Home | മുഖപ്രസംഗം | ഒറീസയിലെ തീക്കളി

ഒറീസയിലെ തീക്കളി

Font size: Decrease font Enlarge font

ഹിന്ദു വര്‍ഗ്ഗീയത ഭീകര താണ്ഡവമാടിയ ഒറീസയിലെ കണ്ഡമാല്‍ പ്രദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ്‌ പാട്ടീല്‍ സന്ദര്‍ശിച്ചു. സമാധാനജീവിതം പുനസ്ഥാപിക്കുന്നതിന്‌ മുന്‍ഗണന നല്‍കേണ്ട ഈ സാഹചര്യത്തില്‍ ആരെയും പേരെടുത്ത്‌ പറഞ്ഞ്‌ കുറ്റപ്പെടുത്തുന്നില്ലെന്ന്‌ കേന്ദ്രമന്ത്രി അറിയിച്ചു.അക്രമകാരികളെ ഭയന്ന്‌ വിവിധ ക്യാമ്പുകളില്‍ അഭയം തേടിയ നാലായിരത്തോളം നിസ്സഹായരായ മനുഷ്യരുടെ സങ്കടങ്ങള്‍ മന്ത്രി ശിവരാജ്‌ പാട്ടീല്‍ കേട്ടു. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്‌ പ്രതിനിധികളായ ജി. കാര്‍ത്തികേയന്‍, കെ.വി. തോമസ്‌ എം.എല്‍.എ. എന്നിവരും ആഭ്യന്തര മന്ത്രിയെ കലാപബാധിത പ്രദേശങ്ങളില്‍ അനുഗമിക്കുന്നുണ്ട്‌.

മുഖ്യമന്ത്രി നവീന്‍ പട്നായിക്‌ പ്രതിപക്ഷ നേതാവ്‌ ജെ.ബി. പട്നായിക്‌, വിവിധ കക്ഷി പ്രതിനിധികള്‍, സമുദായ നേതാക്കള്‍, സംസ്ഥാന ചീഫ്‌ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ പ്രമുഖര്‍ തുടങ്ങിയവരുമായി ആഭ്യന്തരമന്ത്രിയുടെ സംഘത്തിലുള്ളവര്‍ കലാപത്തിന്റെ നാനാവശങ്ങള്‍ ചര്‍ച്ച ചെയ്തു.അതിനിടെ ഒറീസാ സര്‍ക്കാര്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ പരാജയപ്പെട്ടതായി സുപ്രീം കോടതിയില്‍ നിന്ന്‌ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്‌. ഇന്ന്‌ ഉച്ചയ്ക്ക്‌ മുമ്പ്‌ സ്ഥിതിഗതികളെക്കുറിച്ച്‌ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഒറീസ ചീഫ്‌ സെക്രട്ടറിയോട്‌ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്‌. വി.എച്ച്‌.പി. നേതാവ്‌ പ്രവീണ്‍ തൊഗാഡിയ വീണ്ടും ഒറീസയിലേക്ക്‌ നടത്താനിരിക്കുന്ന പര്യടനത്തിന്റെ വിശദാംശങ്ങളും സര്‍ക്കാരിനോട്‌ കോടതി ആവശ്യപ്പെട്ടു. കലാപം നിയന്ത്രണവിധേയമാണെന്ന്‌ ഒറീസ സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക്‌ സ്വന്തം വാസസ്ഥലങ്ങളിലേക്ക്‌ മടങ്ങിപ്പോകാന്‍ കഴിയാത്ത തരത്തില്‍ ഒറീസയിലെങ്ങും ഭീതി നിലനില്‍ക്കുകയാണ്‌.

ക്രമസമാധാനനില പുനസ്ഥാപിക്കാന്‍ കൂടുതല്‍ സേനയെ ഒറീസയിലേക്ക്‌ അയയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌.വിശ്വഹിന്ദു പരിക്ഷത്തും ബജ്‌റംഗ്ദളും ഉള്‍പ്പെട്ട സംഘപരിവാര്‍ സംഘടനകളുടെ ആസൂത്രിതമായ ആക്രമണമാണ്‌ ഏതാനും ദിവസങ്ങളായി ഒറീസയില്‍ നടന്നുവരുന്നത്‌. നൂറ്‌ കണക്കിന്‌ വീടുകളും ക്രിസ്തീയ ദേവാലയങ്ങളും അനാഥാലയങ്ങളും തീയിട്ടു. രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ ഗിരിവര്‍ഗ്ഗക്കാര്‍ വസിക്കുന്ന സംസ്ഥാനമാണ്‌ ഒറീസ. ജനങ്ങളില്‍ 20 ശതമാനത്തോളം പേര്‍ ഗിരിവര്‍ഗ്ഗക്കാരാണ്‌. അവരുടെ ജീവിത ദുരിതങ്ങള്‍ അകറ്റാന്‍ സേവനപ്രവര്‍ത്തനം അനുഷ്ഠിക്കുന്ന ക്രിസ്ത്യന്‍ മതപ്രചാരകരേയും പുരോഹിതരേയും അവിടെ നിന്നും വിരട്ടി ഓടിക്കാന്‍ വിശ്വഹിന്ദു പരിഷത്ത്‌ ആസൂത്രണം ചെയ്തതാണ്‌ ഒറീസാ കലാപം. വിശ്വഹിന്ദു പരിഷത്തുകാരനായ സ്വാമി ലക്ഷമണാനന്ദ സരസ്വതിയുടെ കൊലപാതകത്തെക്കുറിച്ച്‌ നുണപ്രചരണം നടത്തി രാഷ്ട്രീയ മുതലെടുപ്പിന്‌ ഒരുങ്ങുകയായിരുന്നു ഹിന്ദു വര്‍ഗ്ഗീയ സംഘടനകള്‍.

ഗോധ്രാ സംഭവത്തിനുശേഷം ഗുജറാത്തില്‍ മുസ്ലിം ന്യൂനപക്ഷത്തിനെതിരെ നടത്തിയ മനുഷത്വഹീനമായ ആക്രമണപരമ്പരയെ ഓര്‍മ്മിപ്പിക്കുംവിധം ഒറീസയില്‍ ക്രിസ്തീയ ന്യൂനപക്ഷത്തിനെതിരെ തിരിയുകയായിരുന്നു. വീടുകള്‍ക്കും അനാഥാലയങ്ങള്‍ക്കും തീയിട്ട്‌ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഉള്ളവരെ ചുട്ടുകൊന്നു. കന്യാസ്ത്രീമഠങ്ങള്‍ കൊള്ളയടിച്ചു. പ്രാണരക്ഷാര്‍ത്ഥം ഓടിപ്പോയ ആയിരക്കണക്കിന്‌ ആളുകള്‍ കൊടുംകാട്ടില്‍ ഒളിവില്‍ കഴിയുകയാണ്‌. നിരവധിപേര്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലും.
രാഷ്ട്രീയലക്ഷ്യംവച്ച്‌ വര്‍ഗ്ഗീയമായി നടത്തുന്ന ഈ കലാപത്തിന്‌ ഒറീസയിലെ ബി.ജെ.ഡി-ബി.ജെ.പി. സര്‍ക്കാര്‍ താങ്ങും തണലും നല്‍കുന്നതായിട്ടാണ്‌ വാര്‍ത്തകളില്‍ നിന്ന്‌ മനസ്സിലാകുന്നത്‌. അക്രമികളില്‍ നിന്ന്‌ നിരപരാധികളായ ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന്‌ കഴിയുന്നില്ല. നിരാശ്രയരായ ന്യൂനപക്ഷവിഭാഗങ്ങളോട്‌ 'കാട്ടില്‍ കയറി ഒളിച്ചോ' എന്ന്‌ പൊലീസിന്‌ പറയേണ്ടി വന്നു.

ബിജു പട്നായിക്‌ സര്‍ക്കാര്‍ കലാപത്തോട്‌ ക്രൂരമായ നിസംഗത പുലര്‍ത്തുമ്പോള്‍ നരേന്ദ്രമോഡി ഗുജറാത്തില്‍ ആവിഷ്ക്കരിച്ച വംശഹത്യാ സമീപനം പട്നായിക്‌ സര്‍ക്കാര്‍ ഒറീസയില്‍ പകര്‍ത്തുകയാണോ എന്ന്‌ ന്യായമായും സംശയിച്ചവരുണ്ട്‌. ഗുജറാത്തിലെപ്പോലെ സംഘര്‍ഷ പ്രദേശത്ത്‌ എരിതീയില്‍ എണ്ണ ഒഴിയ്ക്കാനെന്നവിധം വി.എച്ച്‌.പി. നേതാവ്‌ പ്രവീണ്‍ തൊഗാഡിയ ഒറീസയിലും എത്തിയിരുന്നു. സ്വാമിയുടെ കൊലപാതകത്തിനുപിന്നില്‍ കമ്യൂണിസ്റ്റ്‌ തീവ്രവാദികളാണെന്ന്‌ വ്യക്തമായിട്ടും അക്രമകാരികള്‍ പ്രതികാരപൂര്‍വ്വം ക്രിസ്തീയ ന്യൂനപക്ഷത്തിനെതിരെയാണ്‌ തിരിഞ്ഞത്‌. സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശ ഇല്ലായിരുന്നുവെങ്കില്‍ നുണപ്രചരണത്തിലൂടെ നിരപരാധികളെ വകവരുത്താനുള്ള ഈ ശ്രമം വിലപ്പോകില്ലായിരുന്നു.

ഏതാനും ദിവസം ഒറീസാ സംസ്ഥാനത്തെ അരക്ഷിതാവസ്ഥയിലേക്ക്‌ വലിച്ചെറിഞ്ഞ പട്നായിക്‌ സര്‍ക്കാരിന്‌ അധികാരത്തില്‍ തുടരാന്‍ യാതൊരു ധാര്‍മിക അവകാശവുമില്ല.
ഭുവനേശ്വര്‍ ആര്‍ച്ച്ബിഷപ്പ്‌ റാഫേല്‍ ചീനാത്ത്‌ നീതി തേടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നു. ഒറീസയിലെ ക്രിസ്തീയ ന്യൂനപക്ഷങ്ങള്‍ക്ക്‌ അവിടുത്തെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന്‌ യാതൊരു സംരക്ഷണവും ലഭിക്കില്ലെന്ന്‌ ഉറപ്പായ സാഹചര്യത്തിലാണ്‌ ആര്‍ച്ച്ബിഷപ്പ്‌ നീതിപീഠത്തിന്റെ കാരുണ്യം തേടിയത്‌.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0