Home | മുഖപ്രസംഗം | ഇരുള്‍ മൂടിയ ഓണക്കാലം

ഇരുള്‍ മൂടിയ ഓണക്കാലം

Font size: Decrease font Enlarge font
image

സംസ്ഥാനത്തെ മന്ത്രിമാര്‍ക്കെല്ലാം വെബ്സൈറ്റ്‌ തയ്യാറാക്കുന്നുപോലും. വലിയ കാര്യമായിപ്പോയി.  അതിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂ. എന്ത്‌ അറിയാനും കേള്‍പ്പിക്കാനുമാണ്‌ ഇവര്‍ ലോകവ്യാപക വാര്‍ത്താവിനിമയ വലയത്തില്‍ പ്രവേശിക്കുന്നത്‌? 28 മാസത്തെ ധൂര്‍ത്തിന്റെയും കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും അപമാനകരമായ വിവരങ്ങള്‍ വെബ്സൈറ്റില്‍ ഉണ്ടാകില്ല. പകരം നുണകളും പൊള്ളയായ അവകാശവാദങ്ങളും നിരക്കുന്ന ആ സൈറ്റ്‌ ആര്‍ക്ക്‌ വേണം?
ഓണം പടിക്കലെത്തി. റംസാന്‍ നോമ്പ്‌ തുടങ്ങി. മലയാളി ഉത്സാഹപൂര്‍വ്വം ആഘോഷിക്കേണ്ട ഓണവും പ്രാര്‍ത്ഥനാനിര്‍ഭരമായി കഴിയേണ്ട വ്രതശുദ്ധിയുടെ നാളുകളും വൈദ്യുതി കമ്മികൊണ്ട്‌ ഇരുട്ടിലാക്കിയ നാണംകെട്ട ഈ സര്‍ക്കാര്‍ ഏതെങ്കിലും ജനകീയ പ്രശ്നത്തിന്‌ പരിഹാരമുണ്ടാക്കിയതായി ഓര്‍ക്കുന്നില്ല.

അവശ്യസാധനങ്ങള്‍ക്കെല്ലാം വിലകൂടിക്കൊണ്ടിരിക്കുന്നു. പൊതുവിതരണ സമ്പ്രദായങ്ങള്‍ നാമാവശേഷമായി. തമിഴ്‌നാട്ടില്‍ ഒരു രൂപാനിരക്കില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക്‌ നല്‍കുന്ന 'ജയ' അരിക്ക്‌ കേരളത്തില്‍ 26 രൂപ! കേരളത്തിലെ വെള്ളമെടുത്ത്‌ തമിഴ്‌നാട്‌ കൃഷിചെയ്തുണ്ടാക്കുന്ന പച്ചക്കറി ഇവിടെ എത്തുമ്പോള്‍ തീവില. മത്സ്യം വാങ്ങാന്‍ മാര്‍ക്കറ്റില്‍ കടക്കാനേ ജനങ്ങള്‍ക്ക്‌ പേടിയാണ്‌. മാംസത്തിന്റെ വില അനിയന്ത്രിതമായി കുതിച്ചുകൊണ്ടിരിക്കുന്നു. തേങ്ങയും ചക്കയും ഒഴികെയുള്ള എല്ലാ ഭക്ഷ്യവസ്തുക്കളിലും മായം കലര്‍ന്നിട്ടുണ്ട്‌. മുട്ടയില്‍ വരെ കേടുവരാതിരിക്കാന്‍ രാസവസ്തു കലര്‍ത്തുന്നു എന്നാണ്‌ കേള്‍വി. കേരളത്തിലെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഈ ഓണം, റംസാന്‍കാലം കടുത്ത ദാരിദ്ര്യത്തിന്റേതാണ്‌.

രണ്ടാംലോകയുദ്ധാനന്തരം അനുഭവപ്പെട്ട പട്ടിണിക്കാലം തിരിച്ചുവരുകയാണോ എന്നുപോലും പഴമക്കാര്‍ ഉത്കണ്ഠപ്പെടുന്നു. ഇതൊക്കെ കണ്ടിട്ട്‌ എന്ത്‌ ചെയ്യണമെന്ന്‌ അറിയാതെയും ആലോചിക്കാതെയും പൊള്ളയായ അവകാശവാദങ്ങളും ഉന്നയിച്ച്‌ തെക്ക്‌ വടക്ക്‌ ഓടുന്ന മന്ത്രിമാര്‍ വെബ്സൈറ്റ്‌ ഉണ്ടാക്കുന്നുപോലും. വിലക്കയറ്റം ആഗോളപ്രതിഭാസമാണെന്നും ദേശീയസര്‍ക്കാരാണ്‌ അതിന്‌ പരിഹാരം കാണേണ്ടതെന്നും പറഞ്ഞ്‌ സ്വന്തം കടമ മറന്ന്‌ കഴിയുന്ന ഈ മന്ത്രിമാര്‍ക്ക്‌ നികുതി കൂട്ടാനും നികുതിപ്പണം നാണമില്ലാതെയെടുത്ത്‌ ധൂര്‍ത്തടിക്കാനുമല്ലാതെ മേറ്റ്ന്തറിയാം?
ജനങ്ങള്‍ക്ക്‌ മര്യാദയ്ക്ക്‌ കുടിവെള്ളം നല്‍കുന്നില്ലെങ്കിലും വെള്ളക്കരം കൂട്ടും എന്നാണ്‌ സര്‍ക്കാരിനെ നയിക്കുന്നവരുടെ ഭീഷണി. വിദ്യാലയങ്ങള്‍ നേരെചൊവ്വേ നടത്താനറിയാത്തവര്‍ ഫീസ്‌ കൂട്ടാന്‍ മറന്നില്ല. വൈദ്യുതിവിതരണം കൂടെക്കൂടെ മുടങ്ങുന്നുണ്ടെങ്കിലും കറണ്ട്‌ ചാര്‍ജ്ജ്‌ വര്‍ദ്ധിപ്പിച്ചു.

ബസ്‌ യാത്രാക്കൂലി കൂട്ടിയതുകൊണ്ട്‌ നാട്ടുകാര്‍ ദൂരയാത്ര ചെയ്യുന്നത്‌ ഇപ്പോള്‍ ട്രെയിനിലാണ്‌. ഒരു ട്രെയിനിലും നിന്നുതിരിയാന്‍ ഇടമില്ല. കഞ്ഞിവയ്ക്കാന്‍ അരി ചോദിക്കുന്ന പാവങ്ങളോട്‌ മുട്ടയും പാലും കഴിക്കാന്‍ പറയുന്ന ഭക്ഷ്യമന്ത്രി. തേന്‍ ഭക്ഷിക്കാന്‍ നിര്‍ദ്ദേശിക്കുന്ന കൃഷിമന്ത്രി. തനിക്കൊരു സ്വപ്നമുണ്ടെന്ന്‌ പറയുന്ന വനം മന്ത്രി. ഭൂമി പിടിക്കാന്‍ നടക്കുന്ന റവന്യൂമന്ത്രി. വെളിയം ഭാര്‍ഗ്ഗവനെവിടുന്നുകിട്ടി ഈ ഏഴാംകൂലികളെ? സ്വപ്നം കാണുന്ന മന്ത്രി സദാ ഉറങ്ങുകയായിരിക്കും. അല്ലെങ്കില്‍ അദ്ദേഹം ആരാ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങോ? ഇവര്‍ക്കൊക്കെ വെബ്സൈറ്റല്ല ആവശ്യം. നല്ല ചാട്ടവാറിന്റെ നാലു പെടയാണ്‌.

മാര്‍ക്സിസ്റ്റുകാര്‍ക്ക്‌ ഏതാനും മന്ത്രിമാരുണ്ട്‌. മാര്‍ക്സിന്റെയും ലെനിന്റെയും ചേട്ടന്മാരാണെന്നാണ്‌ ഭാവം. ഇടതുകീശയില്‍ കയ്യുമിട്ട്‌ ഒരാള്‍ മൈക്കിന്റെ മുമ്പില്‍ നിന്ന്‌ തത്വങ്ങള്‍ വിളമ്പുന്നതു കേട്ടാല്‍ മണ്‍മറഞ്ഞ ധനശാസ്ത്രജ്ഞന്മാര്‍ എഴുന്നേറ്റ്‌ നിന്ന്‌ കൂവും. പൊലീസു ഭരിക്കുന്ന മഹാന്‌ മാര്‍ക്ക്‌ ആന്റണിയുടെ ഭാവമാണിപ്പോള്‍. സി.പി.എം. ഗുണ്ടകള്‍ പൊലീസ്‌ സ്റ്റേഷന്‍ അക്രമിച്ച്‌ പ്രതികളെ പുലര്‍വെട്ടം വീഴും മുമ്പേ ഇറക്കിക്കൊണ്ടുപോകുന്നു. പൊലീസ്‌ സ്റ്റേഷനിലെ ഗ്രില്ല്‌ അടിച്ചുതകര്‍ക്കുന്നു. പാര്‍ട്ടിക്കാരുടെ തല്ലുകിട്ടിയ പാവപ്പെട്ട കോണ്‍സ്റ്റബിള്‍മാരെ സസ്പെന്‍ഡ്‌ ചെയ്യുന്നു. വാദിയെ പ്രതിയാക്കിയശേഷം മന്ത്രിയുടെ ഗീതാപാരായണം പ്രസംഗമായി ഒഴുകിവരുന്നു. അദ്ദേഹത്തിനും വേണം ഉടന്‍തന്നെ ഒരു വെബ്സൈറ്റ്‌.

വാദിയെ പ്രതിയാക്കുന്ന കേരള മാതൃകലോകം അറിയട്ടെ. എന്തിനാ ഇവരെക്കുറിച്ചൊക്കെ പറയുന്നത്‌? ഇ. പി. ജയരാജന്മാര്‍ നേതൃത്വത്തിലേക്ക്‌ വളര്‍ന്നുവന്ന മാതൃക ആര്‍ക്കും മറക്കാനാവില്ലല്ലോ? ശ്രീമതിമാരും ശ്രീമാന്മാരൂം വെബ്‌ സൈറ്റിലൂടെ തിളങ്ങുമ്പോള്‍ തിരുവനന്തപുരം നഗരത്തിലെ 'തീരപഥം' പൈപ്പ്‌ ലൈന്‍ 22 തവണ പൊട്ടിയെന്ന്‌ വാര്‍ത്ത വരുന്നു. ഓട്ടോ-ടാക്സി നിരക്ക്‌ വര്‍ദ്ധിപ്പിച്ച്‌ സാധാരണക്കാരുടെ യാത്രാച്ചെലവ്‌ ഇരട്ടിപ്പിക്കുന്നു. എല്ലാ നിരക്കുകളും കൂടിയതല്ലാതെ രണ്ടര വര്‍ഷത്തിനുള്ളില്‍ ഈ സര്‍ക്കാര്‍ ഏതെങ്കിലും ഒരു നിരക്ക്‌ കുറച്ചിട്ടില്ല. അടിക്കടി കഷ്ടപ്പെടുത്താന്‍ ഇങ്ങനെയൊരു ഗവണ്‍മെന്റ്‌ ഇവിടെ എന്തിനെന്ന്‌ ജനങ്ങള്‍ ചിന്തിക്കുന്നു.

രണ്ടരവര്‍ഷം കൂടി ഈ സര്‍ക്കാരിനെ താങ്ങാനുള്ള ക്ഷമ കേരളത്തിനില്ല. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ നോക്കിക്കാണാനും പരിഹാരം തേടാനും മനസില്ലാത്ത ഭരണാധികാരികള്‍ കേരളത്തെ ഒരു ഓണം കേറാമൂലയാക്കി മാറ്റിക്കഴിഞ്ഞു. സര്‍ക്കാര്‍ ഇവിടെ ഒരു നല്ല കാര്യം ചെയ്തു. ടൂറിസത്തിന്റെ പരസ്യത്തില്‍ നിന്നും പ്രസിദ്ധമായ ആ വാചകം എടുത്തുകളഞ്ഞു. കേരളമിപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാടല്ല. ചെകുത്താന്റെ പ്രിയപ്പെട്ട നാടാണ്‌. അത്രയും ഔചിത്യം കാണിച്ചവര്‍ക്ക്‌ നന്ദി.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0