അവിശ്വാസങ്ങളിലെ അവിശുദ്ധ ഐക്യം
കേരള രാഷ്ട്രീയ ഭൂമികയില്‍ ഒരു ചെങ്കൊടിയേ പാറാന്‍ പാടുള്ളൂ എന്നത് സി.പി.എമ്മിന്റെ അപ്രഖ്യാപിത നയമാണ്. സ്വവര്‍ഗഭോജിയായ അസാധാരണ ജീവിയെപ്പോലെ സി.പി.എം കൊന്നും തിന്നും കൊണ്ടിരിക്കുന്നത് കമ്യൂണിസ്റ്റ് പശ്ചാത്തലത്തിലുള്ള ഇടത് പാര്‍ട്ടികളെയാണ്. പോറ്റിയും പോരാടിയുമാണ് സി.പി.എം ഈ ദൗത്യം നിര്‍വഹിക്കുന്നത്. സി.പി.എമ്മിന്റെ ഈ ക്രൂരദ്രംഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ചോര ചിന്തി പിടയുന്നത് സി.പി.ഐ ആണ്. കാലുഷ്യവും പകയും നിറഞ്ഞ സി.പി.എം-സി.പി.ഐ ബന്ധം രാഷ്ട്രീയത്തില്‍ മാത്രമല്ല; നേതാക്കളുടെ കുടുംബ ജീവിതത്തിലും പകയുടെ പാഷാണം കലര്‍ത്തിയിട്ടുണ്ട്. ടി.വി തോമസ്-ഗൗരിയമ്മ ദാമ്പത്യം അതിന്റെ ഒരു ദുരന്തപൂര്‍ണമായ ഉദാഹരണം മാത്രം. ഇരുകമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും സമകാലിക പോരിന്റെ പശ്ചാത്തലത്തില്‍ ചില പൂര്‍വ സ്മരണകള്‍ അയവിറക്കുന്ന പരമ്പര ആരംഭിക്കുന്നു.
ഏച്ചുകെട്ടിയ ബന്ധങ്ങളുടെ മുഴച്ചു നില്‍പ് രാഷ്ട്രീയത്തിലായാലും മറ്റു രംഗത്തായാലും എന്നും ഒരു യാഥാര്‍ത്ഥ്യമായിരിക്കും. കേരള ഭരണത്തില്‍ ഇന്ന് നടക്കുന്ന സി.പി.എം-സി.പി.ഐ പോര്‍വിളിയും പോരും വര്‍ഷങ്ങളായി ഇത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. വിയോജിപ്പിനിടയിലെ ഈ യോജിപ്പ് അധികാരം പങ്കിടുക എന്ന മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ്.ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും എക്കാലവും ഇരുപാര്‍ട്ടികളും മോരും മുതിരയുമായി തന്നെയാണ് കഴിയുന്നത്. നക്കിയും ഞെക്കിയും കൊല്ലുന്ന സി.പി.എമ്മിന്റെ ചിരകാല നീക്കത്തിന്റെ ഉള്‍ഭീതി നിമിത്തം സി.പി.ഐ ഇടത് കൂടാരത്തില്‍ എന്നും ഉറക്കമില്ലാതെയാണ് കഴിയുന്നത്.ഇതിനിടയിലും സി.പി.ഐയെ പരുക്കേല്‍പിക്കാന്‍ സി.പി.എം ശ്രമിച്ചുകൊണ്ടിരുന്നു.
പ്രത്യയശാസ്ത്രത്തേക്കാള്‍ വ്യക്തിപരമായ ഈഗോ പ്രശ്നങ്ങളും മൂപ്പിളമപോരുമാണ് ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളിലും അന്തചിദ്രത്തിന്റെ ആയുധങ്ങളിറക്കിയത്.ഇതിന്റെ നാളും വേരും തേടി പോകുമ്പോള്‍ 50കളിലെ റിവിഷനിസത്തിലാണ് അത് എത്തിനില്‍ക്കുക. കോണ്‍ഗ്രസിനോടും നെഹ്‌റു സര്‍ക്കാരിനോടും സ്വീകരിക്കേണ്ട നയസമീപനത്തെ ചൊല്ലിയാണ് അമ്പതുകളിലെ ഭിന്നതയെന്ന് ചില പ്രത്യയശാസ്ത്ര ന്യായീകരണങ്ങളുണ്ടെങ്കിലും പാര്‍ട്ടി നേതൃത്വം കൈക്കലാക്കാനുള്ള ഗൂഢനീക്കങ്ങളും ചതിയുമായിരുന്നു യഥാര്‍ത്ഥ കാരണം.പി.സി ജോഷിയില്‍ നിന്നും ബി.ടി രണദിവയിലേക്ക് പാര്‍ട്ടി നേതൃത്വം മാറ്റുന്നതിനും മാറ്റാതിരിക്കുന്നതിനും തമ്മിലാരംഭിച്ച ഭിന്നത 1964ല്‍ പാര്‍ട്ടിയെ രണ്ടായി പിളര്‍ത്തി.
ഈ പിളര്‍പ്പിന് മുന്‍പെ 1962ലെ ഇന്ത്യാ-ചീന യുദ്ധത്തെ സംബന്ധിച്ചും ശക്തമായ ഭിന്നിപ്പ് പാര്‍ട്ടിയില്‍ ഉടലെടുത്തിരുന്നു.തങ്ങളെ ചീന ചാരന്‍മാരെന്ന പേരില്‍ രാജ്യരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്യിച്ചത് പാര്‍ട്ടിയിലെ ഡാങ്കെയിസ്റ്റുകളായിരുന്നുവെന്ന് സി.പി.എം അന്നും ഇന്നും വിശ്വസിക്കുന്നു. കനലടങ്ങാത്ത ആ പകയും 67ലെ ഇ.എം.എസ് സര്‍ക്കാരിനെ കാലുവാരി താഴെയിട്ട രോഷവുമാണ് ഇരു പാര്‍ട്ടികളുടെ ആലിംഗനത്തിനിടയിലും കത്തിമുനകളായി ബന്ധങ്ങളെ അലോസരപ്പെടുത്തുന്നത്.
1964ലെ പാര്‍ട്ടി പിളര്‍പ്പിന് ശേഷം 65ല്‍ കേരളത്തില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും പരസ്പരം പൊരുതിയപ്പോള്‍ ശക്തി വ്യക്തമായതായിരുന്നു.
മുസ്ലിം ലീഗുമായി നീക്ക് പോക്കുണ്ടാക്കിയ സി.പി.എമ്മിന് 40 സീറ്റ് ലഭിച്ചു; തനിച്ചു മത്സരിച്ച സി.പി.ഐ മൂന്ന് സീറ്റില്‍ ഒതുങ്ങി എന്നുമാത്രമല്ല 65സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച കാശും നഷ്ടമായി.രാഷ്ട്രീയമായ അടിത്തറ ഇളകിയ സി.പി.ഐ പിന്നെ മുഖ്യ രക്ഷിച്ചത് സി.പി.എം മുന്നണിയിലും കോണ്‍ഗ്രസ് മുന്നണിയിലും മാറി മാറി ചേക്കേറിയാണ്. പിളര്‍പ്പിന്റെ പുകയും ചൂടും അടങ്ങുന്നതിന് മുമ്പ് 67ല്‍ സി.പി.എം മുന്നണിയിലൂടെ അവര്‍ അധികാരത്തിലെത്തി.സി.പി.ഐ മന്ത്രിമാര്‍ക്ക് നേരെയുള്ള സി.പി.എമ്മിന്റെ കയ്യേറ്റത്തിനും കടന്നാക്രമത്തിനും നാല് ദശകത്തിന്റെയെങ്കിലും പഴക്കമുണ്ട്.അത് ആരംഭിക്കുന്നത് അന്നത്തെ വ്യവസായ വകുപ്പ് മന്ത്രി ടി.വി തോമസിന് നേരെയായിരുന്നു.1967ല്‍ കേരളത്തിന്റെ വ്യവസായ വികസനത്തിനായി ജപ്പാനില്‍ പോയി ചില സ്വകാര്യകമ്പനികളുമായി കരാറിലേര്‍പ്പെട്ടപ്പോള്‍ അതില്‍ അഴിമതിയുണ്ടെന്ന് ആദ്യമായി ആക്ഷേപിച്ചത് സി.പി.എം ആയിരുന്നു.
മുഖ്യമന്ത്രി ഇ.എം.എസിനേക്കാള്‍ ഭരണചാതുര്യമുണ്ടായിരുന്ന ടി.വി തോമസിനെയും എം.എന്‍ ഗോവിന്ദന്‍ നായരെയും രാഷ്ട്രീയമായും വ്യക്തിപരമായും തകര്‍ക്കുക എന്നത് സി.പി.എമ്മിന്റെ പൊതു അജണ്ടയും ഇ.എം.എസിന്റെ വ്യക്തിപരമായ താല്‍പര്യവുമായിരുന്നു.കെ.എ ദാമോദരമേനോന് ശേഷം മികച്ച വ്യവസായ മന്ത്രി എന്ന ഖ്യാതി നേടിയ ടി.വി തോമസിനെതിരെ ഇത്തരമൊരു ആരോപണം പ്രതിപക്ഷം പോലും ഉന്നയിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.ടി.വിയെ തളയ്ക്കുക എന്ന ഇ.എം.എസിന്റെ അജണ്ടയ്ക്ക് പിന്നെയും ഒരു പൂര്‍വ കഥയുണ്ട്.1957ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ ടി.വി തോമസ് മുഖ്യമന്ത്രിയാകുമെന്നായിരുന്നു കമ്യൂണിസ്റ്റുകാരടക്കമുള്ള ഭൂരിപക്ഷം കേരളീയരും വിശ്വസിച്ചിരുന്നത്.എന്നാല്‍ സുതാര്യമായ രാഷ്ട്രീയ ചിന്തയേക്കാള്‍ ബ്രാഹ്മണ്യത്തിന്റെ തിന്‍മ കുഴഞ്ഞ കൗടില്യം വശമാക്കിയ ഇ.എം.എസ്, ടി.വി തോമസിനെ മലര്‍ത്തിയടിച്ചു.
അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന എം.എന്‍ ഗോവിന്ദന്‍നായരെ വശത്താക്കിയായിരുന്നു ഇ.എം.എസ് ആദ്യത്തെ കേരള മുഖ്യമന്ത്രിപദം കരസ്ഥമാക്കിയത്.ഇ.എം.എസിനെ സഖാവ് എന്നതിന് പകരം മിസ്റ്റര്‍ നമ്പൂതിരിപ്പാട് എന്ന് പരിഹാസരൂപേന അഭിസംബോധനചെയ്യുന്ന പാര്‍ട്ടിയിലെ ഏക നേതാവായിരുന്നു ടി.വി.ഇ.എം.എസിന്റെ കൗടില്യത്തില്‍ വീണുപോയ എം.എന്‍ പിന്നീട് ടി.വിയോട് തന്നെ അതേക്കുറിച്ച് ഏറ്റു പറഞ്ഞിട്ടുണ്ട്. ജപ്പാന്‍ യാത്രയുടെ പേരില്‍ ടി.വിക്കെതിരെ അഴിമതിയാരോപണത്തിന്റെ തലച്ചോറും ഇ.എം.എസ് ആണെന്നറിഞ്ഞപ്പോള്‍ ടി.വിക്കും എം.എന്നും മാത്രമല്ല സി.പി.ഐയ്ക്കും അത് സഹിക്കാനായില്ല.ഇ.എം.എസിന്റെ കാലുഷ്യം ടി.വിയുടെ കുടുംബജീവിതത്തെ പോലും തകര്‍ക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.
57ല്‍ തന്റെ മന്ത്രിസഭിയിലിരിക്കെ വിവാഹിതരായ ടി.വി തോമസിനെയും കെ.ആര്‍ ഗൗരിയമ്മയെയും പാര്‍ട്ടി പിളര്‍പ്പ് കാലത്ത് അകറ്റുന്നതില്‍ ഇ.എം.എസിന്റെ അദൃശ്യകരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അക്കാലത്തെ കേരളത്തിന്റെ വാമൊഴി ചരിത്രം രേഖപ്പെടുത്തുന്നു.1967ല്‍ ഇരുവരും മന്ത്രിസഭയിലെത്തിയിട്ടും ഒന്നിച്ചു താമസിക്കുന്നതില്‍ പാര്‍ട്ടിയുടെ വിലക്ക് തടസ്സമായി നിന്നു. പാര്‍ട്ടിയായിരുന്നില്ല; മുഖ്യമന്ത്രിയായിരുന്നു അതിന്റെ പിന്നിലെന്നും പറയപ്പെടുന്നു. ദുരയും ദുരന്തവും നിറഞ്ഞ സി.പി.എം-സി.പി.ഐ ബന്ധം അവസാനിക്കാന്‍ ഏറെവര്‍ഷം വേണ്ടിവന്നില്ല. മന്ത്രിസഭായോഗത്തില്‍ ഇ.എം.എസിന്റെ അപ്രമാദിത്യത്തിനെതിരെ എം.എന്നും ടി.വിയും പോരാടി. ആ പോരാട്ടം ഇ.എം.എസിന്റെ രണ്ടാം മന്ത്രിസഭയ്ക്ക് ചിതയൊരുക്കി. ആ ചിതയില്‍ നിന്നും ഊരിയെടുത്ത കത്തുന്ന കൊള്ളികള്‍കൊണ്ടാണ് സി.പി.എം ഇപ്പോഴും സി.പി.ഐയെ കുത്തിപ്പൊള്ളിക്കുന്നത്
(തുടരും...)



del.icio.us
Digg