Home | പരമ്പര | അവിശ്വാസങ്ങളിലെ അവിശുദ്ധ ഐക്യം-3

അവിശ്വാസങ്ങളിലെ അവിശുദ്ധ ഐക്യം-3

Font size: Decrease font Enlarge font
image

ചതുര്‍ത്ഥി പോലെ എന്നും അച്യുതമേനോന്‍ അച്യുതമേനോന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ദിനം വഞ്ചാദിനമായാണ്‌ സി പി എം ആചരിച്ചത്‌.സംസ്ഥാനമെങ്ങും കരിങ്കൊടി നാട്ടി.കുറ്റിച്ചൂലും പഴയമുറവും പഴയ പായയുമുയര്‍ത്തി അവര്‍ നാടെങ്ങും പ്രകടനം നടത്തി.'ചേലാട്ട്‌ അച്യുതമേനോനെ, ചേലില്ലാത്തത്‌ ചെയ്താല്‌, ചേലാട്ടേക്ക്‌ മടങ്ങില്ല' എന്ന പോര്‍വിളിയായിരുന്നു സി പി എം പ്രകടനങ്ങളില്‍ പ്രധാനമായും മുഴങ്ങിയത്‌.അതിന്റെ പിന്നാലെ കേരളത്തിലെങ്ങും പ്രത്യേകിച്ചും ഉത്തരമലബാറില്‍ അക്രമങ്ങളുടെ വേലിയേറ്റം തന്നെ നടന്നു.തലശ്ശേരിയിലും മട്ടന്നൂരിലും അക്രമങ്ങള്‍ അരങ്ങേറി.

തലശ്ശേരിയില്‍ വര്‍ഗീയ കലാപത്തിന്‌ പോലും സി പി എം ഗൂഢ തന്ത്രം മെനഞ്ഞു.1957ലെ സര്‍ക്കാരിന്‌ നടപ്പാക്കാന്‍ സാധിക്കാതെ പോയ ഭൂപരിഷ്ക്കരണം സമയബന്ധിതമായി നടപ്പാക്കുമെന്നുള്ള പ്രതിജ്ഞയുമായാണ്‌ അച്യുതമേനോന്‍ സെക്രട്ടറിയേറ്റിലേക്ക്‌ കടന്നു വന്നത്‌. ഭൂപരിഷ്ക്കരണ നിയമത്തിന്റെ ക്രെഡിറ്റ്‌ കോണ്‍ഗ്രസ്‌ പിന്തുണയുള്ള അച്യുതമേനോന്‍ സര്‍ക്കാര്‍ കയ്യടക്കിയെന്ന തിരിച്ചറിവ്‌ സി പി എം നേതൃത്വത്തെ രോഷാകുലരാക്കി.ഭൂരഹിത ജനവിഭാഗങ്ങളില്‍ ഇത്‌ വന്‍ വിള്ളല്‍ വീഴ്ത്തുമെന്ന്‌ അവര്‍ ഭയന്നു.ഈ രോഷത്തിന്റെ ജ്വാലയുമായി സി പി എം മിച്ചഭൂമി സമരം ആരംഭിച്ചു.മിച്ചഭൂമി സമരത്തിന്റെ പേരില്‍ നാടെങ്ങും നടന്നത്‌ മാര്‍ക്സിസ്റ്റ്‌ അണികളുടെ അഴിഞ്ഞാട്ടമായിരുന്നു. മിച്ചഭൂമിയാണെന്ന്‌ തിട്ടപ്പെടുത്താത്ത ഭൂമികള്‍ പോലും അവര്‍ വളച്ചു കെട്ടി.

പട്ടാപ്പകല്‍ പുരയിടങ്ങളില്‍ കയറി തേങ്ങയും കാര്‍ഷിക വിളകളും കൊള്ള ചെയ്തു. അച്യുതമേനോന്‍ സര്‍ക്കാരിന്റെ സ്വസ്ഥത കെടുത്തുക എന്ന ലക്ഷ്യത്തോടൊപ്പം ഭൂപരഷ്കരണ നിയമത്തിന്റെ പേരില്‍ അച്യുതമേനോന്‍ സര്‍ക്കാരിന്‌ ലഭിച്ച പിന്തുണ തട്ടിയെടുക്കുക എന്ന ഉദ്ദേശ്യം കൂടി അതിനുണ്ടായിരുന്നു.ഈ സമരസന്നാഹങ്ങളുടെ മുന്‍നിരക്കാരന്‍ ഇ എം എസ്‌ ആയിരുന്നില്ല. എ കെ ഗോപാലനായിരുന്നു. ഉറഞ്ഞു തുള്ളിയ എ കെ ജി അന്ന്‌ അച്യുതമേനോനെ വിശേഷിപ്പിച്ചത്‌ ഹിറ്റ്ലറുടെ രണ്ടാം ജന്മമെന്നാണ്‌. കടുത്ത രാഷ്ട്രീയ പ്രതിയോഗികള്‍ പോലും ഉപയോഗിക്കാത്ത എ കെ ജിയുടെ ഈ ശകാര വചനം അച്യുതമേനോനെ വേദനിപ്പിച്ചില്ല. കാരണം; കേരളത്തിലെ കമ്യൂണിസ്റ്റ്‌ കുടുംബത്തിലേക്ക്‌ അച്യുതമേനോനെ കൈപിടിച്ചുകൊണ്ടു വന്നത്‌ എ കെ ജി ആയിരുന്നു.ആ നിലയില്‍ ഗുരു-പിതൃസ്ഥാനത്ത്‌ നിന്നുള്ള ഒരു ശകാരമായേ അദ്ദേഹം അതിനെ കണ്ടുള്ളൂ.

1969 മുതല്‍ 77 വരെയുള്ള ഏഴു വര്‍ഷക്കാലത്തെ കോണ്‍ഗ്രസ്‌-സി പി ഐ സഖ്യവും ഭരണവും സംസ്ഥാനത്തിന്റെ വികസനത്തെ അതിവേഗതയോടെ മുന്നോട്ട്‌ നയിച്ചു.അതി പ്രഗത്ഭനായ മുഖ്യമന്ത്രി; പ്രഗത്ഭന്‍മാരായ സഹമന്ത്രിമാര്‍, ഭാവനാപൂര്‍ണമായ പദ്ധതികള്‍; സ്നേഹവും സൗഹാര്‍ദ്ദവുമുറ്റി നിന്ന ഘടകകക്ഷി ബന്ധങ്ങള്‍;ഒരു കുടുംബം പോലെ മുന്നണിയും കാര്യപ്രാപ്തിയുള്ള കുടുംബ കാരണവരെപ്പോലെ അച്യുതമേനോനും ഭരണത്തെ നയിച്ചു. പ്രതിസന്ധികളുടെ മലരിയും ചുഴിയും പലപ്പോഴും കണ്‍മുമ്പില്‍ കണ്ടെങ്കിലും എല്ലാം നിഷ്പ്രയാസം മറികടക്കാനുള്ള തന്ത്രങ്ങളും ദീര്‍ഘദൃഷ്ടിയും നേതാക്കള്‍ പുലര്‍ത്തി.സി പി എമ്മിനെ ഒരു ദശവര്‍ഷക്കാലമെങ്കിലും വനവാസത്തിനയച്ച ആ രാഷ്ട്രീയ ഐക്യത്തെ തകര്‍ത്തതും അവരെ വീണ്ടും അതിലെത്തിച്ചതും സി പി ഐയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ വിഡ്ഢിത്തമായിരുന്നു.

ഇതിനു കാരണം അച്യുതമേനോന്റെ സജീവ രാഷ്ട്രീയ പിന്‍മാറ്റവും ടി വിയുടെയും എം എന്റെയും പ്രതാപങ്ങളുടെ അസ്തമയവുമായിരുന്നു. 32 അംഗങ്ങളുടെ കോണ്‍ഗ്രസ്‌ അതിന്റെ നേര്‍ പകുതി അംഗബലമുള്ള സി പി ഐയ്ക്ക്‌ ദീര്‍ഘകാലം മുഖ്യമന്ത്രി പദം നല്‍കിയത്‌ കോണ്‍ഗ്രസിന്റെ കുലീനവും മഹാമനസ്കതയുമായിരുന്നു. ഇന്ന്‌ ഒരു പഞ്ചായത്തിലെ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം പോലും അത്തരത്തില്‍ നല്‍കാന്‍ സന്‍മനസ്സില്ലാത്ത സി പി എമ്മിലാണോ സി പി ഐ ഇടത്‌ പക്ഷ ഐക്യവും കമ്യൂണിസ്റ്റ്‌ സൗഹാര്‍ദ്ദവും പ്രതീക്ഷിക്കുന്നത്‌.അച്യുതമേനോന്‍ മന്ത്രിസഭയെ പൊതുവിലും അച്യുതമേനോനെ പ്രത്യേകിച്ചും അക്രമിക്കുക;മേനോന്റെ ധവളിമയാര്‍ന്ന വ്യക്തിത്വത്തെ കറുത്ത ചായം പൂശി മലിനമാക്കുക തുടങ്ങിയവ സി പി എമ്മിന്റെ മുഖ്യ അജണ്ടയായിരുന്നു. 'കൊലയാളി മേനോന്‍' എന്ന്‌ പോലും പല സി പി എം വേദികളിലും അദ്ദേഹം അധിക്ഷേപിക്കപ്പെട്ടു.നക്സലൈറ്റ്‌ നേതാവ്‌ വര്‍ഗീസിന്റെയും കോഴിക്കോട്‌ റീജ്യണല്‍ എന്‍ജിനീയറിംഗ്‌ കോളജ്‌ വിദ്യാര്‍ത്ഥി പി രാജന്റെയും കൊലയാളി അച്യുതമേനോനാണെന്നാണ്‌ സി പി എം ഇന്നും അണികള്‍ക്ക്‌ നല്‍കുന്ന പാഠം.

ഈ മുന്നണി 77ല്‍ ഒന്നിച്ചു മത്സരിക്കുകയും 111 സീറ്റുകളുമായി ചരിത്ര വിജയം നേടുകയും ചെയ്തത്‌ അച്യുതമേനോന്‍ ഭരണത്തിനുള്ള അംഗീകാരമായിരുന്നു. 1978ലെ കോണ്‍ഗ്രസ്‌ പിളര്‍പ്പ്‌ മുന്നണിയുടെ അടിത്തറയില്‍ വിള്ളല്‍ വീഴ്ത്തി.അടിയന്തരാവസ്ഥയ്ക്ക്‌ ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തിലും കേരള രാഷ്ട്രീയത്തിലും വമ്പിച്ച മാറ്റങ്ങള്‍ നടന്നു. ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നതുവരെ അവരെയും അടിയന്തരാവസ്ഥയെയും പിന്തുണച്ച സി പി ഐ രാഷ്ട്രീയ അഭിപ്രായം മാറ്റാന്‍ തുടങ്ങി.അടിയന്തരാവസ്ഥയ്ക്ക്‌ സ്തുതി പാടിയ സി പി ഐ നാവുകള്‍ അതിനെ ദുഷിക്കാന്‍ തുടങ്ങി.പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ ചേര്‍ന്ന സി പി ഐ പാര്‍ട്ടി കോണ്‍ഗ്രസ്‌ അടിയന്തരാവസ്ഥയെ പിന്തുണച്ചതില്‍ കുമ്പസരിക്കാന്‍ തുടങ്ങി.ഇതിനിടയില്‍ എ കെ ആന്റണി രാജിവെച്ചതിനെ തുടര്‍ന്നു മുഖ്യമന്ത്രി പദം വീണ്ടും സി പി ഐയ്ക്ക്‌ തന്നെ ലഭിച്ചിരുന്നു. പി കെ വാസുദേവന്‍ നായരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ തകര്‍ക്കാന്‍ സി പി എം ദേശീയതലത്തില്‍ തന്നെ ഇടത്പക്ഷ ഐക്യത്തിന്റെ മുദ്രാവാക്യമുയര്‍ത്തി.

അടിയന്താരവസ്ഥയെ പിന്തുണച്ച പാപ പരിഹാര്‍ത്ഥം നമ്പൂതിരിപ്പാട്‌ സി പി ഐക്ക്‌ ചില പരിഹാരക്രിയകള്‍ ഉപദേശിച്ചു.വാസുദേവന്‍ നായര്‍ മന്ത്രിസഭ രാജിവെയ്ക്കുക; ഇടത്പക്ഷ ഐക്യം ക്ലീന്‍ സ്ലേറ്റില്‍ തുടങ്ങുക എന്നിവയായിരുന്നു ആ പരിഹാര ക്രിയകള്‍.തിക്തമായ നിരവധി അനുഭവങ്ങള്‍ സി പി എമ്മില്‍ നിന്നുണ്ടായിട്ടും മുടിഞ്ഞ മാര്‍ഗം സ്വീകരിക്കാന്‍ ഒടുവില്‍ സി പി ഐ തയ്യാറാവുകയായിരുന്നു.കരള്‍ പിളരുന്ന നിരവധി കടുംകൈകളിലൂടെ സി പി ഐയെ തകര്‍ക്കാന്‍ സാധിക്കാതെ പോയ നമ്പൂതിരിപ്പാടിന്റെ ധൃതരാഷ്ട്രലിംഗനത്തില്‍ ശരീരം മാത്രമല്ല; ബുദ്ധിയും സി പി ഐ അര്‍പ്പിച്ചു.പത്ത്‌ വര്‍ഷക്കാലത്തിലേറെ സംസ്ഥാനത്തിന്റെ വികസനത്തെ കുതിപ്പിലേക്ക്‌ നയിക്കുകയും സത്യസന്ധവും സൗഹാര്‍ദ്ദവ പൂര്‍ണവുമായ ഒരു മുന്നണി സംസ്കാരത്തെ കേരളത്തിന്‌ സംഭാവന ചെയ്യുകയും ചെയ്ത ഐക്യ മുന്നണി തകര്‍ത്ത്‌ പുറത്തു പോകാന്‍ സി പി ഐ തീരുമാനിച്ചു.

പാപപരിഹാരത്തിന്‌ കുരുതി കോഴിയെ ആവശ്യപ്പെടുന്ന വെളിച്ചപ്പാടിനെ പോലെ ഉറഞ്ഞു തുള്ളുന്ന നമ്പൂതിരിപ്പാടിന്റെ മുന്‍പില്‍ വാസുദേവന്‍ നായര്‍ മന്ത്രിസഭയുടെ തലയറുത്ത്‌ താലത്തിലാക്കി സി പി ഐ പാദത്തിലര്‍പ്പിച്ചു.ചവിട്ടും കുത്തുമേറ്റുള്ള പുതിയ മുന്നണി ബന്ധം അവിടെ തുടങ്ങുകയായിരുന്നു. കണ്ടാലും കൊണ്ടാലും പഠിക്കാത്ത സി പി ഐയുടെ ഇപ്പോഴത്തെ വിലാപം ചങ്ങലക്കിട്ട വളര്‍ത്തുനായയുടെ മോങ്ങല്‍ പോലെ പരിഹാസ്യമാണ്‌.
(അവസാനിച്ചു)

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
4.00