയുമാണ്‌. മഹാത്മാഗാന്ധിക്ക്‌ ലോകചരിത്രത്തിലുള്ള സ്ഥാനം സ്വാതന്ത്ര്യസമരത്തിന്‌ നേതൃത്വം നല്‍കി എന്നതിന്റെ പേരില്‍ മാത്രമല്ല, ലോകത്തിന്‌ മുഴുവന്‍ മാതൃകയായ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്ക്‌ രൂപംനല്‍കി എന്നതിന്റെ പേരിലും കൂടിയാണ്‌.ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ സംഭാവനകളെപ്പോലും മറച്ചുപിടിക്കുന്ന പക്ഷപാതപരമായ ചരിത്രനിഷേധമാണ്‌ ഈ പുസ്തകത്തില്‍ തെളിഞ്ഞു കാണുന്നത്‌.ഗാന്ധിജിയുടെ ചരിത്രം പഠിപ്പിക്കാത്ത ഇന്ത്യാചരിത്രം എത്ര അപൂര്‍ണവും അപഹാസ്യമാണ്‌?ദേശബോധം കത്തിജ്ജ്വലിപ്പിച്ച മതേതരത്വത്തിന്റെ ഉജ്ജ്വലപ്രതീകമായ ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തെക്കുറിച്ച്‌ പ്രതിപാദിക്കാന്‍ ഇവര്‍ക്ക്‌ വാക്കുകള്‍ കിട്ടിയില്ല. മതേതരത്വത്തിന്റെ അള്‍ത്താരയില്‍ ജീവരക്തം ചൊരിഞ്ഞ ആ മഹാശയനെ ഇങ്ങനെ അവഗണിക്കാന്‍ സ്റ്റാലിനിസ്റ്റുകള്‍ക്കു മാത്രമേ സാധിക്കൂ.

ഇന്ത്യന്‍ ജനതയുടെ മനസ്സുകളില്‍ ഇന്നും മതേതരത്വം ത്രസിക്കുന്നതിന്റെ പ്രധാന കാരണം ഗാന്ധിജിയുടെ രക്തസാക്ഷിത്വമാണ്‌. പക്ഷേ, അതു പഠിക്കുവാനുള്ള യോഗം എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കുന്ന കേരളത്തിലെ കുട്ടികള്‍ക്കു നിഷേധിക്കപ്പെടുന്നു.ഇന്ത്യയെ മാത്രമല്ല, ലോകത്തെ മുഴുവന്‍ പിടിച്ചുകുലുക്കിയ രണ്ട്‌ സംഭവങ്ങളായിരുന്നു ഇന്ദിരാജിയുടെയും, രാജീവ്ജിയുടെയും രക്തസാക്ഷിത്വം. നമ്മുടെ രാജ്യത്തിന്‌ സ്വാതന്ത്ര്യം ലഭിച്ചിട്ട്‌ 61 വര്‍ഷമായി. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി ജീവന്‍ ബലി അര്‍പ്പിച്ച ഈ രണ്ട്‌ പ്രധാനമന്ത്രിമാരുടെയും ചരിത്രം നമ്മുടെ വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടതില്ലേ?ഈ നേതാക്കള്‍ കമ്യൂണിസ്റ്റുകാരല്ലാത്തതുകൊണ്ടാണോ കേരളത്തിലെ ചരിത്രപാഠപുസ്തകത്തിന്റെ താളുകളില്‍ അവരുടെ സംഭാവനകള്‍ ഇടംപിടിക്കാതെ പോയത്‌?ചരിത്രത്തില്‍ ഇന്നേവരെ ഒരു കമ്യൂണിസ്റ്റ്‌ നേതാവും രാജ്യത്തിനുവേണ്ടിയോ, പാര്‍ട്ടിക്കുവേണ്ടിയോ, രക്തസാക്ഷിയായിട്ടില്ല. അതുകൊണ്ട്‌ ഇന്ദിരാജിയുടെയും,രാജീവ്ജിയുടെയും രക്തസാക്ഷിത്വത്തിന്റെ വില കമ്യൂണിസ്റ്റുകാര്‍ക്ക്‌ മനസ്സിലാകില്ല.

ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരെ 1857മേയ്‌ 11-ാ‍ം തീയതി ആരംഭിച്ച ശിപായി ലഹള ആയിരുന്നു സ്വാതന്ത്ര്യസമരത്തിന്റെ ആദ്യത്തെ തീപ്പൊരി.രണ്ടരലക്ഷത്തോളം പട്ടാളക്കാര്‍ സാമ്രാജ്യത്വത്തിനെതിരെ ദേശീയബോധത്തോടുകൂടി നടത്തിയ പോരാട്ടം ഒരു ജനകീയ സമരമായി രൂപം പ്രാപിക്കുകയായിരുന്നു. ഈ പോരാട്ടം യഥാര്‍ത്ഥത്തില്‍ ഒരു വിപ്ലവം തന്നെയായിരുന്നു. ഒരു നൂറ്റാണ്ടുകാലത്തെ ജനങ്ങളുടെ അസംതൃപ്തികളുടെയും പ്രതിഷേധത്തിന്റെയും പൊട്ടിത്തെറിയായി ഈ വിപ്ലവത്തെ കരുതാം.ഗോത്രവര്‍ഗ്ഗക്കാരുടെയും കര്‍ഷകരുടെയും പൗരബോധമുള്ള മറ്റു ജനങ്ങളുടെയും മഹത്തായ ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ കണ്ട ശിപായി ലഹള ദേശാഭിമാനത്തിന്റെയും ദേശീയബോധത്തിന്റെയും ദേശീയ ഐക്യത്തിന്റെയും അടിത്തറയ്ക്ക്‌ രൂപം നല്‍കി. 1857ന്‌ മുമ്പ്‌ ഭാരതീയജനതയില്‍ നീറിപ്പുകഞ്ഞുകൊണ്ടിരുന്ന രോഷാഗ്നിയാണ്‌ ഈ ഒന്നാം സ്വാതന്ത്ര്യസമരത്തിലൂടെ ആളിക്കത്തിയത്‌.

ഈ സാഹചര്യത്തില്‍ രൂപംകൊണ്ട "ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്‌" പല രൂപപരിണാമങ്ങള്‍ക്കും ശേഷം സ്വാതന്ത്ര്യസമരത്തിന്റെ നെടുംതൂണായി നിന്നുകൊണ്ട്‌ 1885ല്‍ ഏകപ്രസ്ഥാനമായി മാറി. ലോകചരിത്രത്തിലെ ആയുധമെടുക്കാതെ നടത്തിയ ഏറ്റവും വലിയ ജനകീയമുന്നേറ്റത്തിന്‌ നേതൃത്വം കൊടുത്ത "ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്‌"എന്ന മഹാപ്രസ്ഥാനത്തെക്കുറിച്ച്‌ ചില വാക്കുകളില്‍ മാത്രമുള്ള പരാമര്‍ശത്തിനപ്പുറത്തേക്ക്‌ ഏഴാം ക്ലാസ്സിലെ പാഠപുസ്തകം കടക്കുന്നില്ല.ഇത്‌ ചരിത്രത്തോട്‌ കാട്ടുന്ന അവഹേളനം മാത്രമല്ല പുത്തന്‍ തലമുറയെ വഴിതെറ്റിക്കാനുള്ള ശ്രമവും കൂടിയാണ്‌.1857ലെ ഒന്നാം സ്വാതന്ത്ര്യസമരം എന്നറിയപ്പെടുന്ന ശിപായി ലഹളയെക്കുറിച്ചുള്ള പരാമര്‍ശങ്ങളും, പീര്‍മുഹമ്മദിന്റെ ധീരമായ രക്തസാക്ഷിത്വവും, സധൈര്യം കൊലമരത്തിലേയ്ക്ക്‌ കയറിയ ഭഗത്സിംഗിന്റെ ചരിത്രവുമടക്കമുള്ള കാര്യങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ കേരളപാഠാവലിയിലെ സാമൂഹ്യശാസ്ത്രഭാഗം തികച്ചും വസ്തുതാവിരുദ്ധവും അപൂര്‍ണവും ഏകപക്ഷീയവും ആണെന്ന്‌ കാണാം.

പിഞ്ചുമനസ്സുകളെ കമ്യൂണിസ്റ്റ്‌വല്‍ക്കരിക്കുന്നതിനുവേണ്ടിയുള്ള പച്ചയായ ശ്രമമാണ്‌ പാഠപുസ്തകത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്‌. കമ്യൂണിസ്റ്റുകാരുടെയും കമ്യൂണിസ്റ്റ്‌ സഹയാത്രികരുടെയും ചിന്തകള്‍ ഇളംമനസ്സുകളില്‍ നട്ടുവളര്‍ത്താന്‍ ശ്രമിച്ചിരിക്കുന്നു.കരിവെള്ളൂര്‍ സമരത്തെ മഹാസംഭവമായിട്ടാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. 1946 ഡിസംര്‍ 20ന്‌ നടന്ന കരിവെള്ളൂര്‍ സമരം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നില്ല മറിച്ച്‌, രണ്ടുപേര്‍ കൊല്ലപ്പെട്ട ഒരു സംഘട്ടനമായിരുന്നു അത്‌. മാത്രമല്ല, അന്ന്‌ മദ്രാസ്‌ പ്രവിശ്യയില്‍ ഇടക്കാലമന്ത്രിസഭയും ഇന്ത്യയില്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഗവണ്‍മെന്റും നിലവില്‍വന്നിരുന്നു.

1957ലെ ഇ.എം.എസ്‌ ഗവണ്‍മെന്റാണ്‌ ഈ രാജ്യത്തെ സമസ്ത പുരോഗതിക്കും കാരണക്കാര്‍ എന്ന്‌ വരുത്തി തീര്‍ക്കുന്നതിനുവേണ്ടിയുള്ള പരിശ്രമവും അതിശയോക്തിയുടെ അകമ്പടി നടത്തിയിരിക്കുന്നതുകാണാം.ഇ.എം.എസ്‌ ഗവണ്‍മെന്റ്‌ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമം, കേരള കാര്‍ഷികബന്ധബില്‍ തുടങ്ങിയവയാണ്‌ കേരളത്തിലെ സമസ്തപുരോഗതിക്കും കാരണമെന്നാണ്‌ സമര്‍ത്ഥിക്കുന്നത്‌.കേരളപ്പിറവിക്കുശേഷം മാതൃകാപരവും വിപ്ലകരവുമായ നിയമനിര്‍മ്മാണങ്ങള്‍ കേരള നിയമസഭ നടപ്പാക്കുകയുണ്ടായി.ഭൂപരിഷ്കരണ നിയമം തന്നെ കൊണ്ടുവന്നത്‌ 57ലെ ഇ.എം.എസ്‌ മന്ത്രിസഭയാണെങ്കിലും അതു നടപ്പിലാക്കിയത്‌ പിന്നീട്‌ വന്ന ആര്‍.ശങ്കര്‍ നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്സ്‌ മന്ത്രിസഭയായിരുന്നു.

കേരളത്തിലെ ഭൂപരിഷ്കരണ നിയമങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ നടപടി വന്നിരുന്ന ബീഹാര്‍ ഭൂപരിഷ്കരണനിയമം തൊട്ട്‌ ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടിട്ടുള്ള ഏകദേശം 280 ഓളം നിയമങ്ങള്‍ വിവിധ സംസ്ഥാനങ്ങള്‍ പാസ്സാക്കിയത്‌ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണങ്ങളുടെ കുത്തക കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്കുള്ളതല്ല. സ്വാതന്ത്ര്യപ്രാപ്തിക്കുമുമ്പ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ എത്രയോ സമ്മേളനങ്ങളില്‍ കര്‍ഷകരുടെ ഉന്നമനം സംബന്ധിച്ച പ്രമേയങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്‌.

കമ്യൂണിസ്റ്റ്‌ മുദ്രാവാക്യങ്ങള്‍ ഇളം മനസ്സില്‍ പ്രതിഷ്ഠിക്കുന്നതിന്‌ വേണ്ടി മലബാറില്‍ നടന്ന ഒറ്റപ്പെട്ട കാര്‍ഷികസമരമായ കരിവെള്ളൂര്‍ സമരം അലങ്കാരവിശേഷങ്ങളോടെ പാഠപുസ്തകത്തില്‍ അവതരിപ്പിക്കുകയാണ്‌ ചെയ്തിരിക്കുന്നത്‌.കമ്യൂണിസ്റ്റ്‌ പാര്‍ട്ടി സജീവമല്ലാതിരുന്ന കാലഘട്ടത്തില്‍ നടന്ന ഒരു സമരത്തിന്റെ പിതൃത്വം പില്‍ക്കാലത്ത്‌ ഏറ്റെടുക്കുകയും അതു നയിച്ച ചിലരെ നേതൃത്വത്തിലവരോധിക്കുകയും മറ്റുചിലരെ തിരസ്കരിക്കുകയും ചെയ്ത നാടകങ്ങള്‍ക്ക്‌ കേരളം സാക്ഷ്യംവഹിച്ചിട്ടുണ്ട്‌.പുന്നപ്ര-വയലാര്‍ സമരത്തിന്‌ നേതൃത്വം നല്‍കിയവരെപ്പോലും പാര്‍ട്ടി പിന്നീട്‌ തള്ളിക്കളയുകയും ഒറ്റപ്പെടുത്തുകയും ചെയ്തതിന്റെ ഫലമായി ആരോരുമില്ലാതെ പലരും പട്ടിണികിടന്ന്‌ മരിച്ചത്‌ ചരിത്രത്തിന്റെ ഭാഗമാണ്‌.
(തുടരും)

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0