Home | മുഖപ്രസംഗം | സെസും പുതുവാമനന്മാരും

സെസും പുതുവാമനന്മാരും

Font size: Decrease font Enlarge font

പ്രത്യേക സാമ്പത്തിക മേഖല അനിവാര്യമൊന്നുമല്ലെന്ന്‌ സി.പി.ഐ വിലയിരുത്തുന്നു. ദേശീയതലത്തില്‍ നിലവിലുള്ള 'സെസി'ന്‌ പകരം ഭേദഗതികളോടെ ഒരു 'കേരളാ സെസ്‌' കൊണ്ടുവരണമെന്നാണ്‌ വെളിയം ഭാര്‍ഗവന്റെ പാര്‍ട്ടിയുടെ ഉള്ളിലിരുപ്പ്‌. ഭരണമുന്നണിയെ നയിക്കുന്ന സി.പി.എമ്മില്‍ തന്നെ സെസിനെക്കുറിച്ച്‌ പരസ്പര വിരുദ്ധമായ രണ്ട്‌ നിലപാടുള്ളപ്പോള്‍ സി.പി.ഐ ഭേദഗതി നിര്‍ദേശങ്ങളുമായി രംഗത്തുവരികയാണ്‌.

കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളിലെ വൃഗോദരന്‍മാരും നകുല സഹദേവന്‍മാരും തമ്മില്‍ കേരളത്തിലെ ഭൂമിക്കുവേണ്ടി നടത്തുന്ന ഒരു പോരാട്ടമായിട്ടുവേണം ഭരണമുന്നണിയിലെ സെസ്‌ വിവാദത്തെ കാണാന്‍. നാല്‍പ്പത്തയ്യായിരം ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള കേരളത്തില്‍ ഭൂമി വളരെ വിലപ്പെട്ട വസ്തുവാകുന്നത്‌ സ്വാഭാവികം. പാര്‍പ്പിടം കെട്ടാനും കൃഷിചെയ്യാനും ഭൂമി വീതിച്ചുകഴിഞ്ഞാല്‍ വ്യവസായ ആവശ്യത്തിന്‌ വളരെ പരിമിതമായ പ്രദേശങ്ങളേ കേരളത്തിലുള്ളൂ. ഭൂമിയില്‍ കൊതിപൂണ്ട ഏത്‌ വാമനനും മൂന്നുചുവട്‌ വച്ച്‌ അളന്ന്‌ കാല്‍ക്കീഴിലാക്കാവുന്ന കേരളത്തില്‍ ഭൂരഹിതര്‍ ധാരാളമുണ്ട്‌.

ഭൂപരിഷ്കരണ നിയമം 38 വര്‍ഷം മുമ്പ്‌ സംസ്ഥാനത്തെ ധാരാളം ഭൂരഹിതരെ ഭൂഉടമകളാക്കി. സര്‍ക്കാരിന്റെ പുറംപോക്കും ഭൂസ്വാമിമാരുടെ മിച്ചഭൂമിയും കൈയേറി ഭൂരഹിതര്‍ക്ക്‌ കൊടുക്കുന്നതിന്‌ വലിയ ഒരു സമരം നടത്തിയ നേതാവാണ്‌ എ.കെ ഗോപാലന്‍. അദ്ദേഹത്തിന്റെ പാര്‍ട്ടി ഇപ്പോള്‍ പിണറായി വിജയന്റെ അനുശാസനങ്ങള്‍ക്ക്‌ കീഴില്‍ അമര്‍ന്നപ്പോള്‍ എന്ത്‌ ഭൂപരിഷ്കരണം, ഏത്‌ ഭൂപരിഷ്കരണം എന്നായി സി.പി.എം-സി.പി.ഐ നേതാക്കള്‍. ഒന്നരക്കൊല്ലത്തോളമായി കൃഷിഭൂമിക്കുവേണ്ടി പത്തനംതിട്ടയിലെ ചെങ്ങറയില്‍ പാവങ്ങള്‍ നടത്തിവരുന്ന സമരം ഇടതുസര്‍ക്കാര്‍ കണ്ടില്ലെന്ന്‌ നടിക്കുന്നു. സി.പി.എമ്മുകാര്‍ ഗുണ്ടകളെവിട്ട്‌ സമരക്കാരെ മര്‍ദ്ദിച്ചൊതുക്കാന്‍ നോക്കുന്നു.

ഭൂഉടമകളുടെ അവകാശ സംരക്ഷകരായി ഇപ്പോള്‍ സി.പി.എം മാറിയിരിക്കുന്നു. സര്‍ക്കാര്‍ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ പേരിനുവേണ്ടിയെങ്കിലും ആരംഭിച്ച 'രണ്ടാം ഭൂപരിഷ്കരണ' നീക്കം തീവ്രവാദികളുടെ നടപടിയാണെന്ന്‌ പിണറായിയുടെ നേതൃത്വം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ്‌ കേരളത്തിന്‌ ഇണങ്ങുന്നതരത്തില്‍ പ്രത്യേക സാമ്പത്തിക മേഖലയെ പുനര്‍ നിര്‍വചിക്കണമെന്ന്‌ സി.പി.ഐ വിചാരിക്കുന്നത്‌. പല ബുദ്ധിമാന്‍മാരും ഉണ്ടായിരുന്ന ഒരു പാര്‍ട്ടിയാണ്‌ സി.പി.ഐ. ടി.വി തോമസും അച്യുതമേനോനും എം.എന്‍ ഗോവിന്ദന്‍നായരും ആര്‍ സുഗതനുമൊക്കെ ഒരിക്കല്‍ ആ പാര്‍ട്ടിയുടെ നയതീരുമാനങ്ങളെ നാടിന്‌ ഇണങ്ങുന്നവിധം രൂപപ്പെടുത്തിയവരാണ്‌.

സി.പി.എം ജനകീയ ജനാധിപത്യത്തെക്കുറിച്ച്‌ പര്യാലോചിച്ചപ്പോള്‍ ദേശത്തിനിണങ്ങുന്ന ജനാധിപത്യം വേണമെന്ന്‌ തീരുമാനിച്ച സി.പി.ഐ രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസുമായി യോജിക്കാന്‍ തയ്യാറായി. കാലത്തിനും ദേശത്തിനും ഇണങ്ങുന്നതരത്തില്‍ രാഷ്ട്രീയ വ്യവസ്ഥയെ ജനാധിപത്യരീതിയില്‍ പുനര്‍നിര്‍വചിക്കണം എന്ന സി.പി.ഐയുടെ കാഴ്ചപ്പാട്‌ യാഥാര്‍ത്ഥ്യത്തിന്‌ ഇണങ്ങുന്നതാണ്‌.
സെസിന്റെ കാര്യത്തില്‍ ഇപ്പോള്‍ കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുക്കണം എന്ന സി.പി.ഐയുടെ നിലപാട്‌ ആ അര്‍ത്ഥത്തില്‍ ശരിയാണെന്ന്‌ തോന്നാം. എങ്കിലും പിണറായി വിജയനും മന്ത്രിമാരായ എളമരം കരീമും തോമസ്‌ ഐസക്കും ഉള്‍പ്പെട്ട ലിബറല്‍ മാര്‍ക്സിസ്റ്റുകള്‍ സെസിന്റെ മറവില്‍ കേരളത്തിലെ മിച്ചപ്രദേശങ്ങള്‍ പലതും വിഴുങ്ങിക്കഴിഞ്ഞകാര്യം സി.പി.ഐ മറന്നുപോയോ? വെളിയം ഭാര്‍ഗവനും ഇ. ചന്ദ്രശേഖരന്‍നായരും ഉള്‍പ്പെട്ട സി.പി.ഐക്കാര്‍ കേരളത്തിലല്ലേ ജീവിക്കുന്നത്‌?

കണ്ണൂരിലെ പറശ്ശിനിക്കടവ്‌ അടുത്തകാലത്തുവരെ വിശാലമായ ഒരു ഭൂപ്രദേശമായിരുന്നു. വളരെക്കാലം അവിടെ എം.വി രാഘവന്‍ നയിക്കുന്ന ഒരു സൊസൈറ്റി നടത്തിപ്പോന്ന പാമ്പുവളര്‍ത്തല്‍ കേന്ദ്രം മാത്രമേയുണ്ടായിരുന്നുള്ളൂ. പിന്നീട്‌ എന്‍ജിനീയറിംഗ്‌ കോളേജ്‌ വന്നു. കണ്ണൂര്‍ യൂണിവേഴ്സിറ്റി കാമ്പസ്‌ വന്നു. അങ്ങനെ പലതും. ഇപ്പോള്‍ മുപ്പത്‌ ഏക്കറില്‍ അവിടെ സി.പി.എമ്മിന്റെ വിസ്മയപാര്‍ക്ക്‌ ഉയര്‍ന്നിരിക്കുന്നു. മുപ്പത്‌ ഏക്കര്‍ എന്നുപറയുന്നതാണ്‌. അളന്നുനോക്കിയാല്‍ അറിയാം അമ്പതാണോ എണ്‍പതാണോ ഏക്കര്‍ എന്ന്‌. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ 'ആ' മന്ത്രിമാരുടെ മക്കള്‍ക്ക്‌ കേരളത്തില്‍ ഭൂമി വ്യാപാരമാണ്‌ മുഖ്യപണി. തരിശുനിലങ്ങളെ പണം വിളയുന്ന നിക്ഷേപ ഉപാധിയാക്കി മാറ്റിയ മന്ത്രി മക്കള്‍ക്ക്‌ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ഒത്താശ ലഭിക്കുമ്പോള്‍ സി.പി.ഐ നേതാക്കള്‍ തകിലും തില്ലാനയുമായി കഴിയുന്നത്‌ കാണാന്‍ രസമുണ്ട്‌.

വനപ്രദേശവും സമതലങ്ങളും തീരഭൂമിയും കൈവശപ്പെടുത്താന്‍ പ്രത്യേക സാമ്പത്തിക മേഖലയെ ഉപാധിയാക്കുന്ന നവ മാര്‍ക്സിസ്റ്റ്‌ തന്ത്രത്തിന്റെ കൊടുംപാറയില്‍ കടിച്ച്‌ അവശേഷിക്കുന്ന പല്ലുകൂടി കളയരുത്‌ സി.പി.ഐ നേതൃത്വം. ഒന്നുമില്ലെങ്കിലും നിങ്ങള്‍ ദേശീയവാദികളാണല്ലോ? അന്താരാഷ്ട്ര പ്രശ്നങ്ങള്‍ പറഞ്ഞ്‌ 'കണ്ണൂര്‍ ലോബി' ഉണ്ടാക്കാന്‍ സി.പി.ഐയ്ക്ക്‌ ആവില്ല. ഭൂമിക്കുവേണ്ടി ഇടതുമുന്നണിയില്‍ നടക്കുന്ന കുരു-പാണ്ഡവപ്പോരില്‍ അന്തിമമായി ആരുജയിക്കുമെന്നറിയാന്‍ കൗതുകത്തോടെ കാത്തിരിക്കാം.

പ്രത്യേക സാമ്പത്തിക മേഖലാ പദവിക്കുവേണ്ടി നിരവധി അപേക്ഷകള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ട്‌. നിക്ഷേപകരെ ആകര്‍ഷിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സെസ്‌ അനുപേക്ഷണീയമാണ്‌. നാട്ടില്‍ സാമ്പത്തികവളര്‍ച്ച ഉണ്ടാകണമെങ്കില്‍ അനുകൂലമായ വ്യവസായ അന്തരീക്ഷം വേണം. സെസ്‌ അത്‌ ഉറപ്പാക്കുന്നു. അതില്‍ കേരളത്തിന്റെ പ്രത്യേക സാഹചര്യം കലര്‍ത്തി വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്താല്‍ ഇവിടെ വ്യവസായമുണ്ടാകില്ല, തൊഴിലുണ്ടാകില്ല. ജനങ്ങളുടെ സാമ്പത്തികദുരിതം മാറുകയുമില്ല. സാമാന്യ ജനങ്ങള്‍ ദരിദ്രരും പട്ടിണിപ്പാവങ്ങളും വിദ്യാവിഹീനരും അരക്ഷിതരുമായി നിലനില്‍ക്കേണ്ടത്‌ കമ്യൂണിസ്റ്റുകാരുടെ ആവശ്യമാണ്‌.പാര്‍ട്ടിക്ക്‌ അണിബലമുണ്ടാകുന്നത്‌ ദാരിദ്ര്യത്തില്‍ നിന്നാണെന്ന്‌ നേതാക്കള്‍ക്കറിയാം. അവരുടെ പിന്നാലെ കൊടിപിടിച്ച്‌ തൊണ്ടകീറി മുദ്രാവാക്യം വിളിച്ചുനടക്കുന്ന പാവങ്ങള്‍ എന്തറിഞ്ഞു? അതുകൊണ്ട്‌ സെസില്‍ വെള്ളം ചേര്‍ത്ത്‌ നമുക്ക്‌ കലക്കിക്കളയാം. നാട്ടില്‍ പാര്‍ട്ടി മാത്രം മതി.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0