അവിശ്വാസങ്ങളിലെ അവിശുദ്ധ ഐക്യം-2
എം എനും ടിവിക്കും അരക്കില്ലം തീര്‍ത്ത നാളുകള്‍
കോഴിക്കോട് ജില്ലയില്‍ ഇരുമ്പുരുക്ക് വ്യവസായം ആരംഭിക്കാന്‍ ജപ്പാന്‍ കമ്പനിയുമായി ചര്‍ച്ച നടത്തിയതിന്റെ പേരില്‍ ടി വിയുടെ ചോരയ്ക്കുവേണ്ടി ദാഹിച്ച സി പി എം താമസിയാതെ ബംഗാളില്‍ ഫിലിപ്സ് കമ്പനിക്ക് വ്യവസായം തുടങ്ങാന്‍ അനുമതി നല്‍കിയത് വിരോധാഭാസമായിരുന്നു. ടി വി കമ്മ്യൂണിസം കളഞ്ഞുകുളിക്കുന്നുവെന്നാക്ഷേപിച്ച സി പി എം ഇന്ന് കേരളത്തിലും ബംഗാളിലും വിദേശ കുത്തകകള്‍ക്ക് നല്‍കുന്ന സഹായവും പ്രോത്സാഹനവും സി പി എമ്മിന്റെ പ്രത്യയശാസ്ത്ര തകര്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നു.ആദര്‍ശമല്ലായിരുന്നു; വ്യക്തിവൈരമായിരുന്നു ഇതിന് കാരണമെന്ന് വളരെ സ്പഷടം.
ടി വിക്കെതിരെ തിരിഞ്ഞ സി പി എമ്മിനെ പാഠം പഠിപ്പിക്കാന്‍ സി പി ഐ മുന്നണിക്കകത്ത് കുറുമുന്നണി സൃഷ്ടിച്ചു.മുസ്ലിംലീഗ്, ആര്‍ എസ് പി, എസ് എസ് പി കക്ഷികളുടെ പിന്തുണ കരസ്ഥമാക്കി.ഇതിനിടയില്‍ ആരോഗ്യമന്ത്രി ബി വെല്ലിംഗ്ടണനെതിരെ ഉയര്‍ന്ന അഴിമതിയാരോപണത്തെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ടുകൊണ്ടുള്ള കെ എം മാണി അവതരിപ്പിച്ച പ്രതിപക്ഷ പ്രമേയം കുറുമുന്നണി പിന്തുണയ്ക്കുകയും അത് പാസാവുകയും ചെയ്തു.1969 ഒക്ടോബര്‍ മാസം സി പി എം-സി പി ഐ വഴക്കിന്റെ മൂര്‍ദ്ധന്യ ദശയായിരുന്നു. മുന്നണിക്കകത്തെ വഴക്ക് മൂര്‍ച്ഛിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി ഇ എം എസ് ചികിത്സക്കായി ജര്‍മ്മനിയിലേക്ക് പോകുന്നത്.ഇത് രോഗം മൂലമായിരുന്നില്ലെന്നും ഇ എം എസിനെ കേരളത്തില്‍ നിന്നും തല്‍ക്കാലം മാറ്റി നിര്‍ത്താന്‍ പാര്‍ട്ടിയെടുത്ത തന്ത്രമായിരുന്നു വെന്നും വ്യാഖ്യാനമുണ്ടായിരുന്നു.
രണ്ടായാലും അസുഖം മാറി അദ്ദേഹം തിരിച്ചെടുത്തുമ്പോഴേക്കും കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് സൂക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഐക്യമുന്നണി അത്യാസന്ന നിലയില്‍ ഊര്‍ദ്ധശ്വാസം വലിക്കുകയായിരുന്നു. ഇ എം എസ് തിരിച്ചെത്തി വഴക്ക് മൂത്തപ്പോള്‍ എം കെ കൃഷ്ണന്‍, ഇ കെ ഇമ്പിച്ചി ബാവ തുടങ്ങിയ മന്ത്രിമാര്‍ക്കെതിരെയും അഴിമതിയാരോപണങ്ങളുയര്‍ന്നു. മുന്നണിക്കകത്ത് കൂറുമുന്നണിയുണ്ടാക്കി കലാപക്കൊടിയുയര്‍ത്തിയ ടി വി യെയും എം എനെയും ഇ എം എസ് വെറുതെ വിട്ടില്ല. ജസ്റ്റീസ് മുല്ലയെ അന്വേഷണ കമ്മിഷനായി നിശ്ചയിച്ചുകൊണ്ട് സി പി ഐയ്ക്ക് കനത്ത പ്രഹരം നല്‍കി.പിന്നെ ഘടകക്ഷികള്‍ പോര്‍വിളി നടത്തി തെരുവീഥികളെ പ്രകമ്പനം കൊള്ളിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. സി പി ഐയും മുസ്ലീം ലീഗും ആര്‍ എസ് പിയും എസ് എസ് പിയും കോഴിക്കോട്ടാണ് റാലി നടത്തിയതെങ്കില്‍ സി പി എം, കെ എസ് പി, കെ ടി പി കക്ഷികള്‍ തിരുവനന്തപുരത്തായിരുന്നു.
" എമ്മാ തൊമ്മാ തെമ്മാടി, അട്ടിമറിക്കാന്‍ നോക്കേണ്ട, ചുട്ടുകരിക്കും സൂക്ഷിച്ചോ" എം എന്‍ ഗോവിന്ദന്‍ നായര്‍ക്കും ടി വി തോമസിനുമെതിരെയുള്ള രോഷാകുലരായ സി പി എം അണികളുടെ ഈ മുദ്രാവാക്യം കേരളമെങ്ങും അലയടിച്ചു.ഒക്ടോബര്‍ 25ന് സി പി എം മന്ത്രിമാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സി പി ഐയിലെ ടി എ മജീദ് അവതരിപ്പിച്ച പ്രമേയം പാസാക്കിയതോടെ ഗത്യന്തരമില്ലാതെ ഇ എം എസിന് രാജിവെയ്ക്കേണ്ടി വന്നു. ഇ എം എസിന്റെ രാജിയ്ക്ക് മുമ്പെ ഒക്ടോബര്‍ 22ന് ടി വി തോമസ് നിയമസഭയില്‍ നടത്തിയ പ്രസംഗം കേരളത്തിലെ നിയമസഭാ ചരിത്രത്തിലെ ഉജ്ജ്വലമായ അധ്യായമാണ്.രോഷവും പരിഹാസവും ഹാസ്യവും നിറഞ്ഞാടിയ ആ പ്രസംഗത്തിലെ ഓരോ വാക്കുകളും ചെന്നു തറച്ചത് ഇ എം എസിന്റെ മേലായിരുന്നു.ടി വിയുടെ ക്ഷോഭം കൊടുങ്കാറ്റായി സഭയില്‍ ആഞ്ഞടിച്ചപ്പോള്‍ ഏറ്റവും അംഗബലമുള്ള സി പി എമ്മിന് നാവ് പോലും പൊക്കാനായില്ല.
"ഇനി കുരുക്ഷേത്രത്തില്‍ കാണാം" എന്ന വെല്ലുവിളിയുമായി ഉപസംഹരിച്ച ആ പ്രസംഗത്തിന്റെ തുടക്കം ഇങ്ങിനെയായിരുന്നു "സര്‍,ഞാന്‍ വളരെ സൂക്ഷിച്ചു സംസാരിക്കേണ്ടതാണെന്ന് എനിക്കറിയാം, കാരണം 'മോങ്ങാനിരിക്കുന്ന നായ' എന്നൊരു പഴഞ്ചൊല്ലുണ്ട്. ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ മോങ്ങാനിരിക്കുന്നവരാണ് ഇവിടെയുള്ളത്" സി പി എമ്മിനെ ലക്ഷ്യം വെച്ചുള്ള നായ ധ്വനി ആദ്യം അവര്‍ക്ക് മനസ്സിലായില്ല. പിടികിട്ടുമ്പോഴേക്കും ടി വി പ്രസംഗത്തിന്റെ ഗിരിശിഖിരം നേടി കഴിഞ്ഞിരുന്നു. ടി വി തോമസിനോടുള്ള സി പി എം വൈരാഗ്യം ശക്തമാവുന്നതിന്റെ മറ്റൊരു കാരണം മാംഗ്ലൂര്‍ ഗണേഷ് ബീഡി സമരമായിരുന്നു. കമ്പനി ലോക്കൗട്ട് ചെയ്തു പതിനായിരക്കണക്കിന് തൊഴിലാളികളെ മാനേജ്മെന്റ് പട്ടിണിയിലാക്കി.
വ്യവസായ മന്ത്രി എന്ന നിലയില്‍ സഹകരണ മേഖലയില്‍ ബീഡി കമ്പനി സ്ഥാപിക്കാന്‍ ടി വി ദിവസങ്ങളോളം കണ്ണൂരില്‍ തമ്പടിച്ചു പദ്ധതി തയ്യാറാക്കി.ബഹുഭൂരിപക്ഷം സി പി എം പ്രവര്‍ത്തകര്‍ ജോലി ചെയ്യുന്ന ഈ മേഖലയില്‍ ടി വി അധീശ്വത്വം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്ന് സി പി എം ധരിച്ചു. ദിനേശ് ബീഡി സംരംഭത്തെ ആദ്യം അട്ടിമറിക്കാന്‍ ശ്രമിച്ച സി പി എം പിന്നീട് അതിന്റെ വക്താക്കളായി മാറുകയായിരുന്നു.വഴി പിരിയുന്ന ഘട്ടത്തില്‍ എം എന്‍ ഗോവിന്ദന്‍ നായര്‍ നിയമസഭയില്‍ നടത്തിയ പ്രസംഗവും ഹൃദയസ്പര്‍ശിയായിരുന്നു. "എനിക്കെതിരെ കൈ ഉയര്‍ത്താന്‍ താങ്കള്‍ക്ക് എങ്ങിനെ മനസ്സു വന്നു."ഇ എം എസിനോടുള്ള ഈ ചോദ്യം കേട്ടു സംഭ തരിച്ചിരുന്നു. അതുവരെ നിര്‍വികാരനായ നമ്പൂതിരിപ്പാടിന്റെ മുഖത്ത് വിവിധ വികാരങ്ങള്‍ ഓളംവെട്ടി. വികാരം കൊണ്ട് വാക്കുകള്‍ ചിതറിയ എം എന്‍ തുടര്‍ന്നു " മനുഷ്യന്‍ മണ്ണാണോ?". ഇത് പറയുമ്പോള്‍ ഇ എം എസുമൊത്ത് ദശാബ്ദങ്ങള്‍ പ്രവര്‍ത്തിച്ച അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ തിരയടിക്കുന്നുണ്ടാവും.
കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് താന്‍ കൈപിടിച്ചുയര്‍ത്തി കൊണ്ടുവന്ന പാഞ്ചാത്തലം; പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ താനും മുഖ്യമന്ത്രി എന്ന നിലയില്‍ ഇ എം എസും വിമോചന സമരത്തിനെതിരെ തോളോട് തോള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച കാലം.64 ലെ പിളര്‍പ്പിലും ഉലയാത്ത ബന്ധം അധികാരത്തിന്റെ ധാര്‍ഷ്ട്യം മൂലം ഇ എം എസ് അറുത്ത് മുറിക്കുകയായിരുന്നു; എമ്മെനെ കള്ളനാക്കിക്കൊണ്ട്.ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വഴക്കിന്റെയും ആരോപണ പ്രത്യാരോപണങ്ങളുടെയും അന്തിമഫലം ഇ എം എസ് മന്ത്രിസഭയുടെ പതനമായിരുന്നു.സി പി എമ്മിന്റെ വന്‍പാര്‍ട്ടി മേധാവിത്വത്തിനും വഞ്ചനയ്ക്കും പകരം വീട്ടിക്കൊണ്ട് 1969 നവംബര്‍ ഒന്നിന് അച്യുതമേനോന്റെ നേതൃത്വത്തില്‍ ബദല്‍ മന്ത്രിസഭ രൂപീകരിക്കാനായത് മലര്‍ന്നടിച്ചു വീണ സി പി എമ്മിന്റെ നെഞ്ചത്ത് സി പി ഐയുടെ തൊഴിയായി മാറി.പകമൂത്ത സി പി എം തെരുവിനെ ചോരക്കളമാക്കുന്ന നാളുകളാണ് പിന്നെ കേരളം കണ്ടത്.
(തുടരും)



del.icio.us
Digg